Tuesday, May 6, 2008

കണ്ണാടികള്‍

പതിവുപോലെ ഈഈ വെച്ച് ബ്രഷ് ചെയ്ത് പകുതിയായപ്പോളാണ് കണ്ണ് ശരിക്കും തുറന്ന് കണ്ണാടിയിലേയ്ക്ക് നോക്കിയത്. ഈശ്വരാ, മുഖം എന്റേതല്ലാത്തതുപോലെ. ഒന്നു കഴുകിനോക്കി. എന്നിട്ടും ഛായ തോന്നുന്നില്ല. അടുത്ത വാഷ്ബേസിനരികില്‍ നില്‍ക്കുന്നവളോട് ചോദിക്കാമെന്ന് കരുതി കണ്ണാടിയിലൂടെ തന്നെ ആരാണെന്ന് നോക്കി. യാനാ മരിയ. സ്പഗേറ്റിയും ഷോട്സും ദേശീയവേഷമായി പ്രഖ്യാപിച്ച് മുഖത്ത് സ്ക്രബ് വെച്ച് ഉരപ്പോട് ഉരപ്പാണ് കക്ഷി. അവളുടെ ചെയിനിലിട്ടിരിക്കുന്ന ലോക്കറ്റ് ഇളകുന്നുണ്ടായിരുന്നു. അത് പരുന്ത് തന്നെയല്ലേന്ന് നോക്കണംന്ന് തോന്നി. അവള്‍ കണ്ടാല്‍ എന്തു കരുതും!

ഇന്നലെ ഗായത്രിയ്ക്കൊപ്പം റൂമില്‍ വന്നു. മറിയാമ്മ കുറച്ച് പിശകാണെന്ന് ആരോ പറഞ്ഞപ്പോള്‍ ഛേ, പോടീ ചുമ്മാ ഗോസിപ്പ് പറയാതെയെന്നായിരുന്നു എന്റെ പ്രതികരണം. യാന മരിയ റൂമില്‍ വന്നപ്പോള്‍ പരിചയമില്ലാത്ത, എന്നാല്‍ അലിഞ്ഞുപോവാന്‍ തോന്നുന്ന ഒരു ഗന്ധം അവിടമെല്ലാം നിറഞ്ഞുനിന്നു. "ഞാന്‍ യാനാ, ഡിസൈനിംഗ് ആണ് ഫീല്‍ഡ്." മൂന്നുപേരും കൂടെ കുറേനേരം സംസാരിച്ചിരുന്നു. പോവാന്‍ നേരം പുറകിലൂടെ കെട്ടിപിടിച്ച് അവളെന്റെ കഴുത്തില്‍ ഉമ്മ വെച്ചു. അവള്‍ ഉമ്മ വെക്കുന്നത് വരെ ഒരു കഴുത്തെനിക്കുണ്ടെന്നതിനെ പറ്റി ഞാന്‍ ബോധവതിയല്ലായിരുന്നു. അവിടെ നിന്ന് ഉത്ഭവിക്കുന്ന ഒരു കൂട്ടം നെര്‍വ്വുകള്‍ക്ക് എന്നെ തളര്‍ത്താന്‍ കഴിയുമെന്നും എനിക്കറിയില്ലായിരുന്നു. ഒരു നിമിഷം പകച്ച് നിന്ന് തിരിഞ്ഞുനോക്കുമ്പോളേയ്ക്കും യാന പോയിക്കഴിഞ്ഞിരുന്നു. 5 മിനിറ്റ് നേരത്തെ വിറയലും ഒരു കുപ്പി വെള്ളവും അകത്താക്കികഴിഞ്ഞാണ് ഞാന്‍ നോര്‍മലായതെന്ന് ആത്മസഖിയുടെ ആരോപണം ഇപ്പോളും നിലവിലുണ്ട്. ഉമ്മകള്‍ എനിക്കപരിചിതമല്ല. ബര്‍ത്ഡേപാര്‍ട്ടികള്‍ക്കും ഏകദേശം ഒരാഴ്ചത്തെയെങ്കിലും വിരഹദു:ഖത്തിനുശേഷം കാണുമ്പോളും സ്നേഹം ഉമ്മയുടെ രൂപത്തില്‍ പ്രകടിപ്പിക്കുന്ന കൂട്ടുക്കാര്‍ എനിക്കുണ്ട്. എങ്കിലും ഒരുമ്മയ്ക്ക് ഇത്രയും വേലിയേറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന് മനസ്സിലായത് അന്നാണ്. യാനാ മരിയയുടെ കഥയും വെളുത്ത് നീളമേറെയുള്ള കാലുകളും ഒരുപാടുകാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുമെന്ന് തോന്നുന്നു. യാനാ, നീയെന്റെ മുഖത്തേയ്ക്കൊന്ന് സൂക്ഷിച്ചുനോക്കൂ, എന്ന് പറയാനാഞ്ഞെങ്കിലും വേണ്ടെന്ന് വെച്ചു. അവളുടെ തെന്നിതെന്നിയുള്ള നോട്ടങ്ങളില്‍ ഞാന്‍ ചൂളിപോവാറുണ്ടായിരുന്നു. എന്നിലെ ആത്മവിശ്വാസത്തിന്റെ പാളിച്ചകള്‍ വെളിവാവുന്ന അപൂര്‍വ്വം ചില നിമിഷങ്ങളായിരുന്നു അത്. യാനയുടെ കഥയും എനിക്ക് സ്വവര്‍ഗ്ഗരതിയെ പറ്റിയുണ്ടായ വെളിപാടുകളും ഇപ്പോള്‍ വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നില്ല.അതിലേറെ വലിയ പ്രതിസന്ധിയാണ് എന്റെ മുന്നില്‍..
കണ്ണാടിയില്‍ കാണുന്ന മുഖം എനിക്കപരിചിതമാണ്.