Friday, February 20, 2009

നമ്മളറിയുന്നതെങ്ങനെ?

കഴിഞ്ഞ ജന്മത്തില്‍ നീയൊരു മുക്കുറ്റി, ഞാന്‍ കാക്കപ്പൊന്ന്
പൊരിവെയിലത്തേക്കെങ്കിലും നിന്നെയിറുത്തെടുത്താരോ പോയി.
ഞാന്‍ പിന്നെയും അവിടെയുണ്ടായിരുന്നു. [വിധി!]

ഈ ജന്മത്തില്‍ നീ, ഞാന്‍ രുദ്ര..
പക്ഷെ നിനക്കും എനിക്കും അനുവദിക്കപ്പെട്ട വൃത്തങ്ങള്‍ കൂട്ടിമുട്ടുന്നതേയില്ല
നമുക്കറിയാതെ പോവാം [ഹഹഹ, ഭാഗ്യം]

അടുത്ത ജന്മത്തില്‍ നീ wall-E* ഞാന്‍ Eve
നീയെന്നെ തേടി വരിക
അല്ലെങ്കില്‍ വേണ്ട, മറിച്ചാവട്ടെ.
ഞാന്‍ നിന്നെ തേടി വരാം. [അയ്യോ..]
99% impurity യുമായി..

* Robots-n-luv

Sunday, February 15, 2009

ആമ

എവിടെയാണ്? ജീവിച്ചിരുപ്പുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ വല്ലപ്പോഴും ഇന്‍ബോക്സില്‍ കാണുമ്പോളാണ് എനിക്ക് ഒരു ബ്ലോഗുണ്ടെന്നും ജീവിച്ചിരിക്കുന്നതിന്റെ തെളിവ് അവിടെയും അവശേഷിപ്പിക്കണമെന്ന തോന്നലുണ്ടാവുന്നത്. ഇപ്പോഴായി, എന്റെ ഉള്ളിലേയ്ക്ക് ഒതുങ്ങുമ്പോള്‍ മുമ്പെന്നുമില്ലാത്ത ഒരു സന്തോഷം. മനപ്പൂര്‍വമല്ലാതെ ദിവസങ്ങള്‍ക്ക് ഒരു ഓര്‍ഡര്‍, ആലോചിക്കുമ്പോള്‍ അത്ഭുതം. വലിച്ചുവാരിയിടാറുള്ള പുസ്തകങ്ങളും സി.ഡി-കളും അലമാരയില്‍ നിന്ന് തള്ളിനില്‍ക്കുന്ന വസ്ത്രങ്ങളും ദിവസങ്ങള്‍ക്ക് മുന്‍പ് പകുതി കടിച്ചുവെച്ച ആപ്പിളും ഒക്കെയായി ആഘോഷിച്ചുപോന്ന ദിവസങ്ങള്‍ കൈമോശം വന്ന പോലെ. ഇപ്പോള്‍ പുസ്തകങ്ങള്‍ക്കും മറ്റുസാധനങ്ങള്‍ക്കും എന്തിന് എനിക്കുവരെ ഈ മുറിയില്‍ സ്ഥാനം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. പുറത്തിപോയിവന്ന് മുഖം കഴുകുമ്പോളത്തെ ഗാര്‍ണിയറിന്റെ ഗന്ധത്തില്‍ മുഖമൂടിയഴിയുന്നതിന്റെ സുഖം. അഴിച്ചിട്ട മുടി തറയില്‍ ചിതറി ഏതോ പാട്ടുകേട്ട് കിടന്ന് സമയം കളയുമ്പോള്‍ വാക്കുകള്‍ കീബോഡിലൂടെ തള്ളിവിടുന്നതിന്റെ ആയാസമില്ല. ഇടയ്ക്ക് മുറിയില്‍ കയറിവരുന്ന സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവെക്കുമ്പോള്‍ നിങ്ങളോട് പറയാന്‍ കഥകളുമില്ല. സമയത്തിന്റെ താളത്തിനൊപ്പം ശ്വാസം വിടുമ്പോള്‍ ‘തേല്‍ കീ ധാരാ ജൈസെ’ എന്ന യോഗാധ്യാപികയുടെ വാക്കുകള്‍. ഒന്നൊഴിയാതെ എല്ലാ ആസനങ്ങള്‍ക്കും ശേഷം തളര്‍ന്നുകിടക്കുമ്പോളെന്റെ മനസ്സില്‍ നീയും നിങ്ങളും വരാറില്ല.

പഴയപുസ്തകങ്ങള്‍ പൊടിതുടച്ച് ഒതുക്കിവെക്കുന്നതിനിടയിലാണ് “ All that is fragile, is held by strength" എന്ന പരസ്യവാചകമുള്ള, ഏട്ടന്റെ ബിസിനസ് വേള്‍ഡില്‍ നിന്ന് വെട്ടിയെടുത്ത ഒരു ചിത്രം കണ്ണില്‍ പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റൂംമേറ്റിനോട് തല്ലുപിടിച്ച് ചുവരില്‍ ഒട്ടിച്ചുവച്ച ചിത്രം. ആ റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങിയപ്പോള്‍ ഇളക്കിയെടുത്ത ഒരേയൊരെണ്ണം. അതിനോട് അന്നുണ്ടായിരുന്ന അതേ സ്നേഹം ഇപ്പോളും. അതാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ ഞാനൊട്ടിച്ചുവെക്കുന്ന ആദ്യത്തെ ചിത്രം. വര്‍ഷങ്ങള്‍ എന്നെ മാറ്റിയെടുത്തെന്ന് അഹങ്കാരത്തോടെ, ചിലപ്പോള്‍ ദു:ഖത്തോടെ കരുതാറുണ്ട്. ആ ചിത്രത്തിലെ മുഖം വര്‍ഷങ്ങള്‍ നേരിയമാറ്റം പോലും എന്നില്‍ വരുത്തിയില്ലെന്ന് പുഞ്ചിരിയോടെ ഓര്‍മ്മിപ്പിക്കുന്നു.

സമയത്തിനൊപ്പം ചെയ്തുതീര്‍ക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍. എല്ലാം കഴിഞ്ഞുറങ്ങാനൊരുങ്ങുമ്പോള്‍ ‘One more fine day' എന്ന് ന്യൂ ഇയറിന് സുഹൃത്ത് സമ്മാനിച്ച ഡയറിയില്‍ കുറിച്ചിടുന്നു. ഒപ്പം മനസ്സില്‍ കുരുങ്ങിനിന്ന എന്തെങ്കിലും. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഡയറിയെഴുതുന്നത്. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഇന്‍സ്പെക്ഷനു വരുന്ന ടീച്ചേര്‍സ് കാണാതെ ഒളിപ്പിച്ചുവെച്ചിരുന്ന ഡയറിയില്‍ മറ്റാര്‍ക്കും കാണിക്കാന്‍ തോന്നാത്ത എന്തൊക്കെയോ ഉണ്ടായിരുന്നു. ഇന്ന് അതില്‍, ചോരയൊലിക്കുന്ന മുറിവുമായി പ്ലാറ്റ്ഫോമില്‍ ഭിക്ഷയ്ക്കിരിക്കുന്ന മനുഷ്യനും ഏതോ ഭിക്ഷാടനലോബിയിലെ അംഗമല്ലെ എന്ന സംശയം, ചുറ്റിലും നടക്കുന്ന ബഹളങ്ങളറിയാതെ പ്രാകൃതവേഷത്തില്‍ ഇരിക്കുന്ന ഒരമ്മയും അമ്മയുടെ തല നോക്കികൊടുക്കുന്ന മകനും, ആ സുഖത്തില്‍ കണ്ണടച്ചിരിക്കുന്ന അമ്മയുടെ സന്തോഷം, റോഡുവികസനത്തിന്റെ ഭാഗമായി വഴിയരുകിലെ അമ്പലം പൊളിക്കേണ്ടതുതന്നെയെന്ന വാദത്തിന് കാതോര്‍ക്കുമ്പോള്‍ ‘വൈസെ തറവാടികള്‍ പോകുന്ന അമ്പലമല്ലല്ലോ’ എന്ന ന്യായീകരണം കേള്‍ക്കുമ്പോളുള്ള അമ്പരപ്പ്.

ഡയറിയിലെ പേജുകള്‍ മറിയുന്നു.. ഓളങ്ങളില്ലാത്ത ഒരു അരുവി ഒഴുകാന്‍ മറക്കുന്നു..