Friday, July 4, 2008

ഇന്ന്.

ഇന്ന്! ഒരു സാധാരണ ദിവസമായിരിക്കും. ട്രീറ്റ് കൊടുത്ത് വാലെറ്റിന്റെ കനം ഇത്തിരി കുറയും. കോളുകള്‍ക്ക് ആദ്യം പറയേണ്ടിവരുന്ന മറുപടി "താങ്ക്സ് ഡിയര്‍.. " ബര്‍ത്ഡേ റിമൈന്‍ഡര്‍ സ്പാമിലേയ്ക്ക് തിരിച്ചുവെച്ച് ഓര്‍മ്മകളുടെ ഭാരം ഒഴിവാക്കാന്‍‍ മനപ്പൂര്‍വ്വം ശ്രമിക്കാറുള്ള ഞാന്‍ പരമാവധി ഭാവം വാക്കുകളില്‍ വരുത്തി പറയും. ആഘോഷങ്ങളില്‍ പകുതി കഴിഞ്ഞു. കേക്ക് കഴിച്ചതിലും കൂടുതല്‍ പലരായി മുഖത്ത് വാരിതേച്ചു. മുന്‍പൊരിക്കല്‍ ബര്‍ത്ഡേ ബംസിനു ശേഷം രണ്ടാഴ്ച നടുവേദനയായ കാരണം തുടര്‍കലാപരിപാടികളില്‍ നിന്ന് അതൊഴിവായികിട്ടി. കഴിഞ്ഞ കൊല്ലത്തെ ഈ ദിവസത്തില്‍ നിന്ന് ഇന്ന് ഒരു മാറ്റവും സംഭവിച്ചില്ല. ജീവിതത്തില്‍ ഒരില പോലും അനങ്ങിയില്ല.‘സ്റ്റാച്യൂ’ എന്നാരോ കല്‍പ്പിച്ച പോലെ.

കുട്ടിക്കാലത്ത് നാള്‍ വെച്ചായിരുന്നു ആഘോഷം. ആഘോഷമെന്ന് വെച്ചാല്‍ പായസം ഉണ്ടാകും. താഴെയിരുന്ന് ഇലയില്‍ ഊണ് കഴിക്കും. അമ്പലത്തില്‍ പോവും [അമ്മ:)]. ആരേലും വിഷ് ചെയ്യാറുണ്ടോ! ഉറക്കമെണീറ്റ് അടുക്കളയില്‍ ചെന്നാല്‍ അമ്മ നന്നായൊന്ന് ചിരിക്കും. കുളിച്ചിട്ടേ എന്തെങ്കിലും കഴിക്കാന്‍ പാടുള്ളു. ഏട്ടനേയും ചേച്ചിയേയും കുറേയിടിക്കാം. ആരും വഴക്കുപറയില്ല, തല്ലില്ല. പിന്നെ ജീവിതത്തിന്റെ രണ്ടാം ഘട്ടമായ സ്ക്കൂള്‍ ജീ‍വിതത്തില്‍ അസംബ്ലിയ്ക്ക് ഒരു പൂവ് തന്ന് എല്ലാവരും ഒരുമിച്ച് വിഷ് ചെയ്യലാണ് പതിവ്. അതില്‍ വലിയ താത്പര്യമില്ലാത്തത് കൊണ്ട് ജൂണിലെ വെക്കേഷന് തന്നെ വീട്ടില്‍ എല്ലാവര്‍ക്കും ഒഴിവുള്ള ദിവസം തിരഞ്ഞെടുത്ത് പിറന്നാളാക്കും. പിറന്നാളാണെന്ന് സ്ക്കൂളില്‍ ആരോടും പറയില്ല. ഒരു പക്ഷേ "Dont do, I dont wnt 2 b noticed" എന്ന് ഈ ബ്ലോഗ്ഗിന്റെ ലിങ്ക് മറ്റുള്ളവര്‍ക്ക് കൊടുത്ത് വായിപ്പിക്കുന്ന സുഹൃത്തിനോട് പറയുന്നതും ആ മനോവൈകല്യത്തിന്റെ തുടര്‍ച്ചയാകാം.

ഇപ്പോള്‍ പലരും ഓര്‍ക്കുന്നു. പലരേയും ഓര്‍മ്മിപ്പിക്കുന്നു. കൂട്ടുക്കാര് തരുന്ന ചെറിയ ചെറിയ ഗിഫ്റ്റുകള്‍. കുറച്ച് കൊല്ലം മുന്‍പ് വരെ പേനയായിരുന്നു എല്ലാവരും തന്നിരുന്നത്. പഠിക്കുന്ന, എഴുതുന്ന കുട്ടിയ്ക്ക് പേനയില്‍ കൂടിയ സമ്മാനമെന്ത്! കോളേജില്‍ പഠിക്കുമ്പോള്‍ വരെ ഹീറോ പെന്‍ മാത്രം ഉപയോഗിച്ചിരുന്ന എനിക്ക് അതൊന്നും ആവശ്യമില്ലായിരുന്നു. ഏറ്റവും വെറുപ്പ് തോന്നിയിട്ടുള്ള സമ്മാനവും അത് ത്നനെ. ഡിഗ്രി കഴിഞ്ഞപ്പോള്‍ ഒരു സെറ്റ് പാര്‍ക്കര്‍ പെന്‍ സമ്മാനമായി വന്നു. പല രാത്രികളിലായി അതൊക്കെ കുത്തി പൊട്ടിച്ച് മഷിയൊഴുക്കി കളഞ്ഞ് ആരോടൊക്കെയോയുള്ള വൈരാ‍ഗ്യം തീര്‍ത്തു. വര്‍ണ്ണകടലാസുകള്‍ സ്വപ്നം കണ്ട ഒരു കൊച്ചുപെണ്‍ക്കുട്ടി വെറുതെ ചിരിച്ചു.

എന്റെ ജനനത്തെ പറ്റി സീരിയസായും അല്ലാതെയും ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് അമ്മവീട്ടില്‍ തെക്കേ മുറ്റത്ത് നിന്നിരുന്ന ഒരു ചെറിയ മരമാണ്. ആ മരമെന്തോ അധികം വളര്‍ന്നില്ല, പൂക്കുകയും കായ്ക്കുകയും ചെയ്തില്ല. നാം രണ്ട് നമുക്ക് മൂന്നെന്ന് വിശ്വസിച്ച മാതാശ്രീയ്ക്കും പിതാശ്രിയ്ക്കും ഞാനെന്ന മകള്‍ ജനിക്കാന്‍ ആ മരത്തിന്റെ ജനനം ഒരു നിമിത്തമായി. ഏട്ടനും മുന്‍പേ അമ്മയ്ക്കൊരു മകന്‍ ഉണ്ടായത് പ്രസവത്തിന് ശേഷം അധികം ജീവിച്ചിരുന്നില്ല. അമ്മയുടെ ഓര്‍മ്മകളില്‍ പോലും ആ ഉണ്ണിയുടെ മുഖത്തിന് അധികം തെളിമയില്ല. പിറവിയും മരണവും തമ്മിലുള്ള ദൂരം വളരെ കുറഞ്ഞ ഉണ്ണിയെ അടക്കം ചെയ്ത സ്ഥലത്താണ് ആ മരം. ഒഴിവാക്കാമായിരുന്നെങ്കില്‍ ഞാനെന്റെ ജനനം ഒഴിവാക്കിയേനേയെന്ന് ചിന്തിക്കുമ്പോള്‍ എനിക്കായി വഴിയൊഴിഞ്ഞുപോയ പേരില്ലാതെ പോയ ആ ഏട്ടനെ ഓര്‍ക്കും. ഇന്ന് നൂലില്ലാപട്ടത്തെ പോലെ എവിടെയൊക്കെയോ അലഞ്ഞ് നടക്കുമ്പോളും ഇടയ്ക്ക് ആ മരത്തെ ഓര്‍ക്കും. അമ്മവീട് പിന്നെ അമ്മാവന്റെ വീടായി. ഈയിടെ അവരത് വിറ്റു. ഇനിയാ മരം അവിടെയുണ്ടാവില്ല. പക്ഷേ അതെന്റെ ഓര്‍മ്മകളിലും ചിന്തകളിലും കുരുങ്ങികിടക്കുന്നു. ഒരു തണുത്തകാറ്റിനൊപ്പം ആ ജീവനെ ഞാനറിയുന്നു.

10 comments:

രുദ്ര said...

ഒരു ബിഡേ ഗിഫ്റ്റ് Header ആയി മുകളില്‍. താങ്ക്സ്.

വിന്‍സ് said...

ആശംസകള്‍...പറഞ്ഞതു പോലെ അടുത്ത കൊല്ലമെങ്കിലും എനിക്കൊരു പെഗ് ചിലവു ചെയ്യാന്‍ മറക്കണ്ട.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓര്‍മ്മകള്‍ക്ക് മധുരം

Myanook Manipuram said...

Bday Wishes...
I have never commented abt ur articles till now.But ningalude lekhanangal thiranju pidichu vaayikunna oraal aanu njan...But rudra...i feel something strange in ur writings...i can smell the taste of sadness or lonliness in all the words....or lokathinodu motham anger or some kind of hatred...why is this?ithrem cheriya prayathil....Mattoru Nanditha(http://nanditha.net/) aakan sramikkukayano.Enthayalum athu nallathalla kuttee...Really i feel sad......

Teena C George said...

ഞാന്‍! A confused homosapien...

നിന്റെ ഈ കണ്‍ഫ്യൂഷന്‍ എന്നില്‍ ഒരു കുഞ്ഞു നൊമ്പരം ബാക്കിവയ്ക്കുന്നു...

ആശംസകള്‍...

നിഷാദ് said...

നല്ല എഴുത്ത് രുദ്രാ..

നന്ദകുമാര്‍ said...

മറന്നു തുടങ്ങിയ, കയ്പുനിറഞ്ഞ ഒരു പാട് പിറന്നാള്‍ ദിനങ്ങളെ അറിയാതെ ഓര്‍ത്തുപോയി.
അമ്പലത്തിലെ ബലിക്കല്ലില്‍ തലചായ്ച്ചു കരഞ്ഞ, യൌവ്വനത്തിലെ ഒരു കറുത്ത പിറന്നാള്‍ ദിനത്തെ ഓര്‍ത്തുപോയി.

പതിവുപോലെ എഴുത്തു സുന്ദരമായി എന്ന ഫോര്‍മാലിറ്റി പറയുന്നില്ല..ഓര്‍മ്മകളിലേക്ക് കടന്നു ചെല്ലാന്‍, അറിയാതെ ചെന്നെത്താന്‍ ഈ എഴുത്തിന് കഴിഞ്ഞു.

(വൈകി വന്ന കമന്റ് സ്വീരകരിക്കുമല്ലോ അല്ലേ?) :-)

ഗൗരിനാഥന്‍ said...

എന്തേ ഇപ്പൊഴും ഒരു കുഞ്ഞി സങ്കടം

രുദ്ര said...

ഗൌരീ, അതെന്തിനാന്ന് അറിയാമാരുന്നേ എന്നേ ഞാന്‍ രക്ഷപ്പെട്ടേനെ :)

കണ്ണനുണ്ണി said...

many many happy returns of the day ...