Sunday, May 18, 2008

മയില്‍പ്പീലി

അന്ന് ഒരു ഒഴിവുദിവസം, തിരക്ക് പിടിച്ച കുറേ ദിവസങ്ങള്‍ക്ക് ശേഷം. അമ്മു ധൃതിയില്‍ മുറിയില്‍ കയറിവന്നു. “സുലുവാന്റി വരുന്നുണ്ട്”.. “എവിടെ?“ സ്റ്റെയര്‍കേസ് കേറുന്നേയുള്ളൂ. ഇതൊക്കെയൊന്ന് ഒതുക്കി വെക്കാന്‍ നോക്കൂ. അമ്മു വെപ്രാളത്തോടെ പറഞ്ഞു. ആറുമാസം കൂടിയോ ചിലപ്പോള്‍ വര്‍ഷത്തിലൊരിക്കലൊക്കെയോ വീട്ടില്‍ പോയി ഞാനിവിടെ സുഖമായിരിക്കുന്നു, നിങ്ങള്‍ക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു എന്ന വെളിപ്പെടുത്തലല്ലാതെ ഞങ്ങള്‍ക്ക് സന്ദര്‍ശകര്‍ കുറവായിരുന്നു. സുലോചനയെന്ന സുലുവാന്റി മായയുടെ അച്ഛന്റെ അനിയത്തി. അമ്മു മുറിയില്‍ ആകമാനം ഒന്ന് നോക്കി. എല്ലാം വാരിവലിച്ചിട്ടിരിക്കുന്നു. ബെഡ്ഡിനുമുകളിലേക്ക് ഒരു ടവ്വല്‍ വലിച്ചിട്ടു. അപ്പോളേയ്ക്കും സുലുവാന്റി കയറിവന്നു. മിക്സ് ചെയ്തുകൊണ്ടിരുന്ന ഫേസ്പാക്ക് ഗായത്രി കട്ടിലിനടിയിലേക്ക് കാലുകൊണ്ട് തട്ടിനീക്കി. സുലുവാന്റി മുറിയിലേക്ക് കയറിയതും കണ്ണുകള്‍ കൊണ്ട് അവിടമാകെ പരതാന്‍ തുടങ്ങി. “ആന്റിയെ എത്ര നാളായി കണ്ടിട്ട്! ഞങ്ങളെ ഒന്ന് നോക്കുന്നതിന് പകരം ഈയാന്റിയെന്തിനാ അവിടേമിവിടേമൊക്കെ എക്സ് റേ എടുക്കുന്നെ?” “എന്റീശ്വരാ! പെണ്‍ക്കുട്ട്യോള് താമസിക്കണ മുറിയാണോ ഇത്? വലിച്ച് വാരിയിട്ടിരിക്കണ കണ്ടില്ലേ!” സുലുവാന്റി കട്ടിലില്‍ കിടന്ന ടവ്വല്‍ എടുത്തുമാറ്റി. കാര്‍ഡ്സ് കിടക്കുന്നുണ്ടായിരുന്നു അവിടെ. താമസക്കാരുടെ പോളിസി അനുസരിച്ച് കട്ടിലില്‍ സാധനങ്ങള്‍ നിറഞ്ഞാല്‍ ഷീറ്റെടുത്ത് താഴെ വിരിച്ച് കിടക്കുക. കാര്‍ഡ്സ് കണ്ടതും സുലുവാന്റിയ്ക്ക് കണ്ണുതള്ളി വന്നു.. “ശോ, ഇതും കണ്ടപ്പോളേയ്ക്കും ആന്റി ബോധം കെട്ട് വീഴാറായോ? അപ്പൊ ഇന്നലെ ഞങ്ങള് കുപ്പി കളഞ്ഞില്ലായിരുന്നെങ്കിലോ!” ഗായത്രി ചിരിച്ചുകൊണ്ട് പറഞ്ഞു. “അപ്പോ അതും ഉണ്ടോ?” “എന്റെ ആന്റീ. അവളു ചുമ്മാ ആന്റിയെ ചൂടാക്കുവാ” അമ്മു പറഞ്ഞു. ആന്റി ഇവിടെയിരുന്നോളൂ എന്ന് പറഞ്ഞുകൊണ്ട് അമ്മു കസേര ഒഴിവാക്കാന്‍ തുടങ്ങി. “അയ്യേ.. ഒരു നാണമില്ലാത്ത പിള്ളേര്! നിങ്ങള് പെണ്‍കുട്ട്യോളാണോന്ന് എനിക്ക് സംശയണ്ട്“ സുലുവാന്റി. “അതുമാത്രം പറയരുത്...” തലേന്ന് ബിഗ്ബസാറില്‍ നിന്ന് കൊണ്ടുവന്നിട്ട നാപ്കിന്‍ ഷെല്‍ഫിലോട്ട് എടുത്ത് വെക്കാന്‍ അമ്മുവിനെ സഹായിക്കുന്നതിനിടെ ഗായത്രി പറഞ്ഞു. “കൂട്ടത്തിലൊരു പെണ്ണു തന്നെയെയുള്ളു. അതെന്റെ മായമോള് തന്ന്യാ..” “എന്നാപിന്നെ മോന് കെട്ടിച്ചുകൊടുക്കാന്റി”, ഗായത്രി. ആ എനിക്കൊരുമോനുണ്ടായിരുന്നെ ഞാനാലോചിച്ചേനെ.
****

ആന്റി കൊണ്ടുവന്ന ചക്ക വറുത്തതൊക്കെ കഴിച്ചുകൊണ്ടിരിക്കെ വെറുതെയോര്‍ത്തു. റെസി.സ്ക്കൂളിലെ ആദ്യത്തെ വര്‍ഷം പേരന്റ്സ് ഡേ. സമയത്തിന്റെ അളവുകോല്‍ ഒരു പേരന്റ്സ് ഡേ തുടങ്ങി അടുത്ത പേരന്റ്സ് ഡേ വരെയുള്ള ദിവസങ്ങള്‍. 9 മണിക്കുള്ള ഫസ്റ്റ് ബസ്സില്‍ വരുന്ന അച്ഛനേയും അമ്മയേയും കാണാന്‍ അഞ്ചു മണിക്കെണീറ്റ് കുളിച്ചൊരുങ്ങി നില്‍ക്കുന്ന കുഞ്ഞുരുദ്ര. വഴിയിലേയ്ക്ക് നോക്കി നോക്കി 9 മണിയാവുമ്പോളേയ്ക്കും മിക്കവാറും ഒരു കാല്‍ ഗേറ്റിന് പുറത്തെത്തികാണും. നടന്നുവരുന്ന ആളുകളുടെയിടയില്‍ അവരെ കാണുമ്പോളുള്ള സന്തോഷം. പിന്നെ പിന്നെ 9 മണിയാവുമ്പോളേയ്ക്കും ഏതെങ്കിലും പഞ്ചാരബെഞ്ചില് പ്രതീക്ഷാസംഘങ്ങളുടെ കൂടെ കത്തിവെച്ചിരിക്കും. കുറച്ചു വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞപ്പോള്‍ കസിന്‍ ഹോസ്റ്റലിന് താഴെ നിന്ന് വിളിച്ചുകൂവും. “രുദ്രേച്ചി അമ്മ വന്നിരിക്കുന്നു..” “പൊന്നുമോളല്ലേ ഒരു പത്ത് മിനിറ്റൂടെ ദേ വന്നൂ” പത്ത് മിനിറ്റില്‍ അഞ്ച് മിനിറ്റ് ഒന്നൂടെയുറങ്ങാനും 5 മിനിറ്റ് റെഡിയാവാനും. പണ്ട് വീട്ടിലേയ്ക്ക് കത്തുകളെഴുതുമായിരുന്നു. ഇന്‍ലന്റില്‍ സ്ഥലം പോരായിരുന്നു. വര്‍ഷങ്ങളുടെ മാറ്റം കാര്‍ഡിലും സ്ഥലം ഏറെയാക്കി. മാസത്തിലൊന്ന്, പേരന്റ്സ് ഡേക്ക് കൊണ്ടുവരേണ്ട സാധനങ്ങള്‍..

ഇപ്പോള്‍ ഒരു കൊല്ലം കൂടുമ്പോള്‍ ഒരു കുഞ്ഞുബാഗുമായി വീട്ടില്‍ പോവുന്നു. പത്ത് ദിവസം വീട്ടില്‍ നിന്നാല്‍ ഒരു പത്ത് തവണയെങ്കിലും ഹോസ്റ്റലിലെ റൂമിനെ മിസ് ചെയ്യും. ഏട്ടന്റേയും ചേച്ചിയുടേയും വീടുകളില്‍ അമ്മ ഷട്ടില്‍ സര്‍വീസ് [ഈ വാക്ക് അമ്മയുടെ തന്നെ കണ്ടുപിടിത്തമാണ്] നടത്തുമ്പോള്‍ രുദ്രയ്ക്കിടയ്ക്കിടെ ഫോണ്‍കാള്‍. വാക്കുകളിലൂടെ അമ്മയെ ഞാനറിയുന്നു. അമ്മയ്ക്ക് സന്തോഷമാണ്.

ഈയിടെ ഒരു കൂട്ടിക്കാരിയുമൊത്ത് നീയെത്ര ധന്യ എന്ന മൂവി വീണ്ടും കണ്ടു. അമ്മ വളര്‍ത്താത്ത കുട്ടിയായത് കൊണ്ടാണ് ശ്യാമള പണിക്കര്‍ മെന്റലി സ്റ്റേബിള്‍ അല്ലാത്തതെന്നും ആത്മഹത്യ ചെയ്തതെന്നും കൂട്ടുക്കാരിയുടെ വാദം. മെന്റല്‍ സ്റ്റബിലിറ്റിയുടെ പ്രശ്നമല്ല, പ്രത്യേകതകളുള്ള സ്വഭാവമായത് കൊണ്ടെന്ന് പ്രതിവാദം. ശ്യാമള പണിക്കര്‍ ഒരുപക്ഷേ എനിക്ക് നേരെ തിരിച്ച് വെച്ചൊരു കണ്ണാടിയല്ലേ എന്നൊരു തോന്നല്‍. ‘ഞാനാത്മഹത്യ ചെയ്യുമോ!’ ഏയ് ഇല്ല. ജീവിതത്തിന് സന്തോഷമായാലും ദു:ഖമായാലും ഒറ്റയ്ക്കായാലും എല്ലാവര്‍ക്കുമൊപ്പമായാലും ഞാനേറെയിഷ്ടപ്പെടുന്ന ഒരു താളമുണ്ട്. ഒന്നും ചെയ്യാതെ വെറുതെ സീലിംഗ് നോക്കി കിടക്കുമ്പോള്‍. ഒരുപാട് തിരക്കുകള്‍ക്കിടയില്‍ നിന്ന് കുട്ടേട്ടന്‍ ഫോണ്‍ ചെയ്യുമ്പോള്‍. ടൈപ് ചെയ്യുന്ന കീ വേര്‍ഡുകള്‍ക്ക്. കൂട്ടുക്കാരോടൊപ്പം. ഫോണില്‍ നീസിന്റെ കൊഞ്ചല്‍ കേള്‍ക്കുമ്പോള്‍.

ഈ മകള്‍ അമ്മയില്‍ നിന്ന് ഒരുപാടകലെയാണെന്ന് അമ്മയറിയുന്നുണ്ടാവുമോ? ഒരു വെക്കേഷന് വീട്ടിലുള്ളപ്പോള്‍ എന്തോ സംസാരിക്കുന്നതിനിടയില്‍ അമ്മയെ “മേം”ന്ന് വിളിച്ചിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലായിരുന്നു. അന്നു മുഴുവന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ അമ്മ വഴക്കുപറഞ്ഞു. എനിക്കൊരു പ്രശ്നമുണ്ടായാല്‍ ആദ്യം പറയുക അമ്മയോടാവുമെന്ന് മേല്‍പറഞ്ഞ കൂട്ടുക്കാരി പറഞ്ഞു. ഇതുവരെ എന്റെ കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളൊന്നും അമ്മയുടെ അടുത്തെത്തിയിട്ടില്ല. രുദ്രയുടെ ഭാഷ, രുദ്രയുടെ ലോകം അമ്മയ്ക്ക് ഇനി മനസ്സിലാക്കാന്‍ കഴിയുമോ?

****
“രുദ്ര, ആയില്യം ഒരു പുഷ്പാഞ്ചലി” ഇതില്‍ അമ്മയുടെ വേവലാതികളും തീരുന്നുണ്ടാവണം. അമ്മ എടുത്തുവെച്ചിരിക്കുന്ന എന്റെ സാധനങ്ങളില്‍ കുട്ടിക്കാലത്തെന്നോ മാനം കാണാതെ കാത്തുവെച്ച മയില്‍പ്പീലിയുണ്ടെന്നറിഞ്ഞത് കഴിഞ്ഞ അവധിക്കാലത്ത്.
****

16 comments:

Unknown said...

ആദ്യതേങ്ങാ ഉടക്കാം പോകുവാ
ഠേ
വായിക്കാന്‍ പിന്നെ വരാം

വിന്‍സ് said...

എടോ ഭയങ്കര സെന്റിയാണല്ലോ..... ഇങ്ങനെ ചെറുപ്പത്തിലേ ഹോസ്റ്റലിലും മറ്റും പഠിച്ചു വളര്‍ന്ന പല പെണ്‍കുട്ടികളും ഇങ്ങനെ ഒക്കെ എഴുതിയും പറഞ്ഞും കേട്ടിട്ടുണ്ട്. അവര്‍ക്കു ഹോസ്റ്റലും അവിടെ നിന്നും കിട്ടുന്ന കുറേ നല്ല കൂട്ടുകാര്‍ ആണു പേരന്റ്സും സിബ്ലിങ്ങ്സും.

പാമരന്‍ said...

" അമ്മ എടുത്തുവെച്ചിരിക്കുന്ന എന്റെ സാധനങ്ങളില്‍ കുട്ടിക്കാലത്തെന്നോ മാനം കാണാതെ കാത്തുവെച്ച മയില്‍പ്പീലിയുണ്ടെന്നറിഞ്ഞത് കഴിഞ്ഞ അവധിക്കാലത്ത്. "

:(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രുദ്രാ, വല്ലാതെ സങ്കടപ്പെടുത്തിയല്ലോ...

സാല്‍ജോҐsaljo said...

ഹോസ്റ്റല്‍ എന്ന് കേള്‍ക്കുമ്പോ തന്നെ ഒരു വിങ്ങലാണ്. മടുപ്പിക്കുന്ന ഇടനാഴികളും, ചൂരുവിട്ടുമാറാത്ത ബാത്ത് റൂമുകളും, റൂമുകളും.. ഞായറാഴ്ചകളിലെ വഴിയില്‍ നോക്കിയുള്ള ഇരുപ്പും...


.........അങ്ങനെ മാനം കാണാത്ത ഒരുപാട് മയില്‍‌പീലികള്‍ ഇനിയും!


എന്തെല്ലാമോ ഓര്‍മ്മിപ്പിച്ചു. :)

രുദ്ര said...

അനൂപ്, വായിക്കാതെ തേങ്ങ ഉടച്ചിട്ടോടാന്‍ തേങ്ങാ ഉടപ്പ് കോമ്പറ്റീഷന്‍ നടക്കുന്നോ :P
വിന്‍സ്, സെന്റിയാണെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു. നല്ല ജി.കെയാണല്ലോ :)
പാമരന്‍, :)
പ്രിയാ :) സാരല്യാട്ടോ
സാല്‍ജോ :)വിങ്ങലും ശ്വാസംമുട്ടലുമൊക്കെ ആദ്യത്തെ മൂന്ന് മാസം. ഒരു ദിവസം പോലും കരയാതെയില്ലായിരുന്നു. പിന്നെ വിങ്ങണേലും കരയണേലും വേറെ ആളെ നോക്കണം. ഇപ്പോ വീണിടം വിഷ്ണുലോകം :)

Rafeeq said...

:( അതെ.. വായിചപ്പൊ .പലതും മനസ്സിലൂടെ മിന്നി മറഞ്ഞു..
കൊള്ളാം..

നിലാവര്‍ നിസ said...

ഹോസ്റ്റല്‍ ലോകം ഓര്‍ത്തു രുദ്രാ
ഉള്ളീല്‍ തട്ടുന്ന എഴുത്ത്
ആശംസകള്‍

മുസാഫിര്‍ said...

രുദ്രാ, എഴുത്ത് ഇഷ്ടമായി.പക്ഷെ ഇതു ഹോസ്റ്റലില്‍ നില്‍ക്കുന്നവരുടെ മാത്രം പ്രശ്നമാണോ ? വളരുന്ന പ്രായത്തില്‍ അമ്മമാരില്‍ നിന്നും അകന്നു പോകുകയും (പെണ്‍കുട്ടികള്‍) പിന്നെ കല്യാണമൊക്കെ കഴിഞ്ഞ് ഒരു കുട്ടിയൊക്കെ ആവുമ്പോള്‍ പിന്നെ സാവധാനം അമ്മയുടെ സവിധത്തിലേക്കു തന്നെ മടങ്ങിവരാന്‍ ആഗ്രഹിക്കുകയും അല്ലെ ചെയ്യുക.

Siju | സിജു said...

രുദ്ര വിഷമിക്കണ്ടാട്ടോ..

G.MANU said...

Different and wonderful Style..

nice craft...

Teena C George said...

കുറച്ചു ദിവസങ്ങളായി രൌദ്രം ഞാന്‍ ശ്രദ്ധിക്കുന്നു. “കണ്ണാടികള്‍” വായിച്ചപ്പോള്‍ മുതല്‍. അപ്പോള്‍ തന്നെ എല്ലാ പോസ്റ്റും വായിച്ചിരുന്നു.

പക്ഷെ ഈ പോസ്റ്റ് എന്നെ വല്ലതെ ഞെട്ടിച്ചു കളഞ്ഞു! വേറൊന്നുമല്ല... രുദ്രയെ വായിച്ചപ്പോള്‍ എപ്പൊഴോ “നീ എത്ര ധന്യ” യിലെ നായികയെ ഞാന്‍ അറിയാതെ മനസ്സില്‍ ഓര്‍ത്തിരുന്നു. (ശ്യമളാ പണിക്കര്‍ എന്ന പേര് മറന്നിരുന്നെങ്കിലും, ആ കഥാപാത്രം മനസ്സില്‍ നിന്നും മാഞ്ഞിരുന്നില്ലാ!). ഇപ്പോള്‍ ഈ പോസ്റ്റില്‍ അങ്ങനെ ഒരു റഫറന്‍സ് കണ്ടപ്പോള്‍ ശരിക്കും ഞെട്ടി!

എല്ലാ പോസ്റ്റുകളിലും കാണുന്ന ഒരുതരം ബോള്‍ഡ്നെസ്സ്... ഒരു പക്ഷെ അതാവാം അങ്ങനെ തോന്നിച്ചത്.

ഇനിയും വരാം രൌദ്രത്തിലേയ്ക്ക്...

ആശംസകള്‍...

nandakumar said...

കുറച്ചുദിവസമായി ഇതു വായിച്ചു കഴിഞ്ഞിട്ട്, എന്നാലും മാനം കാണാതെ ഒളിപ്പിച്ചു വച്ച മയില്‍പ്പീലിയെ ഇടക്കിടെ ഒളിച്ചുനോക്കുമ്പോലെ ഈ പോസ്റ്റില്‍ ഇടക്കിടെ വന്നു ചില വരികള്‍ വായിക്കും.:-)
മൂന്നായി പകുത്ത ഈ ഓര്‍മ്മക്കുറിപ്പ് എന്തോ സുഖമുള്ളൊരു നൊമ്പരമുണ്ടാക്കുന്നു. ഒരു പോറല്‍. നന്നായിരിക്കുന്നു എഴുത്ത് എന്ന് എപ്പോഴും പറയേണ്ടല്ലോ.. :-) നന്നായി, ഇപ്പോഴും

രുദ്ര said...

നന്ദേട്ടാ, ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം, നന്ദി :)[ഇനിയൊരു സത്യം, മൂന്നായി തിരിച്ചതൊന്നുമല്ലാട്ടോ. പ്രത്യേകിച്ച് ഉദ്ദേശമൊന്നും ഇല്ലാതെ എഴുതിയ കാരണം എവിടെയോ തുടങ്ങി പിന്നെ എവിടേയോ അവസാനിച്ചു. ;)]

പിരിക്കുട്ടി said...

hai
it so nice rudra.....

beneesh said...

lalitham, sundaram, aardram....