Monday, April 14, 2008

കണിവിശേഷം

കുട്ടിക്കാലത്ത് (വയസ്സ്: സിംഗിള്‍ ഡിജിറ്റ്) വിഷൂന് മാതാശ്രീ കണിയൊരുക്കാനൊന്നും മെനക്കെടില്ലായിരുന്നു. അമ്മയല്ല, അവിടത്തെ സ്ത്രീജനങ്ങളൊന്നും തന്നെ കണിയൊരുക്കില്ലായിരുന്നു. കാരണം പോക്കറ്റ്മണി ആവശ്യമുള്ള ചെറുപ്പക്കാര്‍+പയ്യന്‍സ് ഉരുളിയൊക്കെ ചുമന്ന് വന്ന് ഉമ്മറത്ത് കണിയൊരുക്കി മറഞ്ഞിരുന്ന് ഓടക്കുഴല്‍ വിളിക്കാന്‍ തുടങ്ങും. ഓടക്കുഴല്‍ വിളിയില്‍ ഉണരാത്തവരെ കോളിംഗ് ബെല്ലടിച്ചും പിന്നെയും ഉണരാത്തവരെ മുറ്റത്ത് പടക്കം പൊട്ടിച്ചും ഉണര്‍ത്തും. പണ്ട് ചാവക്കാട് കടപ്പുറത്ത് പോയി കപ്പലണ്ടി കൊറിച്ച് മലര്‍ന്നുകിടക്കാനുള്ള കാശൊപ്പിച്ചിരുന്നെങ്കില്‍ ഇന്ന് boozing വരെ ആയെന്ന് തോന്നുന്നു. എക്സലന്റ് കണിയായിരുന്നു അത്(കണി നന്നായില്ലെങ്കില്‍ ആള്‍ക്കാരുടെന്ന് തല്ലുകൊള്ളും)
പിന്നെ കൈനീട്ടം, പുതിയ ഉടുപ്പ്, പിന്നെ സദ്യ..

വയസ്സ് ടൂ ഡിജിറ്റ്സില്‍ എത്തുമ്പോളേക്കും അങ്ങു ഹോസ്റ്റലില്‍ ആയി (ഹോസ്റ്റല്‍ നമ്പര്‍ 1). പ്രിന്‍സിപ്പാള്‍ ഒരു പട്ടര്. മെസ്സിലോ മള്‍ട്ടിപര്‍പസ് ഹാളിലോ കണിയൊരുക്കി ആദ്യം ടീച്ചേര്‍സ്, പിന്നെ സീനിയോറിറ്റി പ്രകാരം പിള്ളേര്‍സിനെ വിളിച്ചുണര്‍ത്തി കണ്ണൊക്കെ പൊത്തി കൊണ്ടുപോയി കണി കാണിക്കും. കണികണ്ടാല്‍ അടുത്ത ബാച്ചിനെ കണി കാണിക്കേണ്ട ഡ്യൂട്ടിയും കിട്ടും. പിന്നെ അടുത്തുള്ള അമ്പലത്തിലേയ്ക്ക്. ക്യൂ ആയിട്ട്, ഇന്‍ ത്രീസ്. കന്നുകാലികളെ തെളിച്ചുകൊണ്ടുപോകുന്ന പോലെ ടീച്ചേര്‍സും കാണും. ഇടയ്ക്കിടെ വണ്‍, ടൂ, ത്രീ-ന്നൊക്കെ വിളിച്ചുപറയണം. ഇടയ്ക്ക് വല്ല ബോളും കോമ്പൌണ്ടിന് അപ്പുറമിട്ട് എടുക്കാന്‍ പോവുന്നതല്ലാതെ പുറത്തിറങ്ങാന്‍ പെണ്‍ക്കുട്ടികള്‍ക്ക് കിട്ടുന്ന റെയര്‍ ചാന്‍സായ കാരണം എല്ലാവരും (ജാതിമതഭേദമന്യേ) ഇറങ്ങിപുറപ്പെടും..

പിന്നേയും വീട്ടില്‍. ഉറക്കപ്പിച്ചില്‍ എണീറ്റുവരുന്നത് നാട്ടിലെ ‘ അറിയപ്പെടുന്ന’ ചേട്ടന്‍സ് & പയ്യന്‍സിന്റെ മുന്നിലേക്കാണല്ലോന്നുള്ള ‘ബോധം‘ കണി വരുമ്പൊ എന്നെ വിളിക്കണ്ടന്നുള്ള കമാന്റില്‍ ചെന്നുനിന്നു. ‘നിന്റെയിഷ്ടം’ പോളിസി ആയകാരണം അതും നടപ്പിലായി.

ഹോസ്റ്റല്‍ 3-യിലെ 219 ലേയ്ക്ക് പിന്നേയും. അവിടേം കണി പ്രധാനം. കൂടെയുള്ളവരെ മീശ പിരിച്ചുകയറ്റി മുണ്ട് മടക്കികുത്തി വിളിച്ചുപോയേക്കരുതെന്ന് ഭീഷണിപ്പെടുത്തി സുഖമായുറങ്ങി. പുലര്‍ച്ചെ കണ്ണില്‍ വളരെ ശക്തമായ കൈകള്‍ അമരുന്നു. കൂടെയുള്ളവര്‍ ഒറ്റികൊടുത്ത് ലൈഫ്സയന്‍സിലെ ഗുണ്ടാസ് കണികാണാന്‍ കൊണ്ടുപോവാണ്. എണീറ്റ് നടന്നില്ലേ ഫിസിയോലെ പട്ടാളക്കാരന്റെ മോള് തൂക്കിയെടുത്തോണ്ട് പോയാല്‍ നാണക്കേടാവുമല്ലോന്ന് ഓര്‍ത്ത് രണ്ട് വര്‍ഷവും മാന്യമായി കണി കണ്ടു. ഉറ്റസുഹൃത്തുക്കളാ.. പറഞ്ഞിട്ടെന്താ കാര്യം :(

പിന്നെയിവിടെ. ഹോസ്റ്റല്‍ 5. കഴിഞ്ഞകൊല്ലം വരെ കണികാണിച്ചിരുന്ന സുഹൃത്ത് പോയകാരണം ആദ്യമായി തനിയെ കണി കണ്ടു. ഒരു ചേഞ്ചായിക്കോട്ടേന്ന് കരുതി കൃത്യമായി കൃഷ്ണന്റെ കുഞ്ഞുഫോട്ടോയും വെച്ച് കണികണ്ടു. കണ്ണു തുറക്കുന്നതിന് മുന്‍പ് തന്നെ ഇന്ന് വിഷുവാണ് കണ്ണുതുറക്കല്ലെന്ന് ഓര്‍ത്ത്. ലൈറ്റര്‍ തപ്പിയെടുത്ത് വിളക്ക് കത്തിച്ച്..