Thursday, July 17, 2008

കറുത്ത സ്വപ്നങ്ങള്‍

"എന്നിട്ട്?" മുഖത്തേയ്ക്ക് വലിച്ചിട്ട ദുപ്പട്ടയുടെ നേരിയ സുതാര്യതയിലൂടെ ആകാശം നോക്കികിടന്നു കൊണ്ടവള്‍ ചോദിച്ചു. അവളുടെ കണ്ണുകളില്‍ മേഘങ്ങള്‍ എവിടേയ്ക്കോ മാഞ്ഞുകൊണ്ടിരുന്നു. "എന്നിട്ടെന്താ! മുകളില്‍ കൂടെ ഗ്രിത്സ് ഇട്ടപ്പോള്‍ വീടൊരു പട്ടിക്കൂട് പോലെയായി. എഞ്ചിനീയര്‍ അന്ന് പ്ലാന്‍ കൊണ്ടുവന്നപ്പോള്‍ പ്രതീക്ഷിച്ചത് വേറൊന്ന്, അവസാനം ഒരു കോണ്‍ക്രീറ്റ്കോട്ടയായി" പെന്‍സില്‍ കടിച്ച് പിടിച്ചുകൊണ്ട് വരച്ചുവെക്കുന്നതിലെന്തോ ശ്രദ്ധയോടെ മായ്ക്കാന്‍ തുടങ്ങി അയാള്‍. "ഇനി താന്‍ പറയൂ". അവള്‍ കണ്ണുകളടച്ചു.

അകലെ നിന്നേ കാണുന്ന ഇളം ചുവപ്പുനിറത്തിലുള്ള തൂണ്.. ഇരുവശങ്ങളിലും പായല്‍ പിടിച്ച് കല്പടവുകള്‍.. ആദ്യം നടക്കുന്നത് കിണറിനരികിലേക്ക്.. കിണറ്റിലേക്ക് ബക്കറ്റിടുന്ന ശബ്ദം കേട്ടപ്പോള്‍ ആരോ പറയുന്നു. "അകത്ത് കേറിവന്ന് വെള്ളം കുടിച്ചൂടെ നെനക്ക്? നട്ടുച്ചയ്ക്ക് കിണറ്റുങ്കരെ പോയി നിക്കണോ?" തണുത്തവെള്ളം കോരിക്കുടിച്ച്, മുഖം കഴുകി, വീട്ടിലേയ്ക്ക്.. ഊണ് കഴിഞ്ഞ് തണുപ്പ് ഉള്ളിലേക്കെടുക്കാന്‍ തറയില്‍ മുഖമമര്‍ത്തി., പിന്നീടെപ്പൊളോ ആരോടോ പിണങ്ങി കോണിപ്പടിക്കടിയില്‍. അവിടത്തെ ഇരുട്ടിലിരുന്ന് തനിയെ സംസാരിച്ചു, ആരോടോ പരാതികള്‍ പറഞ്ഞു. പകുതിയിരിട്ടുള്ള മൂലകള്‍.. ആകാശം നോക്കി കിടക്കുന്ന പരുപരുത്ത ടെറസ്സ്.. കയ്യെത്തിപിടിച്ചാല്‍ കിട്ടുന്ന മാങ്ങകളുമായി നിഴല്‍ വിരിച്ചുനില്‍ക്കുന്ന മാവ്.. മഴപെയ്യുമ്പോള്‍ പകുതിയും നനഞ്ഞ് പോവുന്ന ഉമ്മറം..

"അതായിരുന്നു എന്റെ വീട്. എങ്ങനുണ്ട്?" അവള്‍ അയാളോട് ചോദിച്ചു. "ബെസ്റ്റ്! സ്റ്റെപ്പും കിണറും തറയും ഒളിച്ചിരിക്കാന്‍ കോര്‍ണറും" അവള്‍ ഉറക്കെ ചിരിച്ചു. ദുപ്പട്ട അവളുടെ മുഖത്ത് നിന്ന് തെന്നിമാറി. അയാള്‍ക്ക് എന്തോ ചിരിക്കാന്‍ തോന്നിയില്ല. "ഇത് നോക്കു. കംപ്ലീറ്റായിട്ടില്ല. തന്റെ റൂം ഇതാ ഇവിടെ. തനിക്ക് ഡിസൈന്‍ ചെയ്യാം. circular ആയിട്ടോ triangular ആയിട്ടോ എങ്ങനെ വേണമെങ്കിലും" അയാള്‍ പറഞ്ഞു.

"നീ ചെയ്തോളു" അവള്‍ പറഞ്ഞു. വീണ്ടും അവള്‍ ദുപ്പട്ട മുഖത്തേയ്ക്കു വലിച്ചിട്ടു. ആകാശത്തിനപ്പോള്‍ നേരിയ സ്വര്‍ണ്ണ നിറമായിരുന്നു. "എന്റെ മുറിയ്ക്ക് മേല്‍ക്കൂരകള്‍ വേണ്ട, മഴയില്‍ കുതിര്‍ന്നു പോവുന്ന പൊരിവെയിലില്‍ പൊള്ളിപോവുന്ന ഒരു മുറി." "ബുള്‍ഷിറ്റ്. " അയാള്‍ എഴുന്നേറ്റ് തെരുവിലേയ്ക്ക് നോക്കിനിന്നു. ആ തെരുവിനപ്പുറം മുഷിഞ്ഞ വേഷങ്ങളായിരുന്നു. "contrasting harmony" എന്നായിരുന്നു അവര്‍ ആ ഫ്ലാറ്റില്‍ താമസമാക്കിയപ്പോള്‍ തെരുവിനെ നോക്കി അവള്‍ പറഞ്ഞത്. ആഞ്ഞുവീശിയ ഒരു കാറ്റില്‍ അവളുടെ മുഖത്ത് നിന്ന് ദുപ്പട്ട പറന്നു പോയി. മേല്‍ക്കൂരയില്ലാത്ത മുറിയില്‍ നിന്നും പറന്നുപോകുന്ന സ്വപ്നങ്ങളെയും ചിന്തകളേയും കുറിച്ചാലോചിച്ച് അവള്‍ മറയില്ലാതെ ആകാശത്തേയ്ക്ക് നോക്കികിടന്നു. ആകാശത്ത് നിന്ന് പറന്നിറങ്ങിയ, വെള്ളയില്‍ നീലപൂക്കളുള്ള ആ ദുപ്പട്ട അതിശയത്തോടെ കൂട്ടിപിടിച്ച് തെരുവിലൂടെ ഒരു കൊച്ചുപെണ്‍ക്കുട്ടി മേല്‍ക്കൂരകളില്ലാത്ത വീട്ടിലേയ്ക്ക് നടന്നുപോയി.ഭ്രാന്തന്‍ സ്വപ്നങ്ങളും കറുത്ത യാഥാര്‍ത്ഥ്യങ്ങളും പിരിഞ്ഞ് കിടക്കുന്ന ആ വഴിയിലേയ്ക്ക് നോക്കി ഒന്ന് നിശ്വസിച്ച് അയാളൊരു സിഗറിന് തീ കൊളുത്തി.