Sunday, October 26, 2008

പച്ചമുളക്

“നീ പിന്നെയും പിന്നെയും complicated ആയി വരുന്നു. എത്ര അഴിച്ചാലും മുറുകിപോവുന്ന ഒരു കുരുക്ക്. എങ്കിലും നിന്നില്‍ കുരുങ്ങികിടക്കാന്‍ ഞാനിഷ്ടപ്പെടുന്നു..” റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങി ബൈ പറഞ്ഞപ്പോള്‍ വരുണ്‍ കയ്യില്‍ വെച്ചുതന്ന ടിഷ്യൂപേപ്പറിലെ വാചകങ്ങള്‍ നിഷയുടെ മനസ്സില്‍ പ്രത്യേകിച്ച് ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല. ബസ്സില്‍ ടിക്കറ്റ് കൊടുക്കുന്നതിനിടയില്‍ പോക്കറ്റില്‍ നിന്ന് ഉതിര്‍ന്നുവീണ വാലുവളഞ്ഞിരിക്കുന്ന ഒരു പച്ചമുളക് തിരക്കിനിടയില്‍ നിന്നും കുനിഞ്ഞെടുത്ത് എന്തോ ഉരുവിട്ട് തിരിച്ച് വെക്കുന്നതിനിടെ കണ്ടക്ടറുടെ മുഖത്ത് തന്റെ എല്ലാ പ്രശ്നങ്ങളും ഒരു പച്ചമുളകിനെയേല്‍പ്പിച്ച സന്തോഷം തിങ്ങിനിന്നിരുന്നു. ബസ്സിറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ തണുത്തകാറ്റടിക്കുന്നുണ്ടായിരുന്നു. ഹോസ്റ്റലിന്റെ ഗേറ്റിലെത്തിയപ്പോള്‍ ഒട്ടും പരിചയം തോന്നാത്ത ഗാര്‍ഡ് “ഹാപ്പി ദീവാളി” എന്നു പറയുന്നു. നിഷ കോറിഡോറിലൂടെ പതുക്കെ നടന്നു. മിക്കവാറും മുറികളൊക്കെ പൂട്ടികിടക്കുന്നു. ദീവാളിയ്ക്ക് നാട്ടില്‍ പോയിരിക്കുകയാണ് മിക്കവരും. ഒരു എലി കാലിനരികിലൂടെ പാഞ്ഞുപോയി. കതകു തുറന്ന് അകത്ത് കയറിയപ്പോള്‍ ഇത്രനേരം എവിടെയായിരുന്നെന്നോ എന്തേ ഇത്ര വൈകിയതെന്നോ ആ നാലു ചുവരുകള്‍ വിളിച്ചുചോദിക്കാത്തതില്‍ നിഷയ്ക്ക് അമര്‍ഷം തോന്നി. ആ ചുവരില്‍ ചേര്‍ന്ന് നിന്ന് നിന്നെ ഞാന്‍ എത്ര സ്നേഹിക്കുന്നെന്നോ, എന്നിട്ടും എന്തേ നീയിങ്ങനെയെന്ന് അവള്‍ പതുക്കെ ചോദിച്ചു.

സ്വകാര്യതയിലേക്ക് “ദീദി, റൂം സാഫ് “ എന്ന വിളിയൊച്ച കതകില്‍ ആഞ്ഞുമുട്ടലിനൊപ്പം പലതവണ ആവര്‍ത്തിച്ചപ്പോള്‍ “ആപ്സെ കിത്നീ ബാര്‍ കഹ്നാ ഹേ, നഹീം കര്‍നാ!” എന്ന വാക്കുകള്‍ക്കൊപ്പം പതിവുള്ള സൌജന്യ ഒപ്പ് അവര്‍ക്ക് നിഷേധിച്ചപ്പോള്‍ ഒരു 17 രൂപ കൊണ്ട് ഈ ദീവാളിയ്ക്ക് ആ ക്ഷീണിച്ചമുഖത്തിന് എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നല്ലോയെന്ന തിരിച്ചറിവ് മനസ്സിനെ ഒരു നിമിഷത്തേയ്ക്ക് തളര്‍ത്തികളഞ്ഞു. അവള്‍ ഒരു പത്തുമിനിറ്റിനു ശേഷം വരികയായിരുന്നെങ്കില്‍.. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പേ അവള്‍ ഓടി വന്നു പറഞ്ഞിരുന്നു അനിയന് ജോലി കിട്ടിയെന്ന്. ‘ദീദി, വലിയൊരു ചെരുപ്പ്കടയിലാ, അവിടെ വരുന്ന പെണ്ണുങ്ങളുടെ കാലൊക്കെ കാണാന്‍ നല്ല ഭംഗിയാണത്രെ.‘ മൈലാഞ്ചിയിട്ട് ചുവപ്പിച്ച വിണ്ട്കീറിയ കാല്‍ മറച്ചു പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു ‘അവരെന്തൊക്കെയോ ചെയ്യുന്നത് കൊണ്ടാണ് അതങ്ങനെയിരിക്കുന്നതെന്ന്. അവന്‍ വിശ്വസിക്കുന്നില്ല. അല്ലേ ദീദി? എന്തൊ ചെയ്തിട്ടല്ലേ?” “മ്മ്.. പെഡിക്യൂര്‍’ അവള്‍ രണ്ട് വട്ടം അതുരുവിട്ടു നോക്കി. “ദീദി പിന്നെയും പറഞ്ഞുതന്നാല്‍ മതി. ഞാന്‍ മറന്നുപോവും, അവന്‍ കാശുക്കാരനായാല്‍ എനിക്കും അത് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്” ഇത്തിരി നാണത്തോടെ അവളോടി കളഞ്ഞു. രണ്ട് ദിവസത്തിനുശേഷം അവള്‍ പിന്നെയും വന്നു. “ദീദി അവനെ മുകളിലേയ്ക്ക് മാറ്റിയത്രെ. താഴെ വേണമെങ്കില്‍ കുറച്ചെങ്കിലും ഇംഗ്ലീഷ് അറിയണമെന്ന്. അവന്‍ ഇനി പോവുന്നില്ലെന്നാ പറയുന്നത്” അവള്‍ താഴെയ്ക്ക് നോക്കി പറഞ്ഞു. സീലിംഗിലൊട്ടിച്ചുവെച്ച കണ്ണാടികള്‍ക്കിടയില്‍ മുന്‍പെന്നോ കണ്ട ഒരു മുഖം ഓര്‍മ്മ വന്നു. ഒരുപാട് പെട്ടികള്‍ക്കിടയില്‍.. താഴെനിന്ന് സൈസ് നമ്പര്‍ വിളിച്ചുപറയുമ്പോള്‍ എറിഞ്ഞുകൊടുക്കാന്‍.

ഫോണ്‍ റിങ് ചെയ്തു.. “എത്തികഴിഞ്ഞാല്‍ വിളിച്ചൂടെ നിനക്കൊന്ന്?” വരുണായിരുന്നു. നിഷയ്ക്ക് ആരോടെങ്കിലും ഒന്ന് സംസാരിക്കണമായിരുന്നു അപ്പോള്‍. “നിന്റെ 17 രൂപ കിട്ടിയാല്‍ അവളുടെ പ്രശ്നങ്ങളൊക്കെ തീരുമോ?..” “അതല്ല വരുണ്‍, എനിക്കെന്തൊപോലെ. നാളെ ദീവാളിയല്ലെ, ഞാന്‍ എന്തെങ്കിലും കൊടുക്കട്ടെ അവള്‍ക്ക്? ഓണവും വിഷുവുമൊക്കെയാവുമ്പോള്‍ സഹായിക്കാന്‍ വരുന്നവര്‍ക്ക് അമ്മ കൊടുക്കാറുണ്ടല്ലോ. അതുപോലെ?” "കൊടുത്തോളു.. അവള്‍ കൂട്ടുക്കാരോടൊക്കെ പറഞ്ഞ് അവരു കൂടെ വന്നാലെന്തുചെയ്യും നീ? പിന്നെ റൂള്‍സിനെതിരാണ് അത്.” “ഉം” നിഷ വെറുതെ മൂളി. “എന്നാ ഫീസടയ്ക്കേണ്ട ലാസ്റ്റ് ഡേറ്റ്?” വരുണ്‍ ചോദിച്ചു.. “നെക്സ്റ്റ് വീക്ക്..” “അതടയ്ക്കു ആദ്യം., ഭക്ഷണം കഴിക്കാന്‍ പോയാ ടേബിള്‍ തുടയ്ക്കുന്ന പയ്യനെയെ കാണു. ബീച്ചില്‍ പോയാ കപ്പലണ്ടി കൊണ്ടുവരുന്ന പയ്യന്റെ കീറിയ ഷര്‍ട്ട്. വേറൊന്നും കാണാനില്ലേ നിനക്ക്?” വരുണ്‍ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.
******
നിഷ റൂം പൂട്ടിയിറങ്ങി. വാലുവളഞ്ഞ ഒരു പച്ചമുളക് വാങ്ങാന്‍..
*****

13 comments:

സാംഷ്യ റോഷ് said...

:) നല്ല കഥ..

ജിഹേഷ്:johndaughter: said...

me too confused..lemme read again..

Sharu.... said...

വളരെ ഇഷ്ടമായി ഈ കഥ

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ജിഹേഷ്:johndaughter: said...

പച്ചമുളകും കഥയുമായുള്ള ബന്ധം ആദ്യമൊന്നും പിടികിട്ടിയില്ല..:(


കഥ ഇഷ്ടപ്പെട്ടു :)

രുദ്ര said...

സാംഷ്യ, ഷാരു, sv :) നന്ദി..
ജിഹേഷ് :) [എനിക്കു ഭ്രാന്തില്ലാ‍ാ ;)]
ഇവിടെ കാറിന്റേയും വീടിന്റേയും മുന്‍പിലൊക്കെ പച്ചമുളകും ചെറുനാരങ്ങയും തൂക്കിയിടുന്നത് കണ്ടിട്ടുണ്ട്. ഈയടുത്താണ് ചിലരൊക്കെ കയ്യില്‍ വെയ്ക്കുംന്നറിഞ്ഞത്/കണ്ടത്. അപ്പോ ഒരു കൌതുകം :) [പച്ചമുളകിനെ കണക്റ്റ് ചെയ്ത് ഒരു റെസിപി എഴുതാനാണെ ഒരു ചായ വെച്ച് പോലും എക്സ്പീരിയന്‍സില്ല :(]
രണ്ടാമതുംവായിച്ച് (എന്റീശ്വരാ!] അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് നന്ദിയുണ്ട് :)

lakshmy said...

കഥ നന്നായി

smitha adharsh said...

ഇഷ്ടപ്പെട്ടു..നല്ല കഥ..

Haree | ഹരീ said...

കൊള്ളാല്ലോ വീഡിയോണ്‍! :-)
--

Arun Meethale Chirakkal said...

ഞാനും ഇതൊക്കെ തന്നെയാ കാണുന്നത്...
പച്ചമുളകുകൊന്ടു തീരുമെന്ന് തോന്നുന്നില്ല എന്‍റെ പ്രശ്നം.

Arun Meethale Chirakkal said...

"green chilly will not be sufficient."

ഗ്രീന്‍ ചില്ലി മതിയാകില്ല
എന്നാലും ചിലപ്പോള്‍ ഗ്രീന്‍ ചില്ലി മതിയാകും
ഉപ്പ് തേച്ച ഗ്ലാസില്‍ റം ഒഴിച്ച് ഒരു ഗ്രീന്‍ ചില്ലി നെടുകെ പിളര്‍ന്ന്...

സിമി said...

ഉഗ്രന്‍! ഇഷ്ടപ്പെട്ടു :)
പച്ചമുളകും കൊണ്ട് നടക്കാന്‍ എനിക്കു പറ്റൂല്ല. ബോറടിക്കുമ്പൊ എടുത്തു കടിക്കും.

വിന്‍സ് said...

pretty good...i liked it.