Sunday, January 27, 2008

നീലമേഘങ്ങള്‍ക്കിടയിലൂടെ

ശിവരാമന്‍ പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോളായിരുന്നു ഫോണ്‍ ബെല്ലടിച്ചത്.. ആ വീട്ടില്‍ അയാള്‍ക്ക് അങ്ങനെ ഫോണൊന്നും വരാറില്ലാത്തതുകൊണ്ട് ശ്രദ്ധിക്കാന്‍ പോയില്ല.. ഇടയ്ക്ക് അയാള്‍ ഓര്‍ക്കാറുണ്ട്, സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒക്കെ തനിക്കുമുണ്ടായിരുന്നല്ലോന്ന്.. ഭാര്യ സുമിത്രയും പിന്നെ അനന്തരവന്‍ ആദിതുമാണ് ആ വീട്ടിലെ മറ്റംഗങ്ങള്‍.. പാല് പിരിഞ്ഞത് തുടങ്ങി ഇന്നലത്തെ വാര്‍ത്ത വായിച്ച സ്ത്രീയുടുത്ത സാരിയുടെ ഡിസൈനും കോളനിയില്‍ ശിവരാമന് പ്രത്യക്ഷത്തില്‍ താത്പര്യമില്ലാത്ത ഒരുവിധം എല്ലാ വാര്‍ത്തകളും സുമിത്രയുടെ ഫോണ്‍സംഭാഷണങ്ങളിലൂടെ കേള്‍ക്കാം.. ആദിതിന്റേയും ഒരുവിധം എല്ലാ വര്‍ത്തമാനങ്ങളും അറിയുന്നത് ഫോണിലൂടെ തന്നെ.. പതുക്കെ സംസാരിക്കുന്ന ശീലം അവിടെ ആര്‍ക്കും ഇല്ലായിരുന്നു..

ആരോ ഫോണെടുക്കുന്നുണ്ടായിരുന്നു. ശിവരാമന്‍ പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങി.. പുതിയൊരിനം ചെടികള്‍ ഇന്ന് വരുംന്ന് ഗണപതി പറഞ്ഞിരുന്നു.. പൂന്തോട്ടത്തില്‍ നീലപൂക്കളുടെ കുറവുണ്ടെന്ന് അയാള്‍ക്ക് തോന്നിതുടങ്ങിയിരുന്നു. ഒരു മണിക്കൂറാണ് സുമിത്ര അനുവദിച്ച സമയം. കഴിഞ്ഞ പ്രാവശ്യം ചെക്കപ്പിന് പോയി വന്നതിന് ശേഷം സുമിത്രയുടെ നിയന്ത്രണങ്ങള്‍ ഒന്നുകൂടെ മുറുകി. കടുത്ത വേദനയ്ക്കിടയിലും അതിനുശേഷമുള്ള മയക്കത്തിലും ശിവരാമന്‍ കണ്ടിരുന്നത് നീലമേഘങ്ങളായിരുന്നു.. എങ്ങുനിന്നോ പാളികളായി വന്ന് അവയ്ക്ക് കനം വെച്ചിരുന്നു. ശിവരാമനേയും ലോകത്തേയും ആ നിമിഷം വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത് ആ നീലമേഘങ്ങളായിരുന്നു. ഒരിക്കല്‍ ഡോക്ടറോട് അത് പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടാതെ തോളില്‍ തട്ടി.. വാത്സല്യത്തോടെ.. പിന്നീട് പലപ്പോഴും കണ്ണടച്ച് പിടിച്ച് അവയെ കാണാന്‍ ശിവരാമന്‍ ശ്രമിച്ചിട്ടുണ്ട്..

ചെരുപ്പിടാന്‍ തുടങ്ങിയപ്പോള്‍ സുമിത്ര ഉമ്മറത്തേയ്ക്ക് വന്നു.. “എവി വിളിച്ചിരുന്നു. അവര്‍ അടുത്തയാഴ്ച്ച എത്തും.“ എവി മകന്റെ ഭാര്യയാണ്. ഇവിടെ നിന്ന് കുറച്ചകലെ അവര്‍ക്ക് ഒരു വീടുണ്ട്, ചൈത്രം. വെക്കേഷന് വരുമ്പോള്‍ അവിടെയാണ് താമസം. “വീട് ഒന്ന് വൃത്തിയാക്കിയിടാന്‍ അശോകന്‍ രണ്ടാളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ശിവേട്ടനും അശോകനും വരുന്ന വഴി ഒന്ന് കേറിനോക്കണം, ഇനി നമ്മളാരും പോയിനോക്കിയില്ലെന്ന പരാതി വേണ്ട..” ശിവരാമന് ഉള്ളില്‍ ചിരി വന്നു. സുമിത്രയ്ക്ക് ഇനിയും മകന്റെ ഭാര്യയെ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എതിര്‍ത്തൊന്നും പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ട് നിസ്സഹകരണം ആണ് എല്ലാത്തിനും. അതുകൊണ്ടാണ് അശോകനൊപ്പം തനിക്ക് ഡ്യൂട്ടി കിട്ടിയിരിക്കുന്നത്.

കാറില്‍ കയറിയപ്പോള്‍ അശോകന്‍ പതിവുള്ളത് പോലെതന്നെ ചിരിച്ചു. എങ്കിലും അതിലല്‍പ്പം സഹതാപം ഇല്ലെയെന്ന് ശിവരാമന് വെറുതെതോന്നി.. ഈയിടെയായി എല്ലാവര്‍ക്കും സഹതാപമാണെന്ന് തോന്നാറുണ്ട്. ചെടികള്‍ വൈകുന്നേരത്തിനേ എത്തുകയുള്ളൂന്ന് ഗണപതി പറഞ്ഞു. ചൈത്രത്തില്‍ കയറിച്ചെന്നപ്പോള്‍ ഉച്ചയാവാറായി.. ഒരാള്‍ തോട്ടത്തില്‍ പണിയെടുക്കുന്നുണ്ടായിരുന്നു.. “താന്‍ മാത്രമേയുള്ളൂ? അകത്തേക്കാരുമില്ലേ?” അശോകന്‍ വിളിച്ചു ചോദിച്ചു.. “ഒരു പെണ്ണുകൂടെയുണ്ട് സാറെ.. അകത്തുണ്ട്.“ “ ശിവേട്ടന്‍ ഇവിടെയിരുന്നോളൂ..“ അശോകന്‍ ഉമ്മറത്തേയ്ക്കൊരു കസേര വലിച്ചിട്ടു.. ശിവരാമന്‍ ചാരി കിടന്നു.. അശോകന്‍ മുറ്റത്തേയ്ക്കിറങ്ങി തോട്ടം വൃത്തിയാക്കുന്ന ആളോട് സംസാരിച്ചുതുടങ്ങി. ‘ഈ പറമ്പില്‍ ഒരുവിധം എല്ലാ മരങ്ങളുമുണ്ട്.. മാവ്, പിന്നെ പ്ലാവുണ്ടാരുന്നത് വീട്ടിലേയ്ക്ക് ചാഞ്ഞെന്ന് പറഞ്ഞ് മുറിപ്പിച്ചു..” തോട്ടക്കാരന്‍ അശോകനെ നോക്കി ചിരിച്ചു..

ശിവരാമന്‍ കണ്ണടച്ച് കിടന്നു.. കാല്‍ത്തളകളുടെ കിലുക്കം.. “സാബ്ജീ.. നിങ്ങളുടെ മദ്രാസ്സില്‍ നാരിയല്‍ മരമുണ്ടല്ലേ?”ന്ന് ചോദിച്ചുകൊണ്ട് സീമ കൈവഴക്കത്തോടെ പകുതിവെന്ത റൊട്ടി കനലിലേക്കിട്ടു. “ഉണ്ടല്ലോ കൊപ്രതീനി” ശിവരാമന്‍ മറുപടി പറഞ്ഞു. ആദ്യത്തെ പോസ്റ്റിംഗ് രാജസ്ഥാനിലെ ടോംഗില്‍. വീട്ടില്‍ സഹായത്തിന് വന്നിരുന്നതാണ് സീമ. ഒരിക്കല്‍ അവള്‍ ചോദിച്ചു, സാബിന്റെ ബീവിയോട് ഒരു പെണ്ണിനെ കൂടെ കല്യാണം കഴിച്ചോട്ടെന്ന് ചോദിക്കുവോന്ന്.. ഒട്ടൊരത്ഭുതത്തോടേ അവളെ നോക്കിയപ്പോള്‍ ഒരു തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് പൊട്ടിചിരിച്ചുകൊണ്ട് അവളോടി പോയി.. അവളുടെ കാല്‍ത്തളകള്‍ നന്നായി കിലുങ്ങുമായിരുന്നു. ആ കിലുക്കം എന്നും ശിവരാമന്റെ മനസ്സിലുമുണ്ടായിരുന്നു. ഒരവധിക്കാലത്തിനായ് നാട്ടില്‍ വരാനൊരുങ്ങുമ്പോള്‍ എല്ലാം ഒരുക്കിവെക്കാന്‍ പതിവിനു വിപരീതമായി ഏറെ നിശബ്ദയായി അവളുമുണ്ടായിരുന്നു.. കൈത്തണ്ട ദുപ്പട്ട വെച്ച് മറച്ചുപിടിക്കുന്നുണ്ടായിരുന്നു.. പിടിച്ച് നോക്കിയപ്പോള്‍ ശിവരാമന്റെ കണ്ണുകള്‍ നിറഞ്ഞു. “ സാബ്ജീ, ഇത് ശിവ്, റാം എന്നാണ്.. സാക്ഷാല്‍ ഭഗവാന്‍” അവള്‍ പിന്നെയും ചിരിച്ചു. പെട്ടെന്ന് തിരിച്ചുചെല്ലാമെന്ന് സീമയോട് പറഞ്ഞ വാക്ക് പാലിച്ച് പിന്നെയും അവിടെ ചെന്നപ്പോള്‍ അവളില്ലായിരുന്നു. അവളുടെ വീട്ടില്‍ ചെന്നന്വേഷിച്ചു. നിര്‍വികാരത മാത്രമുള്ള കണ്ണുകളുമായി ഒരു സ്ത്രീ വന്ന് അവളുടെ കല്യാണം കഴിഞ്ഞെന്നും ഭര്‍ത്താവിനൊപ്പം പട്ടണത്തിലാണെന്നും പറഞ്ഞു. അയാള്‍ അവിടെനിന്ന് ഇറങ്ങി നടന്നു. മഞ്ഞപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന വയലുകള്‍ക്കിടയിലൂടെ..

ശിവരാമന്‍ പിന്നേയും നീലമേഘങ്ങള്‍ കാണാന്‍ തുടങ്ങി.. നെറ്റിയില്‍ നിന്ന് വിയര്‍പ്പുതുള്ളികള്‍ ഉരുണ്ടുവീണു. അയ്യോ ശിവേട്ടാ.. ആരേലും കുറച്ച് വെള്ളം കൊണ്ടുവരൂന്നോക്കെ അശോകന്‍ പറയുന്നത് ശിവരാമന് കേള്‍ക്കാമായിരുന്നു.. ശിവരാമന്‍ അപ്പോള്‍ നീലമേഘങ്ങള്‍ക്കിടയിലായിരുന്നു. എങ്ങുനിന്നൊക്കെയോ പാളികളായി അവ ശിവരാമന്റെ അടുത്തേക്ക് ഒഴുകിവന്നു. എന്നും കൊതിച്ച കാല്‍ത്തളകളുടെ കിലുക്കം അടുത്ത് വരുന്നത് ശിവരാമന്‍ അറിഞ്ഞു. മേഘപാളികള്‍ക്ക് കനം വെക്കുകയായിരുന്നു. നീലമേഘങ്ങള്‍ക്കിടയിലൂടെ ശിവ് റാം എന്ന് പച്ച കുത്തിയ കൈകളില്‍ നിന്ന് വെള്ളം വരുന്നത് ശിവരാമന്‍ കണ്ടു. നീലമേഘങ്ങള്‍ ശിവരാമന്റെ കാഴ്ച്ചയെ മറച്ചു.. സാബ്ജീ എന്നൊരു നനുത്ത ശബ്ദം അപ്പോളും അയാള്‍ക്ക് കേള്‍ക്കാമായിരുന്നു.

8 comments:

സാല്‍ജോҐsaljo said...

വിതച്ചതേ കൊയ്യൂ...!

കഥ നന്നായി.

ശിവ-രാമനും, ആദിത്യനും, അശോകനും, സുമിത്രയും ഗണപതിയും, സീമയും! പിന്നെ എവിയും (ഐവിയോ?). പുരാണവുമായി ചേര്‍ത്തുവായിക്കാമോ? ഇവരെ ഓരോ ക്ലീഷേകളായി വേര്‍തിരിക്കാമെങ്കിലും, തോട്ടക്കാരനും, അയാളുടെ ‘വെളുത്ത’ പല്ലുകാട്ടിയുള്ള ചിരിയും കഥയുമായി ചേര്‍ച്ചക്കുറവ് സൃഷ്ടിക്കുന്നു. എഴുതിതുടങ്ങിയ കഥാതന്തുവില്‍ നിന്നും മാറി പോയി എഴുതിക്കഴിഞ്ഞപ്പോള്‍ അല്ലേ? :)

ചെറുകഥയില്‍ ത്രെഡിനെ സപ്പോര്‍ട്ട് ചെയ്യാതെ വരുന്നവര്‍ കഥയെ കൊന്നുകളയും.

സ്തൈര്‍ണ്ണസ്വഭാവം ഉള്ള കഥകളില്‍ തന്നെയാണ്‍ ജീവന്‍ കൂടുതല്‍ എന്ന് തോന്നുന്നു.. :)

രുദ്ര said...

ഇതിലെവിടേയാ സാല്‍ജോ വിതക്കുന്നതും കൊയ്യുന്നതും ;) കഥയെ എനിക്ക് അപരിചിതമാക്കല്ലേ. തോട്ടക്കാരന്‍ മുഴച്ചുനിക്കുന്നുണ്ട്. എഡിറ്റാംട്ടോ. ഇന്നലെ നെറ്റ് പോണേന് മുന്നെ വായിച്ചുനോക്കാതെ ക്ലിക്കി :)introduce ചെയ്യുന്ന കമന്റും എഴുതാന്‍ നേരം കിട്ടീല.

25 വയസ്സുള്ള സുന്ദരിക്കുട്ടികളുടെ [ഞങ്ങള്‍:D]ജീവന്‍ അസുഖക്കാരനായ ശിവനങ്കിളില്‍ നിന്ന് പ്രതീക്ഷിക്കാമോ? ഒന്ന് ഉഷാറാക്കാന്‍ രാവിലെ രണ്ട് റൌണ്ട് ഓടിക്കണംന്ന് കരുതിയതാ. അപ്പോളേക്കും നീലമേഘങ്ങള്‍ കൊണ്ടോയി! :P

സാല്‍ജോҐsaljo said...

ഒന്നു പോടീ കൊച്ചേ...:D

രുദ്ര said...

:D ചമ്മിയത് ആരും കണ്ടില്ലാട്ടോ. ഇനിയും വരണെ :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കഥാപാത്രങ്ങള്‍ ഒരുപാടുണ്ടല്ലൊ..
എല്ലാവര്‍ക്കും വേശവും അണിനിരത്തിയത് കൊള്ളാം.

K.P.Sukumaran said...

കൊള്ളാം.

simy nazareth said...

ഇത് ഒരുപാട് നന്നായി

Anonymous said...

രുദ്ര വളരെ നന്നായി എഴുത്ത്