“ഐ വാണ്ട് ടു ലൂസ് മൈ വെര്‍ജിനിറ്റി” ഗായത്രി കിടക്കയില്‍ നിന്ന് എണീക്കാതെ പറഞ്ഞു.. സമയം, കാലത്ത് പത്ത് മണിയായിരുന്നു.. ഞായര്‍.. മായ ന്യൂസ്പേപ്പറില്‍ നിന്ന് തലപൊക്കി നോക്കി. " ജനലു തുറന്ന് കിടപ്പുണ്ട്.. എടുത്ത് പുറത്തിട്ടോ” “ഞാന്‍ സീരിയസായിട്ട് പറഞ്ഞതാ..” ഗായത്രി വീണ്ടും.. “നിനക്ക് ഇതിനപ്പുറവും തോന്നും, ഇന്നലത്തെ ആഘോഷം കണ്ടപ്പോളേ ഓര്‍ത്തതാ..” ഗായത്രി എഴുന്നേറ്റിരുന്ന് തലയിണയിലേക്ക് ചാരി.. “എന്റ് 25 വയസ്സ് ആഘോഷിക്കാന്‍ കുറച്ച് വൈന്‍.. എടീ പോത്തേ, അത് ഡിവൈന്‍ ഡ്രിങ്കാ.. അതിനെ നീയല്ലാതെ ആരേലും കള്ളെന്ന് പറയുവോ? “ “പിന്നെയിപ്പോ എന്താണാവോ ഒരു പുതിയ ബോധോദയം?” മായ ഗൌരവത്തോടെ നോക്കി..
“നമ്മുടെ കയ്യില്‍ ഉണ്ടെന്ന് ഉറപ്പുള്ള സാധനം അല്ലേ കളയാ? ഫോര്‍ എക്സാമ്പിള്‍.. എന്റെ മാല.. അതാരേലും പൊട്ടിച്ചുകൊണ്ടുപോയാ മാല പോയേന്ന് പറയാം.. ഇതിപ്പോ എല്ലാരും പറയുന്നു, അതുകൊണ്ട് അങ്ങനൊന്ന് ഉണ്ടെന്ന് നമുക്കും തോന്നുന്നു.. കളഞ്ഞ് നോക്കിയാലല്ലേ ഉണ്ടായിരുന്നെന്ന് അറിയുള്ളു..” ബൈ ഡെഫനിഷന്‍... അതുവരെ മിണ്ടാതിരുന്ന വിനു എന്ന് വിളിപ്പേരുള്ള വിനോദിനി പറയാന്‍ തുടങ്ങി.. “അങ്ങനെ പൊട്ടിപോവുന്നതാണേ അവള് മരംകേറി നടന്നപ്പോ പോയി കാണും” മായ ഇടയില്‍ കയറി..
“നിങ്ങളെന്തെങ്കിലും പറഞ്ഞോ.. ഞാന്‍ സീരിയസായി ആലോചിക്കാന്‍ പോവാ.. ഹൌ ടു ഗായത്രി മുടിയിലൂടെ വിരലോടിച്ച് ആലോചിക്കാന്‍ തുടങ്ങി.. “ആ അങ്കിത് ജെയിന്‍, അവന്‍ പോര.. ജി.സെക് മൂര്‍ത്തി, അവനും അയ്യേ.. ആലോചിച്ചിട്ട് ഒരു യുഎസ് ഡേറ്റിംഗിന് പറ്റിയ ഒരാളെ പോലും കിട്ടണില്ലല്ലോ..” നിനക്ക് പറ്റിയത് ആ പെരേരയാ.. ഒരു സ്വാമി ലുക്കെന്നല്ലേ നീ എപ്പളും പറയാറ്..” വിനു കണ്ണിറുക്കി പറഞ്ഞു.. “എടേ സ്വാമിക്കാരേലും വെര്‍ജിനിറ്റി കൊടുക്കോ.. അയാളെ കണ്ടാല്‍ ഞാനൊന്ന് നമസ്ക്കരിക്കാം..” ഗായത്രി പറഞ്ഞു.. “വേണ്ടെടി. അങ്കിളു ഫോണ്‍ ചെയ്യുമ്പോ ഞാന്‍ പറഞ്ഞോളാം.. പുന്നാരമോള്‍ക്ക് ഇങ്ങനൊരു ആഗ്രഹം തുടങ്ങീന്ന്..” മായ ദേഷ്യത്തോടെ.. “പൊന്നേ ചതിക്കല്ലേ.. ഈ ഒഴിവുദിവസത്തില്‍ നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഞാനൊരു ഡിഫറന്റ് ടോപ്പിക് തന്നതല്ലേ.. തമാശ്.. നീയിങ്ങനെ ചൂടായാലെങ്ങനാ?” ഗായത്രി ഓടിവന്ന് മായയുടെ മടിയില്‍ കിടന്ന് ചിണുങ്ങി..
“നമ്മുടെ അമ്മുക്കുട്ടിയമ്മ എന്താ ഒന്നും മിണ്ടാത്തെ?” വിനു ജനലിലൂടെ പുറത്തേയ്ക്ക് നോക്കിനിന്ന അമ്മുവിന്റെ തോളില്‍ കൈ വെച്ചു.. ഞരങ്ങുന്ന ഓര്‍മ്മകള്‍.. ‘അച്ഛാ എന്തിനാ അവിടെ തൊടുന്നെ?’ അമ്മൂന് സുഖം തോന്നാന്‍, സുഖം തോന്നണില്ലേ? ഹ് മ്മ് വേദനിക്കുന്നു.. സാരല്യ.. ഇപ്പോ മാറുംട്ടോ.. അമ്മൂന് അച്ഛന്‍ പോയിട്ട് വരുമ്പോ ഇനീ കുപ്പായം കൊണ്ടോരും മുട്ടായി കൊണ്ടോരും.. അമ്മയോട് പറയല്ലേട്ടോ.. പറയുവോ? ഇല്യാ.. കൊഴിഞ്ഞുവീണ പൂക്കള്‍.. വര്‍ഷങ്ങളും.. അച്ഛന്‍ ട്രെയില്‍ മുട്ടി മരിച്ചുപോണേന്ന് അമ്മു ഒരിക്കല്‍ പ്രാര്‍ത്ഥിച്ചത് ഉറക്കെയായി പോയി.. അമ്മുവിന്റെ കണ്ണില്‍ നോക്കാതെ അന്ന് രാത്രി മുഴുവന്‍ അമ്മ കരഞ്ഞു.. രാവിലെ അമ്മുവിന്റെ കയ്യും പിടിച്ച് പടിയിറങ്ങി.. താളം തെറ്റിയ മനസ്സുമായി അമ്മ അമ്മുവിനെ എല്ലാവരില്‍ നിന്നും മറച്ചുപിടിച്ചു.. “സുഭദ്രേ നിന്റെ ഉടപ്പിറന്നോനാ പറയണെ.. അവള് ഞങ്ങള്‍ടേം കൂടെ മോളല്ലേ.. ശങ്കരന്റെ തോന്ന്യാസത്തിന് നീ എല്ലാരേം എന്തിനാ വെറുതെ..“ ഒരു ദിവസം സുഭദ്ര ആറ്റില്‍ ചാടി.. അമ്മുവിനേയും കൊണ്ട്.. അമ്മുവിന്റെ കണ്ണില്‍ മണല്‍തരികള്‍.. കണ്ണുതുറന്നപ്പോള്‍ അമ്മ ഇല്ലായിരുന്നു..
അമ്മു ആര്‍ത്തലച്ചുകരഞ്ഞുകൊണ്ട് വിനുവിനെ തോളിലേയ്ക്ക് വീണു.. “ഓര്‍ത്തില്ല.. ഞാന്‍ അവളെ ഓര്‍ത്തില്ല” ഗായത്രി മായയുടെ മടിയില്‍ മുഖമമര്‍ത്തി തേങ്ങി...
Tuesday, January 22, 2008
Subscribe to:
Posts (Atom)