Saturday, October 10, 2009

മേലോട്ട് കൊഴിയുന്നവര്‍

ഇന്ന് അമ്മമ്മ മരിച്ചു.
പ്രതീക്ഷിച്ചിരുന്നതാണ്.
എങ്കിലും..
ഫോണ്‍ വന്നപ്പോള്‍ കരഞ്ഞതേയില്ല. ബ്രേക്ഫാസ്റ്റിന് മെസ്സില്‍ ചെന്നിരുന്ന് ഇഡലിയെ സ്പൂണ്‍ കൊണ്ട് പതിവിലും ചെറിയ കഷണങ്ങളാക്കി ഒരുപാട് സമയമെടുത്ത് കഴിച്ചു. അടുത്ത് വന്ന് എന്തോ ചോദിച്ചവരോട് പതിവുള്ളപോലെ മറുപടി പറഞ്ഞു. അപ്പോള്‍ അമ്മമ്മയുടെ ശരീരത്തില്‍ നിന്നും ചൂട് മുഴുവനായി ഇറങ്ങികാണും. മരണം നോക്കിയിരുന്നവര്‍ തിരിയിട്ട് കാത്തുവെച്ച വിളക്ക് കൊളുത്തി അമ്മമ്മയുടെ തലയ്ക്കല്‍ വെച്ചുകാണും. ആരെങ്കിലും ഉറക്കെ കരഞ്ഞുകാണുമോ. ഉണ്ടാവില്ല. അവിടെ പ്രതീക്ഷിച്ചിരുന്ന മരണം കഴിഞ്ഞ പ്രാവശ്യത്തെപോലെ വഴിതെറ്റിയില്ലല്ലോ എന്നുള്ള നെടുവീര്‍പ്പുകള്‍ കാണുമായിരിക്കും..

അമ്മമ്മയ്ക്ക് മരിക്കാന്‍ പേടിയായിരുന്നു. എന്നും. “ഞാന്‍ മരിച്ചാ നിങ്ങള്‍ ദഹിപ്പിക്കരുത്, കുഴിച്ചിട്ടാ മതി” വര്‍ഷങ്ങളായി പലരോടും പറഞ്ഞു വെച്ചിട്ടുണ്ട്. ജീവിക്കാന്‍ കാരണങ്ങള്‍ വേണോ? വേണമായിരിക്കും. അമ്മമ്മയുടെ അടുത്ത് പോയികിടക്കുമ്പോള്‍ പറയും., “എനിക്ക് അവന്റെ കുട്ടിയെ കണ്ടിട്ട് വേണം മരിക്കാന്‍.“ “അതെന്തെ, ഏട്ടന്റെ കുട്ടിയെ മാത്രം കണ്ടാല്‍ മതിയോ? എന്റെ കുട്ടിയെ കാണണ്ടെ?“ “കാണായിരുന്നു, അതിന് നീയ്യ് പഠിപ്പെന്ന് പറഞ്ഞ് നടക്കല്ലെ, അതുവരെയൊന്നും ഞാനുണ്ടാവുംന്ന് തോന്നുന്നില്ല”

ഇപ്രാവശ്യം ഓണത്തിന് നാട്ടില്‍ ചെന്നപ്പോള്‍ അമ്മമ്മ ആരേയും തിരിച്ചറിയുന്നുണ്ടായിരുന്നില്
ല. അടുത്തിരുന്ന് കുറേ നേരം സംസാരിച്ചതിന് ശേഷം എനിക്ക് തന്നെ ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചു. ഞാന്‍ അമ്മമ്മയുടെ മനസ്സിലുണ്ടെന്ന് അറിയാന്‍. ഇല്ലയെന്ന ഉത്തരം കേട്ടപ്പോള്‍ സത്യത്തില്‍ ദേഷ്യം വന്നു. എല്ലാത്തിനും മൂളികേട്ട് എന്നെ മനസ്സിലായില്ലെന്നോ. അമ്മമ്മേടെ മോന്റെ മോളാണ് ഞാന്‍. പൊടുന്നനെ ഒരു ചോദ്യം വന്നു. “നിന്റെ കല്യാണം കഴിഞ്ഞോ?” ചോദ്യം കേട്ടപ്പോള്‍ അകത്തുണ്ടായിരുന്ന അമ്മായി ഓടിവന്നു, സന്തോഷത്തോടെ. എനിക്കും മനസ്സ് നിറഞ്ഞിരുന്നു.

ഇപ്പോള്‍ എല്ലാം കഴിഞ്ഞുകാണും. ഇനിയവിടെ കാത്തിരിക്കുന്നത് മരണം സൃഷ്ടിക്കുന്ന ശൂന്യതയായിരിക്കും. ഉണ്ടെന്ന് തോന്നിപ്പിക്കുന്ന, എങ്കില്‍ തീരെയില്ലാതാവുന്ന അമ്മമ്മ.

അമ്മമ്മയെ കുറിച്ച് മുന്‍പും എഴുതിയിട്ടുണ്ട്. സംതിങ്ങിലെ സുഹൃത്തുക്കള്‍ തുടര്‍ന്ന് വായിക്കേണ്ടതില്ല.

അമ്മമ്മ ഒരിക്കലും രാജാറാണി കഥകള്‍ പറഞ്ഞുതന്നിട്ടില്ല. ജീവിതത്തില്‍ നടന്ന ഒരുപാട് കഥകള്‍ പറഞ്ഞുതരും. അമ്മമ്മേടെ അച്ഛന്‍ മരിച്ചപ്പോള്‍ കിലോമീറ്ററുകളോളം നടന്നു പോയ കഥകള്‍. അമ്മമ്മയെ വോട്ട് ചെയ്യാന്‍ കൊണ്ടുപോവാറ് കോണ്‍ഗ്രസ്സിന്റെ ഇലക്ഷനുവരെ നില്‍ക്കുന്ന വല്യച്ഛന്റെ മക്കള്‍. അവരുടെ കൂടെ സെറ്റുമുണ്ടൊക്കെ ഉടുപ്പിച്ച് ചന്ദനക്കുറിയൊക്കെ തൊടുവിച്ച് പറഞ്ഞുവിടും. ചന്ദനക്കുറിയൊക്കെ ഒരുങ്ങാന്‍ കൊച്ചുമകളുടെ contribution. തിരിച്ച് വരുമ്പോള്‍ ആര്‍ക്കാ അമ്മമ്മ വോട്ട് ചെയ്തെ ചോദിച്ചാല്‍ കണ്ണിറുക്കി പതിയെ പറയും “ചോപ്പിനന്നെ, അവര് കൊണ്ടോയിന്ന് വെച്ച് ചോപ്പിന് കുത്താണ്ടിരിക്കാന്‍ പറ്റോ?”

“നീയെന്താ വായിക്കുന്നെ? ഇംഗ്ലീഷ് പേപ്പറാ? അതൊക്കെ വായിച്ചിട്ട് നീയെന്റടുത്ത് ഇംഗ്ലീഷ് പറയാന്‍ വരരുത്ട്ടോ”
“അതെന്താ അമ്മമ്മ അങ്ങനെ പറയുന്നെ. നമുക്ക് പഠിക്കാലോ”
“ഇനീപ്പോ പഠിച്ചിട്ടെന്തിനാ! പോവാന്‍ ഒറ്റ സ്ഥലല്ലേയുള്ളു”
“കാലം പുരോഗമിച്ചില്ലേ, അവിടെ പോവുമ്പോ ദൈവവും ഇംഗ്ലീഷ് പറഞ്ഞാലോ? നമുക്ക് കുറച്ച് കമ്പ്യൂട്ടറും ഇംഗ്ലീഷും ഒക്കെ പഠിച്ചിട്ടു പോവാമെന്നെ..”
“അതിന് പഠിപ്പിക്കാന്‍ അവിടൊരാളുണ്ടല്ലോ! കൊല്ലം നാല്‍പ്പതായി പോയിട്ട്. ഒക്കെ പഠിച്ച് കാണും..” ഞാന്‍ തോറ്റു. അമ്മമ്മ പിന്നെയും ചിരിക്കും.

സ്ക്കൂളില്‍ നിന്ന് ഡിസംബര്‍ വെക്കേഷന് ചെല്ലുമ്പോള്‍ മാവൊക്കെ പൂക്കാന്‍ തുടങ്ങുന്നതെയുണ്ടാവുള്ളു. മൂവ്വാണ്ടന്‍ മാവിന്റെ താഴേയ്ക്ക് നില്‍ക്കുന്ന ചില്ല കാണിച്ചിട്ട് പറയും. “അമ്മമ്മെ അവിടെ ഉണ്ടാവുന്ന മാങ്ങ എനിക്ക് വെച്ചേക്കണെ”. നാലുമാസം കഴിഞ്ഞ് ചെല്ലുമ്പോള്‍ ആ ചില്ലയില്‍ മാങ്ങയുണ്ടാവും. അണ്ണാനും പിള്ളേരും തൊടാന്‍ സമ്മതിക്കാതെ അമ്മമ്മ കാത്തുവെച്ചിട്ടുണ്ടാവും. മോള് വരുമ്പോളേയ്ക്കും വാഴ കുലയ്ക്കോ? കുലച്ചൊന്നു മൂത്തു കിട്ടിയാല്‍ മതി. പിന്നെ പുകച്ച് പഴുപ്പിക്കാലോ. മോള് വന്നിട്ട് കശുവണ്ടിയിടിക്കാം. അങ്ങനെയങ്ങനെ. ‘വെക്കേഷനു വന്നിട്ട് രുദ്ര നന്നായല്ലോ.’ കമന്റ് പറഞ്ഞയാള്‍ പടിയിറങ്ങുമ്പോളേയ്ക്കും അമ്മമ്മ ഉഴിഞ്ഞിടാന്‍ വരും. ‘അസത്തിന്റെ നാവ് ശരിയല്ല, അതങ്ങ്ട് പറയാണ്ടെ പോയാ അവള്‍ക്ക് വല്ല കുഴപ്പവും ഉണ്ടോ!’

ഒരിക്കല്‍ എട്ടന്‍ പുറത്തെവിടെയോ പോയിരിക്കുന്ന സമയം. രാത്രിയായപ്പോള്‍ സിനിമയ്ക്ക് പോവാമെന്നും പക്ഷേ അതിന് ഞാന്‍ പോയി കുറച്ചപ്പുറത്തുള്ള ഓട്ടോ ചേട്ടന്റെ വീട്ടില്‍ പോയി ഓട്ടോ പിടിച്ചുവരണമെന്ന് അച്ഛന്റെ കണ്ടീഷന്‍. പറഞ്ഞ് പറഞ്ഞ് ബെറ്റ് വെച്ചു. ഇടവഴികളും തോടും യക്ഷിയുമൊക്കെയുള്ള നാടാണ്. പോയിവന്നു. പിറ്റേന്ന് രാവിലെയായപ്പോളേയ്ക്കും നാട്ടിലെ PTI പ്രതിനിധി തെളിവെടുപ്പിന് വന്നു, താടിക്ക് കയ്യും കൊടുത്ത് നിന്നു, പെണ്‍ക്കുട്ടിയായിട്ട് ഒമ്പത് മണിക്ക് ഇറങ്ങി നടക്കേ! “അതിന് നെനക്കെന്താ ജാന്വോ? അവള്‍ക്കതിനുള്ള ധൈര്യണ്ട്, പോരാത്തെന് അവള്‍ടച്ഛന്‍ അറിഞ്ഞോണ്ടല്ലെ. പടിക്കെന്നെ ഇറങ്ങി നിക്കണുണ്ടാരുന്നു” അങ്ങനെയങ്ങനെ എന്നെ വഷളാക്കിയ എന്റെ അമ്മമ്മ. അന്നൊക്കെ അമ്മയുമായി വഴക്കടിക്കുമ്പോള്‍ ഇടുന്ന അവസാന നമ്പര്‍ ആണ്, “ആരാ എന്നെ അവിടെ കൊണ്ടാക്കാന്‍ പറഞ്ഞെ? ഇവിടൊന്നും സ്ക്കൂളില്ലാതെയല്ലല്ലൊ അവിടെ കൊണ്ടിട്ടേ. ഓ. മോനും മോളും മതിയല്ലൊ” പിന്നെ ബാക്ഗ്രൌണ്ട് മ്യൂസികാണ്. പീ.. അമ്മമ്മ അടുത്ത് വന്ന് പറയും, “ഞാന്‍ അന്നേ പറഞ്ഞതാ. അങ്ങടൊന്നും പറഞ്ഞുവിടേണ്ടെന്ന്. പക്ഷേ ആരുകേള്‍ക്കാനാ!“ എന്നിട്ട് കരയാനെനിക്കൊരു കമ്പനി തരും.

“അമ്മെ, എനിക്ക് പനിക്കുന്ന പോലെ ഒന്നു നോക്ക്യെ.” അമ്മ കൈ വെച്ച് നോക്കും. “പനി! പൊക്കോ അവിടുന്ന്. ഇവിടെ പണി കിടക്കുമ്പോളാ പെണ്ണിന്റെ കൊഞ്ചല്‍” “ഇങ്ങട് വന്നെ, അമ്മമ്മ നോക്കാം.” കവിളില്‍ തൊടും. ഇവിടെ ചൂട് ഇല്ലാ.. നെറ്റിയില്‍ കുറച്ച്. ഇങ്ങട് കിടന്നോളു. പനിയില്ലെന്ന് അമ്മമ്മയ്ക്കും അറിയാം, നമുക്കും അറിയാം. എന്നാലും അമ്മമ്മേ മടിയുടെ ചൂടുപറ്റി കിടക്കുവാന്‍ ഞങ്ങള്‍ മൂന്നുപേരും മത്സരിക്കുമായിരുന്നു.

“ഇന്ന് വരുമെന്ന് പറഞ്ഞ കാരണം രാവിലെ തൊട്ട് നോക്കിയിരിക്കാന്‍ തുടങ്ങിയതാ” എന്ന് പറഞ്ഞ് അമ്മമ്മ ഓടി വന്ന് കൈപിടിക്കില്ല. “ഞാന്‍ വൈകുന്നേരത്തെ വണ്ടിക്കല്ല്ലെയെത്തു! സത്യം പറ, ആരെ നോക്കിയിരിക്കായിരുന്നു?” എന്ന് പറഞ്ഞ് എനിക്കാരേയും ശുണ്ഠി പിടിപ്പിക്കേണ്ടതില്ല. കുട്ടി ഉറങ്ങിക്കോട്ടെ, അതിന് നിങ്ങള്‍ക്കെന്താന്ന് പറഞ്ഞ് എന്റെ ഭാഗം വാദിക്കാന്‍ അമ്മമ്മ വരില്ല. രാവിലെ തന്നെ “കണ്ടില്ലേ ഉള്ളും പോയി ചെമ്പിച്ചിരിക്കുന്നെന്ന്” എത്ര വേണ്ടെന്ന് പറഞ്ഞാലും ഒരു കുപ്പി വെളിച്ചെണ്ണ കൊണ്ട്വന്ന് മുടിയില്‍ തേച്ചുപിടിപ്പിക്കാനും അമ്മമ്മ വരില്ല. അടുത്ത ജന്മത്തിലും എന്റെ അമ്മമ്മയാവണെ.

Sunday, October 4, 2009

Walk to remember -1

പിന്നെയും കണ്ണുകള്‍ നനയുന്നു

നിനക്ക് ഭ്രാന്തുണ്ടോ?
എന്തെ? കാര്യം പറയു
ആദ്യം ഭ്രാന്തുണ്ടോയെന്ന് പറയു
അല്ല, ആദ്യം കാര്യം പറയു
നീ ബുദ്ധിയുള്ള ഭ്രാന്തന്‍, പോ

കാര്യം ഇപ്പോള്‍ രാത്രി 12 മണി, പുറത്ത് നല്ല മഴ, നടക്കാന്‍ പോകാം?
ഞാന്‍ റെഡി, ഇറങ്ങിക്കോ.
വേണ്ടെടാ, ഞാന്‍ വെറുതെ പറഞ്ഞത്
ഇറങ്ങിക്കോ ഞാനിറങ്ങുന്നു, കുടയെടുക്കരുത്.
ഇല്ല, പക്ഷെ മൊബൈല്‍ നനയും, നിന്റെ പോക്കറ്റിലിടണം

മഴ പെയ്യാന്‍ മടിച്ച് ചിണുങ്ങി നില്‍ക്കുന്നു
പിന്നെ നാണത്തോടെ പതിയെ പതിയെ
ഏറെ പരിചിതമായ വഴികളില്‍, വഴിവിളക്കുകള്‍ക്കടിയിലൂടെ
എന്തോ പറഞ്ഞ് എന്തിനോ ചിരിച്ച്
നടന്ന് നടന്ന്
അറ്റമെത്തിയപ്പോള്‍ തിരിച്ച് നടന്ന്
ഒരു ചൂടുകാപ്പി മൊത്തിക്കുടിച്ച്
തിരിച്ച് റൂമില്‍ കയറി നനഞ്ഞ മുടി വിടര്‍ത്തിയിട്ട്
തലയിണയില്‍ മുഖമമര്‍ത്തികിടന്ന് അതിനെ പിന്നെയും നനച്ച്
ഉറങ്ങാതെ ഉറങ്ങാതെ
ഒരു രാത്രി