സുദീപ് സിസ്റ്റം ഓഫ് ചെയ്ത് പുറത്തേയ്ക്കിറങ്ങി. “ഹേയ് സുദീപ്, താനെന്നെ കൂടെ ഒന്ന് ഡ്രോപ് ചെയ്യെടോ“ ബേഗില്‍ എന്തൊക്കെയോ വെച്ചുകൊണ്ട് പുറകിലൂടെ ഓടി വന്ന അലീന പറഞ്ഞു. “ഞാന്‍ വേറെ വഴിയ്ക്കാ അലീനാ“ “കുറച്ച് നാളായി ഓഫീസ് ടൈം കഴിഞ്ഞാലുടനെ താനങ്ങ് ഓടുകാണല്ലോ, എന്താ ഒരു പുതിയ പരിപാടി?” അലീന ചോദിച്ചു. “എന്റെ ഒരു ഫ്രണ്ട് ശാന്തി ഹോസ്പിറ്റലിലുണ്ട്”.. “എനിതിംഗ് സീരിയസ്?” അലീനയുടെ ചോദ്യത്തിന് അയാള്‍ ഉത്തരമൊന്നും പറയാതെ നടന്നു. കാറ് വര്‍ക്ക് ഷോപ്പിലാണ്. ഹോസ്പിറ്റലിലേക്ക് അധികം ദൂരമില്ല. എങ്കിലും വൈകിയപോലെ. സുദീപ് നടത്തത്തിന് വേഗത കൂട്ടി.
ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. സുദീപ് ഹോസ്പിറ്റലിന്റെ വരാന്തയിലേയ്ക്ക് ഓടിക്കയറി. ഇടനാഴിയിലേയ്ക്ക് കയറിയപ്പോള്‍ പല മുറികളുടേയും വാതില്‍ പകുതി ചാരിയതേ ഉണ്ടായിരുന്നുള്ളു. തുറന്നുകിടക്കുന്ന വാതിലെന്ന് കരുതി, നോക്കാന്‍ അയാള്‍ക്ക് തോന്നിയില്ല. കോറിഡോറിലൂടെ അറ്റന്‍ഡേര്‍സ് ഒരു സ്ട്രെച്ചര്‍ കൊണ്ടുവരുന്നുണ്ടായിരുന്നു. സുദീപ് വഴികൊടുത്ത് കൊണ്ട് ഒതുങ്ങി നിന്നു. മുഖം മൂടിയ ശരീരം. തേങ്ങികൊണ്ട് ഒരു സ്ത്രീയും അവരുടെ പുറകെ വന്നിരുന്നു. സുദീപ് മുഖം തിരിച്ചുകളഞ്ഞു. നടന്ന് 214നു അരികിലെത്തിയപ്പോള്‍ സുദീപ് നിന്നു. വാതില്‍ ചാരികിടക്കുന്നു. സങ്കടം സുദീപിന്റെ മുഖത്ത് തിങ്ങിനിന്നു.. അവിടമാകെ മരണം പതിയിരിക്കുന്ന പോലെ സുദീപിന് തോന്നി.
****
“ചിത്രഗുപ്താ.. ധര്‍മ്മരാജന്‍ പതിയെ വിളിച്ചു. തിരിച്ച് പോവുകയല്ലേ? ഇനിയാരെങ്കിലും?” “ഉണ്ട് പ്രഭോ. ഒരാളുകൂടെ. ഇവിടെനിന്നു തന്നെ. പക്ഷേ ഏഴുമണിയാവണം, അതുവരെ നമുക്ക് ഇവിടെ നില്‍ക്കാം.” ധര്‍മ്മരാജന്‍ പതിയെ നിശ്വസിച്ചു. “തനിക്കെന്തോ നമ്മോട് പറയാനില്ലേ? മടിക്കെണ്ടെടോ“ “പ്രഭോ, അമരത്വം നമുക്ക് കിട്ടിയ ശാപമല്ലേ? യുഗങ്ങളോളം മനുഷ്യന്റെ കണക്ക് കുറിച്ചെടുക്കുന്ന ചിത്രഗുപ്തന്‍ അതില്‍നിന്ന് ഒരു മോചനമുണ്ടോ? പ്രിയപ്പെട്ടവരുടെ മടിയില്‍ നിന്ന് പാശമെറിഞ്ഞ് ജീവനെടുക്കുന്ന അങ്ങേയ്ക്ക് ഇതില്‍നിന്നൊരു മോചനമുണ്ടോ?" ധര്‍മ്മരാജന്‍ പുഞ്ചിരിച്ചു. “ഇത് നമ്മുടെ നിയോഗമല്ലേ.. ജനനത്തോടൊപ്പം മരണവും സംഭവിക്കേണ്ടതല്ലേ” ചിത്രഗുപ്തന്‍ തിരിഞ്ഞ് മഴ നോക്കിനിന്നു..
****
സുദീപ് വാതില്‍ തുറന്ന് അകത്ത് കയറി. നന്ദ തലയിണ ചാരിവെച്ച് എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. ഒരു ശില പോലെ നന്ദയുടെ അമ്മ കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. “എന്തേ വൈകിയേ?” നന്ദ സുദീപിനോട് ചോദിച്ചു. “വൈകിയതുകാരണം ഇന്ന് കുറച്ച് കഴിഞ്ഞേ പോകുന്നുള്ളു. ഹാപ്പി?” സുദീപ് ചിരിച്ച് കൊണ്ട് നന്ദയുടെ അടുത്തിരുന്നു. ക്ഷീണിച്ച മുഖം. “ഇന്ന് എങ്ങനെയുണ്ട്?” സുദി ചോദിച്ചു. “സുദിയോട് ഞാനൊരു കാര്യം ചോദിക്കട്ടെ?” “എന്തേ രാജകുമാരിക്ക് പതിവില്ലാതെ ഒരു മുഖവുര? “എന്നെ കുടജാദ്രിയില്‍ കൊണ്ടുപോവുമോ? “ സുദീപ് പെട്ടെന്ന് വല്ലാതായി.
ഒരിക്കല്‍ നന്ദ ഈ ചോദ്യം ചോദിച്ചിരുന്നതാണ്. അന്ന് ചോദ്യം ഇതുതന്നെയെന്ന് ഉറപ്പുവരുത്തി ഇല്ലയെന്ന് പറഞ്ഞു. “നിങ്ങളൊക്കെ ഒന്ന് വിശാലമായി ചിന്തിക്കാത്തതെന്താ? ഞാനിപ്പം സുദീടെ കൂടെ അവിടെവരെ പോയെന്ന് വെച്ച് എന്താ ഒരു കുഴപ്പം?“ “അതിന് നമ്മള്‍ ജീവിക്കുന്നതൊരു സൊസൈറ്റിയിലല്ലേ? കാമുകനല്ല, “ഒരിക്കലുമല്ല” നന്ദ. “ബന്ധുവല്ല,“ സുദീപ്. “അതിപ്പോ നമ്മളുടെ കുറ്റമാണോ?“ വെറുമൊരു സുഹൃത്ത് “വെറുമല്ല, എന്റെ പുന്നാര ഫ്രണ്ട്, എന്നാലും വെറുതെ ഒരു സ്റ്റൈലിന് പറഞ്ഞൂടെ? കൊണ്ടുപോകാമെന്ന്” നന്ദ പറഞ്ഞു. “യോ ഞാനില്ലേ. എങ്ങാനും ഞാന്‍ അങ്ങനെ പറഞ്ഞുപോയാ അപ്പോ നീ അടുത്ത ട്രെയിന്‍ പിടിച്ച് ഇങ്ങെത്തും. എന്നെകൊണ്ടു പോവുകയും ചെയ്യും, നിനക്കോ ബോധമില്ല. എനിക്കങ്ങനെയാവാന്‍ പറ്റോ” സുദീപ് പറഞ്ഞു നിര്‍ത്തി. നന്ദ കിലുക്കാം പെട്ടി പോലെ ചിരിച്ചു.
സുദീപിന് ആ ചിരി ഒന്നുകൂടെ കേള്‍ക്കാന്‍ തോന്നി. പറഞ്ഞാല്‍ നന്ദ ചിരിക്കും. പക്ഷേ ആ ക്ഷീണിച്ച മുഖം കണ്ട് അത് പറയാന്‍ അയാള്‍ക്ക് തോന്നിയില്ല.
“മോന് അവളെയൊന്ന് കൊണ്ടുപോകാന്‍ പറ്റുമോ?” അതുവരെ മിണ്ടാതിരുന്ന നന്ദയുടെ അമ്മ ചോദിച്ചു. “കൊണ്ടുപോകാം, ഞാന്‍ ഡോക്ടറോട് ചോദിച്ചുനോക്കട്ടെ” . രക്ഷപ്പെടാനുള്ള ചാന്‍സ് തീരെയില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാലും ചോദിച്ചുനോക്കണം. സുദീപ് തീരുമാനിച്ചുറപ്പിച്ചു. “സുദീ, ഞാന്‍ വെറുതെ പറഞ്ഞതാ. എനിക്കാ കുന്നുകള്‍ ഓടികയറണമായിരുന്നു. അവിടെയിരുന്ന് സുദിയുടെ പാട്ടുകള്‍ കേള്‍ക്കണമായിരുന്നു. ഗിരിയ്ക്കും എനിക്കും ഒരു പന്ത്രണ്ട് മക്കളുണ്ടാവാന്‍ പ്രാര്‍ത്ഥിക്കണമായിരുന്നു” നന്ദ വീണ്ടും കുറച്ച് നേരത്തേയ്ക്ക് പഴയ വായാടിയായി, ചിരിക്കാന്‍ തുടങ്ങി. സുദീപ് എന്നത്തേയും പോലെ വാചകങ്ങള്‍ക്ക് വേണ്ടി പരതിനിന്നു..
അപ്പോഴാണ് ഡസ്റ്റ്ബിന്നിനരികില്‍ ചുരുട്ടികൂട്ടിയിട്ടിരിക്കുന്ന സ്വര്‍ണ്ണനിറമുള്ള ഒരു കടലാസ് സുദീപിന്റെ ശ്രദ്ധയില്‍ പെട്ടത്. അയാളതെടുത്തു നിവര്‍ത്തി നോക്കി. “നോക്കണ്ട, ഗിരിയുടെ വെഡ്ഡിംഗ് ഇന്‍വിറ്റേഷനാണ്. തലയിണക്കടിയില്‍ അതുവെച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള വിശാലമനസ്സൊന്നും എനിക്കു തോന്നിയില്ല.” നന്ദ ചെറുതായി കിതച്ചുതുടങ്ങിയിരുന്നു. “അധികം സംസാരിക്കണ്ട, പിന്നെ നമ്മുടെ അലീനയില്ലെ അവളെന്നെ ഫോളോ അപ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.“ സുദീപ് വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞുതുടങ്ങി. “ആഹാ. അലീന. പക്ഷേ ഒരു കുഴപ്പമുണ്ട്. സുദിയ്ക് എഞ്ചിനീയറിംഗ് ഫാമിലി ആയി പോവും, എന്നെ പോലെ ഒരു കിറുക്കുപെണ്ണിനെ കണ്ടുപിടിക്കു.” നന്ദ പറഞ്ഞു. “അയ്യോ വേണ്ടായേ.. എന്നിട്ടു വേണം ഉള്ള പ്രാന്തിന്റെ ഇടയ്ക്ക് അപസ്മാരം കൂടി വരാന്‍ “ നന്ദ പൊട്ടിചിരിച്ചു. അമ്മയും സുദീപും കൂടെ ചിരിച്ചു. നന്ദയ്ക്ക് ചുമ വരുന്നുണ്ടായിരുന്നു..
****
“നന്ദ, 26 വയസ്സ് 4 മാസം 3 ദിവസം, സമയം തീരുന്നു പ്രഭോ“ ചിത്രഗുപ്തന്‍ പറഞ്ഞു. ധര്‍മ്മരാജനും ചിത്രഗുപ്തനും അകത്തേയ്ക്ക് നടന്നു. നന്ദയ്ക്ക് അവരെ കാണാമായിരുന്നു. “എന്തേ എന്നോടിങ്ങനെ?” “മുന്‍ ജന്മ പാപം വേണ്ടുവോളം ഉണ്ട് കുട്ടി” ചിത്രഗുപ്തന്‍ പറഞ്ഞു. സുദീപ് പെട്ടെന്ന് ഡോക്ടറുടെ റൂമിലേയ്ക്ക് ഫോണ്‍ ചെയ്തു. “ഈ ജന്മം കൊണ്ട് അതൊക്കെ തീര്‍ന്നോ?” നന്ദ വീണ്ടും. “തീര്‍ന്നിരിക്കുന്നു” ചിത്രഗുപ്തന്‍ പിന്നെയും. “എനിക്കൊരു ജന്മം കൂടി തരുമോ?” “ഞങ്ങളുടെ നിയോഗം ജീവനെടുക്കലാണ് കുഞ്ഞേ” ധര്‍മ്മരാജന്‍ പറഞ്ഞു. “എടുത്തോളു. ഈ ശരീരത്തില്‍ നിന്ന് പ്രാണനെടുക്കാന്‍ അങ്ങേയ്ക്കൊരു പാശം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല” നന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു.
തനിക്കും സുദീപിനും ഇടയില്‍ മൂടല്‍മഞ്ഞുപോലെ എന്തോ നിറയുന്നത് നന്ദയറിഞ്ഞു. അമ്മയുടെ വിളി കേട്ടു. സുദീപിന്റെ കൈകള്‍ തലയില്‍ ഒഴുകുന്നതറിഞ്ഞു. മുറിയില്‍ വെള്ളയുടുപ്പിട്ട ആളുകള്‍ നിറയുന്നതറിഞ്ഞു. നന്ദ യാത്രയായി..
നന്ദയുടെ സ്വപ്നങ്ങള്‍ക്ക് സുദീപ് കൂട്ടിരുന്നു.
****
“പ്രഭോ നമുക്ക് കുടജാദ്രിയില്‍ പോകാം?” ചിത്രഗുപ്തന്‍ ചോദിച്ചു.,
****
Wednesday, April 16, 2008
Subscribe to:
Posts (Atom)