Tuesday, December 30, 2008

Happy New year

Wish you all a happy new year :)

Sunday, October 26, 2008

പച്ചമുളക്

“നീ പിന്നെയും പിന്നെയും complicated ആയി വരുന്നു. എത്ര അഴിച്ചാലും മുറുകിപോവുന്ന ഒരു കുരുക്ക്. എങ്കിലും നിന്നില്‍ കുരുങ്ങികിടക്കാന്‍ ഞാനിഷ്ടപ്പെടുന്നു..” റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങി ബൈ പറഞ്ഞപ്പോള്‍ വരുണ്‍ കയ്യില്‍ വെച്ചുതന്ന ടിഷ്യൂപേപ്പറിലെ വാചകങ്ങള്‍ നിഷയുടെ മനസ്സില്‍ പ്രത്യേകിച്ച് ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല. ബസ്സില്‍ ടിക്കറ്റ് കൊടുക്കുന്നതിനിടയില്‍ പോക്കറ്റില്‍ നിന്ന് ഉതിര്‍ന്നുവീണ വാലുവളഞ്ഞിരിക്കുന്ന ഒരു പച്ചമുളക് തിരക്കിനിടയില്‍ നിന്നും കുനിഞ്ഞെടുത്ത് എന്തോ ഉരുവിട്ട് തിരിച്ച് വെക്കുന്നതിനിടെ കണ്ടക്ടറുടെ മുഖത്ത് തന്റെ എല്ലാ പ്രശ്നങ്ങളും ഒരു പച്ചമുളകിനെയേല്‍പ്പിച്ച സന്തോഷം തിങ്ങിനിന്നിരുന്നു. ബസ്സിറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ തണുത്തകാറ്റടിക്കുന്നുണ്ടായിരുന്നു. ഹോസ്റ്റലിന്റെ ഗേറ്റിലെത്തിയപ്പോള്‍ ഒട്ടും പരിചയം തോന്നാത്ത ഗാര്‍ഡ് “ഹാപ്പി ദീവാളി” എന്നു പറയുന്നു. നിഷ കോറിഡോറിലൂടെ പതുക്കെ നടന്നു. മിക്കവാറും മുറികളൊക്കെ പൂട്ടികിടക്കുന്നു. ദീവാളിയ്ക്ക് നാട്ടില്‍ പോയിരിക്കുകയാണ് മിക്കവരും. ഒരു എലി കാലിനരികിലൂടെ പാഞ്ഞുപോയി. കതകു തുറന്ന് അകത്ത് കയറിയപ്പോള്‍ ഇത്രനേരം എവിടെയായിരുന്നെന്നോ എന്തേ ഇത്ര വൈകിയതെന്നോ ആ നാലു ചുവരുകള്‍ വിളിച്ചുചോദിക്കാത്തതില്‍ നിഷയ്ക്ക് അമര്‍ഷം തോന്നി. ആ ചുവരില്‍ ചേര്‍ന്ന് നിന്ന് നിന്നെ ഞാന്‍ എത്ര സ്നേഹിക്കുന്നെന്നോ, എന്നിട്ടും എന്തേ നീയിങ്ങനെയെന്ന് അവള്‍ പതുക്കെ ചോദിച്ചു.

സ്വകാര്യതയിലേക്ക് “ദീദി, റൂം സാഫ് “ എന്ന വിളിയൊച്ച കതകില്‍ ആഞ്ഞുമുട്ടലിനൊപ്പം പലതവണ ആവര്‍ത്തിച്ചപ്പോള്‍ “ആപ്സെ കിത്നീ ബാര്‍ കഹ്നാ ഹേ, നഹീം കര്‍നാ!” എന്ന വാക്കുകള്‍ക്കൊപ്പം പതിവുള്ള സൌജന്യ ഒപ്പ് അവര്‍ക്ക് നിഷേധിച്ചപ്പോള്‍ ഒരു 17 രൂപ കൊണ്ട് ഈ ദീവാളിയ്ക്ക് ആ ക്ഷീണിച്ചമുഖത്തിന് എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നല്ലോയെന്ന തിരിച്ചറിവ് മനസ്സിനെ ഒരു നിമിഷത്തേയ്ക്ക് തളര്‍ത്തികളഞ്ഞു. അവള്‍ ഒരു പത്തുമിനിറ്റിനു ശേഷം വരികയായിരുന്നെങ്കില്‍.. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പേ അവള്‍ ഓടി വന്നു പറഞ്ഞിരുന്നു അനിയന് ജോലി കിട്ടിയെന്ന്. ‘ദീദി, വലിയൊരു ചെരുപ്പ്കടയിലാ, അവിടെ വരുന്ന പെണ്ണുങ്ങളുടെ കാലൊക്കെ കാണാന്‍ നല്ല ഭംഗിയാണത്രെ.‘ മൈലാഞ്ചിയിട്ട് ചുവപ്പിച്ച വിണ്ട്കീറിയ കാല്‍ മറച്ചു പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു ‘അവരെന്തൊക്കെയോ ചെയ്യുന്നത് കൊണ്ടാണ് അതങ്ങനെയിരിക്കുന്നതെന്ന്. അവന്‍ വിശ്വസിക്കുന്നില്ല. അല്ലേ ദീദി? എന്തൊ ചെയ്തിട്ടല്ലേ?” “മ്മ്.. പെഡിക്യൂര്‍’ അവള്‍ രണ്ട് വട്ടം അതുരുവിട്ടു നോക്കി. “ദീദി പിന്നെയും പറഞ്ഞുതന്നാല്‍ മതി. ഞാന്‍ മറന്നുപോവും, അവന്‍ കാശുക്കാരനായാല്‍ എനിക്കും അത് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്” ഇത്തിരി നാണത്തോടെ അവളോടി കളഞ്ഞു. രണ്ട് ദിവസത്തിനുശേഷം അവള്‍ പിന്നെയും വന്നു. “ദീദി അവനെ മുകളിലേയ്ക്ക് മാറ്റിയത്രെ. താഴെ വേണമെങ്കില്‍ കുറച്ചെങ്കിലും ഇംഗ്ലീഷ് അറിയണമെന്ന്. അവന്‍ ഇനി പോവുന്നില്ലെന്നാ പറയുന്നത്” അവള്‍ താഴെയ്ക്ക് നോക്കി പറഞ്ഞു. സീലിംഗിലൊട്ടിച്ചുവെച്ച കണ്ണാടികള്‍ക്കിടയില്‍ മുന്‍പെന്നോ കണ്ട ഒരു മുഖം ഓര്‍മ്മ വന്നു. ഒരുപാട് പെട്ടികള്‍ക്കിടയില്‍.. താഴെനിന്ന് സൈസ് നമ്പര്‍ വിളിച്ചുപറയുമ്പോള്‍ എറിഞ്ഞുകൊടുക്കാന്‍.

ഫോണ്‍ റിങ് ചെയ്തു.. “എത്തികഴിഞ്ഞാല്‍ വിളിച്ചൂടെ നിനക്കൊന്ന്?” വരുണായിരുന്നു. നിഷയ്ക്ക് ആരോടെങ്കിലും ഒന്ന് സംസാരിക്കണമായിരുന്നു അപ്പോള്‍. “നിന്റെ 17 രൂപ കിട്ടിയാല്‍ അവളുടെ പ്രശ്നങ്ങളൊക്കെ തീരുമോ?..” “അതല്ല വരുണ്‍, എനിക്കെന്തൊപോലെ. നാളെ ദീവാളിയല്ലെ, ഞാന്‍ എന്തെങ്കിലും കൊടുക്കട്ടെ അവള്‍ക്ക്? ഓണവും വിഷുവുമൊക്കെയാവുമ്പോള്‍ സഹായിക്കാന്‍ വരുന്നവര്‍ക്ക് അമ്മ കൊടുക്കാറുണ്ടല്ലോ. അതുപോലെ?” "കൊടുത്തോളു.. അവള്‍ കൂട്ടുക്കാരോടൊക്കെ പറഞ്ഞ് അവരു കൂടെ വന്നാലെന്തുചെയ്യും നീ? പിന്നെ റൂള്‍സിനെതിരാണ് അത്.” “ഉം” നിഷ വെറുതെ മൂളി. “എന്നാ ഫീസടയ്ക്കേണ്ട ലാസ്റ്റ് ഡേറ്റ്?” വരുണ്‍ ചോദിച്ചു.. “നെക്സ്റ്റ് വീക്ക്..” “അതടയ്ക്കു ആദ്യം., ഭക്ഷണം കഴിക്കാന്‍ പോയാ ടേബിള്‍ തുടയ്ക്കുന്ന പയ്യനെയെ കാണു. ബീച്ചില്‍ പോയാ കപ്പലണ്ടി കൊണ്ടുവരുന്ന പയ്യന്റെ കീറിയ ഷര്‍ട്ട്. വേറൊന്നും കാണാനില്ലേ നിനക്ക്?” വരുണ്‍ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.
******
നിഷ റൂം പൂട്ടിയിറങ്ങി. വാലുവളഞ്ഞ ഒരു പച്ചമുളക് വാങ്ങാന്‍..
*****

Thursday, July 17, 2008

കറുത്ത സ്വപ്നങ്ങള്‍

"എന്നിട്ട്?" മുഖത്തേയ്ക്ക് വലിച്ചിട്ട ദുപ്പട്ടയുടെ നേരിയ സുതാര്യതയിലൂടെ ആകാശം നോക്കികിടന്നു കൊണ്ടവള്‍ ചോദിച്ചു. അവളുടെ കണ്ണുകളില്‍ മേഘങ്ങള്‍ എവിടേയ്ക്കോ മാഞ്ഞുകൊണ്ടിരുന്നു. "എന്നിട്ടെന്താ! മുകളില്‍ കൂടെ ഗ്രിത്സ് ഇട്ടപ്പോള്‍ വീടൊരു പട്ടിക്കൂട് പോലെയായി. എഞ്ചിനീയര്‍ അന്ന് പ്ലാന്‍ കൊണ്ടുവന്നപ്പോള്‍ പ്രതീക്ഷിച്ചത് വേറൊന്ന്, അവസാനം ഒരു കോണ്‍ക്രീറ്റ്കോട്ടയായി" പെന്‍സില്‍ കടിച്ച് പിടിച്ചുകൊണ്ട് വരച്ചുവെക്കുന്നതിലെന്തോ ശ്രദ്ധയോടെ മായ്ക്കാന്‍ തുടങ്ങി അയാള്‍. "ഇനി താന്‍ പറയൂ". അവള്‍ കണ്ണുകളടച്ചു.

അകലെ നിന്നേ കാണുന്ന ഇളം ചുവപ്പുനിറത്തിലുള്ള തൂണ്.. ഇരുവശങ്ങളിലും പായല്‍ പിടിച്ച് കല്പടവുകള്‍.. ആദ്യം നടക്കുന്നത് കിണറിനരികിലേക്ക്.. കിണറ്റിലേക്ക് ബക്കറ്റിടുന്ന ശബ്ദം കേട്ടപ്പോള്‍ ആരോ പറയുന്നു. "അകത്ത് കേറിവന്ന് വെള്ളം കുടിച്ചൂടെ നെനക്ക്? നട്ടുച്ചയ്ക്ക് കിണറ്റുങ്കരെ പോയി നിക്കണോ?" തണുത്തവെള്ളം കോരിക്കുടിച്ച്, മുഖം കഴുകി, വീട്ടിലേയ്ക്ക്.. ഊണ് കഴിഞ്ഞ് തണുപ്പ് ഉള്ളിലേക്കെടുക്കാന്‍ തറയില്‍ മുഖമമര്‍ത്തി., പിന്നീടെപ്പൊളോ ആരോടോ പിണങ്ങി കോണിപ്പടിക്കടിയില്‍. അവിടത്തെ ഇരുട്ടിലിരുന്ന് തനിയെ സംസാരിച്ചു, ആരോടോ പരാതികള്‍ പറഞ്ഞു. പകുതിയിരിട്ടുള്ള മൂലകള്‍.. ആകാശം നോക്കി കിടക്കുന്ന പരുപരുത്ത ടെറസ്സ്.. കയ്യെത്തിപിടിച്ചാല്‍ കിട്ടുന്ന മാങ്ങകളുമായി നിഴല്‍ വിരിച്ചുനില്‍ക്കുന്ന മാവ്.. മഴപെയ്യുമ്പോള്‍ പകുതിയും നനഞ്ഞ് പോവുന്ന ഉമ്മറം..

"അതായിരുന്നു എന്റെ വീട്. എങ്ങനുണ്ട്?" അവള്‍ അയാളോട് ചോദിച്ചു. "ബെസ്റ്റ്! സ്റ്റെപ്പും കിണറും തറയും ഒളിച്ചിരിക്കാന്‍ കോര്‍ണറും" അവള്‍ ഉറക്കെ ചിരിച്ചു. ദുപ്പട്ട അവളുടെ മുഖത്ത് നിന്ന് തെന്നിമാറി. അയാള്‍ക്ക് എന്തോ ചിരിക്കാന്‍ തോന്നിയില്ല. "ഇത് നോക്കു. കംപ്ലീറ്റായിട്ടില്ല. തന്റെ റൂം ഇതാ ഇവിടെ. തനിക്ക് ഡിസൈന്‍ ചെയ്യാം. circular ആയിട്ടോ triangular ആയിട്ടോ എങ്ങനെ വേണമെങ്കിലും" അയാള്‍ പറഞ്ഞു.

"നീ ചെയ്തോളു" അവള്‍ പറഞ്ഞു. വീണ്ടും അവള്‍ ദുപ്പട്ട മുഖത്തേയ്ക്കു വലിച്ചിട്ടു. ആകാശത്തിനപ്പോള്‍ നേരിയ സ്വര്‍ണ്ണ നിറമായിരുന്നു. "എന്റെ മുറിയ്ക്ക് മേല്‍ക്കൂരകള്‍ വേണ്ട, മഴയില്‍ കുതിര്‍ന്നു പോവുന്ന പൊരിവെയിലില്‍ പൊള്ളിപോവുന്ന ഒരു മുറി." "ബുള്‍ഷിറ്റ്. " അയാള്‍ എഴുന്നേറ്റ് തെരുവിലേയ്ക്ക് നോക്കിനിന്നു. ആ തെരുവിനപ്പുറം മുഷിഞ്ഞ വേഷങ്ങളായിരുന്നു. "contrasting harmony" എന്നായിരുന്നു അവര്‍ ആ ഫ്ലാറ്റില്‍ താമസമാക്കിയപ്പോള്‍ തെരുവിനെ നോക്കി അവള്‍ പറഞ്ഞത്. ആഞ്ഞുവീശിയ ഒരു കാറ്റില്‍ അവളുടെ മുഖത്ത് നിന്ന് ദുപ്പട്ട പറന്നു പോയി. മേല്‍ക്കൂരയില്ലാത്ത മുറിയില്‍ നിന്നും പറന്നുപോകുന്ന സ്വപ്നങ്ങളെയും ചിന്തകളേയും കുറിച്ചാലോചിച്ച് അവള്‍ മറയില്ലാതെ ആകാശത്തേയ്ക്ക് നോക്കികിടന്നു. ആകാശത്ത് നിന്ന് പറന്നിറങ്ങിയ, വെള്ളയില്‍ നീലപൂക്കളുള്ള ആ ദുപ്പട്ട അതിശയത്തോടെ കൂട്ടിപിടിച്ച് തെരുവിലൂടെ ഒരു കൊച്ചുപെണ്‍ക്കുട്ടി മേല്‍ക്കൂരകളില്ലാത്ത വീട്ടിലേയ്ക്ക് നടന്നുപോയി.ഭ്രാന്തന്‍ സ്വപ്നങ്ങളും കറുത്ത യാഥാര്‍ത്ഥ്യങ്ങളും പിരിഞ്ഞ് കിടക്കുന്ന ആ വഴിയിലേയ്ക്ക് നോക്കി ഒന്ന് നിശ്വസിച്ച് അയാളൊരു സിഗറിന് തീ കൊളുത്തി.

Friday, July 4, 2008

ഇന്ന്.

ഇന്ന്! ഒരു സാധാരണ ദിവസമായിരിക്കും. ട്രീറ്റ് കൊടുത്ത് വാലെറ്റിന്റെ കനം ഇത്തിരി കുറയും. കോളുകള്‍ക്ക് ആദ്യം പറയേണ്ടിവരുന്ന മറുപടി "താങ്ക്സ് ഡിയര്‍.. " ബര്‍ത്ഡേ റിമൈന്‍ഡര്‍ സ്പാമിലേയ്ക്ക് തിരിച്ചുവെച്ച് ഓര്‍മ്മകളുടെ ഭാരം ഒഴിവാക്കാന്‍‍ മനപ്പൂര്‍വ്വം ശ്രമിക്കാറുള്ള ഞാന്‍ പരമാവധി ഭാവം വാക്കുകളില്‍ വരുത്തി പറയും. ആഘോഷങ്ങളില്‍ പകുതി കഴിഞ്ഞു. കേക്ക് കഴിച്ചതിലും കൂടുതല്‍ പലരായി മുഖത്ത് വാരിതേച്ചു. മുന്‍പൊരിക്കല്‍ ബര്‍ത്ഡേ ബംസിനു ശേഷം രണ്ടാഴ്ച നടുവേദനയായ കാരണം തുടര്‍കലാപരിപാടികളില്‍ നിന്ന് അതൊഴിവായികിട്ടി. കഴിഞ്ഞ കൊല്ലത്തെ ഈ ദിവസത്തില്‍ നിന്ന് ഇന്ന് ഒരു മാറ്റവും സംഭവിച്ചില്ല. ജീവിതത്തില്‍ ഒരില പോലും അനങ്ങിയില്ല.‘സ്റ്റാച്യൂ’ എന്നാരോ കല്‍പ്പിച്ച പോലെ.

കുട്ടിക്കാലത്ത് നാള്‍ വെച്ചായിരുന്നു ആഘോഷം. ആഘോഷമെന്ന് വെച്ചാല്‍ പായസം ഉണ്ടാകും. താഴെയിരുന്ന് ഇലയില്‍ ഊണ് കഴിക്കും. അമ്പലത്തില്‍ പോവും [അമ്മ:)]. ആരേലും വിഷ് ചെയ്യാറുണ്ടോ! ഉറക്കമെണീറ്റ് അടുക്കളയില്‍ ചെന്നാല്‍ അമ്മ നന്നായൊന്ന് ചിരിക്കും. കുളിച്ചിട്ടേ എന്തെങ്കിലും കഴിക്കാന്‍ പാടുള്ളു. ഏട്ടനേയും ചേച്ചിയേയും കുറേയിടിക്കാം. ആരും വഴക്കുപറയില്ല, തല്ലില്ല. പിന്നെ ജീവിതത്തിന്റെ രണ്ടാം ഘട്ടമായ സ്ക്കൂള്‍ ജീ‍വിതത്തില്‍ അസംബ്ലിയ്ക്ക് ഒരു പൂവ് തന്ന് എല്ലാവരും ഒരുമിച്ച് വിഷ് ചെയ്യലാണ് പതിവ്. അതില്‍ വലിയ താത്പര്യമില്ലാത്തത് കൊണ്ട് ജൂണിലെ വെക്കേഷന് തന്നെ വീട്ടില്‍ എല്ലാവര്‍ക്കും ഒഴിവുള്ള ദിവസം തിരഞ്ഞെടുത്ത് പിറന്നാളാക്കും. പിറന്നാളാണെന്ന് സ്ക്കൂളില്‍ ആരോടും പറയില്ല. ഒരു പക്ഷേ "Dont do, I dont wnt 2 b noticed" എന്ന് ഈ ബ്ലോഗ്ഗിന്റെ ലിങ്ക് മറ്റുള്ളവര്‍ക്ക് കൊടുത്ത് വായിപ്പിക്കുന്ന സുഹൃത്തിനോട് പറയുന്നതും ആ മനോവൈകല്യത്തിന്റെ തുടര്‍ച്ചയാകാം.

ഇപ്പോള്‍ പലരും ഓര്‍ക്കുന്നു. പലരേയും ഓര്‍മ്മിപ്പിക്കുന്നു. കൂട്ടുക്കാര് തരുന്ന ചെറിയ ചെറിയ ഗിഫ്റ്റുകള്‍. കുറച്ച് കൊല്ലം മുന്‍പ് വരെ പേനയായിരുന്നു എല്ലാവരും തന്നിരുന്നത്. പഠിക്കുന്ന, എഴുതുന്ന കുട്ടിയ്ക്ക് പേനയില്‍ കൂടിയ സമ്മാനമെന്ത്! കോളേജില്‍ പഠിക്കുമ്പോള്‍ വരെ ഹീറോ പെന്‍ മാത്രം ഉപയോഗിച്ചിരുന്ന എനിക്ക് അതൊന്നും ആവശ്യമില്ലായിരുന്നു. ഏറ്റവും വെറുപ്പ് തോന്നിയിട്ടുള്ള സമ്മാനവും അത് ത്നനെ. ഡിഗ്രി കഴിഞ്ഞപ്പോള്‍ ഒരു സെറ്റ് പാര്‍ക്കര്‍ പെന്‍ സമ്മാനമായി വന്നു. പല രാത്രികളിലായി അതൊക്കെ കുത്തി പൊട്ടിച്ച് മഷിയൊഴുക്കി കളഞ്ഞ് ആരോടൊക്കെയോയുള്ള വൈരാ‍ഗ്യം തീര്‍ത്തു. വര്‍ണ്ണകടലാസുകള്‍ സ്വപ്നം കണ്ട ഒരു കൊച്ചുപെണ്‍ക്കുട്ടി വെറുതെ ചിരിച്ചു.

എന്റെ ജനനത്തെ പറ്റി സീരിയസായും അല്ലാതെയും ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് അമ്മവീട്ടില്‍ തെക്കേ മുറ്റത്ത് നിന്നിരുന്ന ഒരു ചെറിയ മരമാണ്. ആ മരമെന്തോ അധികം വളര്‍ന്നില്ല, പൂക്കുകയും കായ്ക്കുകയും ചെയ്തില്ല. നാം രണ്ട് നമുക്ക് മൂന്നെന്ന് വിശ്വസിച്ച മാതാശ്രീയ്ക്കും പിതാശ്രിയ്ക്കും ഞാനെന്ന മകള്‍ ജനിക്കാന്‍ ആ മരത്തിന്റെ ജനനം ഒരു നിമിത്തമായി. ഏട്ടനും മുന്‍പേ അമ്മയ്ക്കൊരു മകന്‍ ഉണ്ടായത് പ്രസവത്തിന് ശേഷം അധികം ജീവിച്ചിരുന്നില്ല. അമ്മയുടെ ഓര്‍മ്മകളില്‍ പോലും ആ ഉണ്ണിയുടെ മുഖത്തിന് അധികം തെളിമയില്ല. പിറവിയും മരണവും തമ്മിലുള്ള ദൂരം വളരെ കുറഞ്ഞ ഉണ്ണിയെ അടക്കം ചെയ്ത സ്ഥലത്താണ് ആ മരം. ഒഴിവാക്കാമായിരുന്നെങ്കില്‍ ഞാനെന്റെ ജനനം ഒഴിവാക്കിയേനേയെന്ന് ചിന്തിക്കുമ്പോള്‍ എനിക്കായി വഴിയൊഴിഞ്ഞുപോയ പേരില്ലാതെ പോയ ആ ഏട്ടനെ ഓര്‍ക്കും. ഇന്ന് നൂലില്ലാപട്ടത്തെ പോലെ എവിടെയൊക്കെയോ അലഞ്ഞ് നടക്കുമ്പോളും ഇടയ്ക്ക് ആ മരത്തെ ഓര്‍ക്കും. അമ്മവീട് പിന്നെ അമ്മാവന്റെ വീടായി. ഈയിടെ അവരത് വിറ്റു. ഇനിയാ മരം അവിടെയുണ്ടാവില്ല. പക്ഷേ അതെന്റെ ഓര്‍മ്മകളിലും ചിന്തകളിലും കുരുങ്ങികിടക്കുന്നു. ഒരു തണുത്തകാറ്റിനൊപ്പം ആ ജീവനെ ഞാനറിയുന്നു.

Tuesday, June 17, 2008

Its time for a break-up :)

Sunday, June 8, 2008

മോഡലിംഗ് മിറാക്കിള്‍സ്

ഗ്രാഫ് നിമിഷങ്ങള്‍ക്കകം current year-ലെ മാസങ്ങളിലൂടെ കടന്നുപോയി. മായ ഒന്ന് നിശ്വസിച്ചു. ഒരുപാട് ദിവസത്തെ അധ്വാനം. തന്റെ പ്രൊജക്ട് റെയിന്‍ മോഡല്‍ ചെയ്യാനാണെന്ന് ഗൈഡ് പറഞ്ഞപ്പോള്‍ ആദ്യം പഠിച്ചതെല്ലാം മറന്ന് ഒന്ന് ചിരിക്കണമെന്ന് തോന്നി. ആദ്യം ഓര്‍മ്മ വന്നത് വിഷുഫലം പറയാന്‍ വന്നിരുന്ന വെളുത്ത് മെലിഞ്ഞ് ഉയരം കുറഞ്ഞ് ചിരി മാത്രം കണ്ടിട്ടുള്ള ഒരു മുഖമാണ്. വിഷുഫലം പറയുന്നതിനിടെ ആ വര്‍ഷത്തെ വൃഷ്ടി കൂടി ‘പറ/നാഴി’ എന്ന യൂണിറ്റ് ചേര്‍ത്ത് പറയും. അതെത്രയാണ്? അറിയില്ല. ആരോടെങ്കിലും ചോദിച്ചിട്ടുണ്ടോ? ഓര്‍മ്മയില്ല. അമ്മമ്മ കൊടുക്കുന്ന കാശ് വാങ്ങി പിന്നെയും ചിരിച്ച് അയാള്‍ അടുത്ത വീട്ടിലേയ്ക്ക് പോവും. അയാളെ കൊല്ലത്തില്‍ ആ ദിവസത്തില്‍ മാത്രെ മായ കണ്ടിട്ടുള്ളു. “അപ്പോള്‍ ഈ വര്‍ഷവും നല്ല മഴയുണ്ട്” അമ്മമ്മയുടെ ആത്മഗതം. അമ്മമ്മയ്ക്ക് അയാളെ വലിയ വിശ്വാസമായിരുന്നു. വീട്ടിലെ മറ്റാരും അയാളുടെ വരവില്‍ താത്പര്യം പ്രകടിപ്പിച്ചു കണ്ടിട്ടില്ല. മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികള്‍ ഒന്ന് തല പൊക്കി നോക്കി പിന്നെയും കളിയില്‍ മുഴുകും. അകത്ത് എന്തെങ്കിലും പണിയിലായിരിക്കുന്ന അമ്മ ആരാ വന്നെന്ന് പോലും ശ്രദ്ധിക്കാറില്ല. അമ്മ കൂടെ ശ്രദ്ധിക്കേണ്ട ആളാണെങ്കില്‍ അമ്മമ്മയുടെ അറിയിപ്പുണ്ടാകും അകത്തേയ്ക്ക്. ആ വര്‍ഷത്തെ മഴ മുഴുവന്‍ മോഡല്‍ ചെയ്ത് ഫലം പറയുന്ന ആളെയാണ് വലിയ പരിഗണനയൊന്നും കൊടുക്കാതെ പറഞ്ഞ് വിടുന്നതെന്ന് അവരറിഞ്ഞില്ലല്ലോ.

Meteorological ഡിപാര്‍ട്മെന്റില്‍ നിന്നും ബാക്കി പലയിടത്ത് നിന്നും വാങ്ങി കൊണ്ടുവന്ന ഡാറ്റ മാസങ്ങളോളം മായയുടെ ടേബിളിലെ ആക്ടീവ് ഫയലില്‍ ഇരുന്നു. പ്രോഗ്രാമിങ്ങും സിമുലേഷന്‍സ് റണ്‍ ചെയ്യിക്കലുമൊക്കെയായി രാവ് പകലായി മാസങ്ങള്‍ കടന്നുപോയി. ലിറ്ററേച്ചര്‍ സര്‍വെയ്ക്കിടയില്‍ ആ കണിയാന്റെ പേര് എവിടെയും കണ്ടുകിട്ടിയില്ലല്ലോയെന്ന് മായ കുസൃതിയോടെ ഓര്‍ത്തു. ഇപ്പോള്‍ റിസല്‍ട്ട് current year-ല്‍ എത്തി നില്‍ക്കുന്നു. “എന്റെ മോഡല്‍ അനുസരിച്ച് അവിടെ cultivation നടക്കില്ല. പ്രത്യേകിച്ച് ഈ crops" ഫീല്‍ഡില്‍ നിന്ന് കിട്ടിയ ഡാറ്റയും സ്വന്തം മോഡലും മുന്നില്‍ വെച്ച് തലയ്ക്ക് കൈ കൊടുത്ത് മൃണാള്‍. “Its really frustrating" ലാബില്‍ നിന്ന് ഏറ്റവും അവസാനം പോകുന്ന ആളാണ് മൃണാള്‍. ചിലപ്പോള്‍ ഉറക്കവും അവിടെ തന്നെ. രാവിലെ ചെല്ലുമ്പോള്‍ ഉറങ്ങിയെണീറ്റ് പോവുന്നത് കാണാം. “എവിടെയെങ്കിലും എറര്‍ വന്നുകാണുമെന്നെ, നീ സമാധാനായിട്ടിരുന്ന് ചെക്ക് ചെയ്യൂ” കാന്റീനില്‍ നിന്ന് കഴിക്കാനെന്തൊക്കെയോ വാങ്ങി വന്ന മാത്യൂസ്. “I am sure, I have done everything with maximum perfection" പിന്നെയും മൃണാള്‍. “അതിനേക്കാള്‍ പെര്‍ഫെക്ട് ആയി ചെയ്യുന്ന ആളാണ് അവിടെ ആ കൃഷിയിറക്കിയിരിക്കുന്നെ. അപ്പോ പൊന്നുമോന്‍ ഡിന്നറൊക്കെ കഴിച്ച് ഒന്ന് കിടന്നുറങ്ങിയിട്ട് നാളെ വന്ന് ശരിക്കും നോക്കു.” മാത്യൂസ്. മൃണാള്‍ ഏകദേശം കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. അവന്‍ എഴുന്നേറ്റുപോയി. “മത്തായിച്ചാ. അവന് പ്രോഗ്രെസ്സ് റിപ്പോര്‍ട്ട് അടുത്ത ആഴ്ച കൊടുക്കേണ്ടതാ, വെറുതെ കളി പറഞ്ഞവനെ ഡെസ്പാക്കല്ലെ” മറ്റൊരു ഡെസ്ക്കില്‍ നിന്നും ആദിത്. “നല്ല മഴ പെയ്യുന്നുണ്ട്”

മഴ പെയ്യട്ടെ, മനസ്സിലോര്‍ത്ത് കൊണ്ട് മായ ജൂലൈ ഒന്ന് സൂം ചെയ്ത് വെച്ചു. “എടോ.. ഇന്ന് കാര്യായിട്ടാണല്ലോ! ദേ രഘുസാറിന്റെ കാറൊക്കെ പകുതി മുങ്ങി” കോഫിയെടുക്കാന്‍ ജനലിനരികിലെത്തിയ ആദിത് വിളിച്ച് പറഞ്ഞു. ഇന്ന് ഒരു 28, വല്ല അത്ഭുതവും സംഭവിക്കയാണെങ്കില്‍ 45, അതിനപ്പുറം പോവില്ല. ഡിപാര്‍ട്മെന്റ് കുറച്ച് താഴ്ന്ന സ്ഥലത്തല്ലേ, അതുകൊണ്ടായിരിക്കും. ഡ്രെയ്നേജൊന്നും ഇപ്രാവശ്യം ശരിക്ക് ക്ലീന്‍ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. മായ ഒരിക്കല്‍കൂടെ ഡാറ്റയൊക്കെ ചെക്ക് ചെയ്തു. എല്ലാവരും പണി നിര്‍ത്തി ജനലിനരികില്‍ പോയി നില്‍ക്കുകയാണ്. മഴ തകര്‍ത്ത് പെയ്യുന്നു. ഫോണ്‍ ബെല്ലടിക്കുന്നു. “മായാ.. ഫോണ്‍“ ആദിത് വിളിച്ച് പറഞ്ഞു. ഇന്റേര്‍ണലില്‍ ആരാ വിളിക്കുന്നെന്ന് ഓര്‍ത്ത് മൊബൈല്‍ നോക്കിയപ്പോള്‍ റേഞ്ചില്ല. “മായാ.. ആര്‍ യൂ സെയ്ഫ്? ഇവിടെ എല്ലാവരും വറീഡാണ്. ഗ്രൌണ്ട് ഫ്ലോറില്‍ വെള്ളം കയറി. റോഡിലൊക്കെ ഭയങ്കര വെള്ളാ. സ്റ്റേ ദേര്‍. നിന്റെ റൂമില്‍ നിന്ന് സാധനങ്ങളൊക്കെ ഞങ്ങള്‍ മുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്” ഗായത്രി ഒറ്റ ശ്വാസത്തില്‍ പറയുന്നു. ഇല്ല, അങ്ങനെ വരാന്‍ വഴിയില്ല മായ പിറുപിറുത്തു. പെട്ടെന്ന് പവര്‍ പോയി. മുരളുന്ന സര്‍വറുകളും UPSഉം. “പവര്‍ അവരോഫ് ചെയ്തതാണ്, ഫോര്‍ സേഫ്റ്റി” പുറത്ത് പോയി നോക്കിയ മാത്യൂസ് പറയുന്നു. ആകെയിരുട്ട്. ആരുടെയൊക്കെയോ മൊബൈല്‍ ടോര്‍ച്ചും പിന്നെ പച്ചയും ചുവപ്പും നീലയും നിറങ്ങള്‍, പല മെഷീനില്‍ നിന്നും. മായ ജനലിലൂടേ പുറത്തേക്ക് നോക്കി. ഇത്രയും വെള്ളം! നോ ഈ കൊല്ലം മുഴുവനും പെയ്താലും ഇത്ര വരില്ല, വരാന്‍ പാടില്ല. മായയ്ക്ക് ഉറക്കെ വിളിച്ച് പറയണമെന്ന് തോന്നി. ഡെസ്കില്‍ തല ചായ്ച്ച് കിടന്നു. പുലര്ച്ചയെ‍പ്പോഴോ ആദിത് വന്ന് വിളിച്ചു. പവര്‍ വന്നിട്ടുണ്ട്. “താനൊന്നും കഴിച്ചിട്ടില്ലല്ലോ. ഒരു കോഫി കുടിക്കു. വെള്ളം ഒന്ന് കുറഞ്ഞിട്ടുണ്ട്. ഞാന്‍ ഹോസ്റ്റലിലാക്കാം. ഗായത്രി കുറേ പ്രാവശ്യം വിളിച്ചിരുന്നു. താനുറങ്ങിക്കോട്ടേയെന്ന് കരുതി.” റിഫ്രഷ് ചെയ്ത imd സൈറ്റില്‍ 90 എന്ന് കിടക്കുന്നു. ആദിതിന് അറിയാം മോഡല്‍ കംപ്ലീറ്റാണെന്ന്. അവനെന്തെ അതിനെപറ്റിയൊന്ന് ചോദിക്കുക പോലും ചെയ്യാത്തത്! മായ കോഫി കുടിച്ച് കൊണ്ട് ഓര്‍ത്തു. ആദിതിനൊപ്പം ഹോസ്റ്റലിലേയ്ക്ക് നടക്കുമ്പോള്‍ ഒടിഞ്ഞു വീണ മരങ്ങളും റോഡില്‍ മുട്ടെത്താതെ വെള്ളവുമുണ്ടായിരുന്നു. മഴ കുറഞ്ഞിരിക്കുന്നു.

ഹോസ്റ്റലില്‍ ഗ്രൌണ്ട് ഫ്ലോറില്‍ ആകെ വെള്ളവും ചളിയും. അധികം ബഹളമൊന്നുമില്ല. ഉറങ്ങാതെയിരിക്കുന്നവര് തന്നെ വളരെ പതിയെയാണ് സംസാരിക്കുന്നത്. ഗായത്രിയുടെ റൂമിന്റെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കണ്ടതും അവളോടി വന്ന് കെട്ടിപിടിച്ചുമ്മ വെച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. “നീയിവിടെയില്ലാത്തതായിരുന്നു ടെന്‍ഷന്‍“ പുറംകൈ കൊണ്ട് കണ്ണ് തുടച്ച് അവള്‍ പറഞ്ഞു. “ശരിക്കും ത്രില്ലിംഗ്. ഇങ്ങനെയൊരു മഴ ഞാന്‍ കണ്ടിട്ടില്ല. ഒന്നുറങ്ങിയപ്പോള്‍ കാലു നനയുന്നതും വെള്ളത്തില്‍ മുങ്ങുന്നതും ഞാന്‍ സ്വപ്നം കണ്ടു. പിന്നെയുറങ്ങിയില്ല, ഇത്രയും സെയ്ഫായ നമുക്ക് ഇതൊരു nightmare ആയെങ്കില്‍ ആ ചേരികളില്‍ താമസിക്കുന്നവരൊക്കെ എന്തായി കാണുമല്ലേ“

****
ഗൈഡിന്റെ റൂമില്‍ കയറി ചെല്ലുമ്പോള്‍ അദ്ദേഹം തലേന്ന് കൊടുത്ത റിപ്പോര്‍ട്ട് വായിക്കുകയായിരുന്നു. “മായ, വളരെ നന്നായി ചെയ്തിട്ടുണ്ട്. ഒന്നുരണ്ടിടത്ത് ഞാന്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. അതൊന്നുകൂടെ വേരിഫൈ ചെയ്യണം..” “യെസ് സര്‍”
“താനെന്താടോ ഗ്ലൂമിയായിട്ടിരിക്കുന്നെ? കാര്യം എനിക്ക് മനസ്സിലായി. Dont feel bad. We are not here to model miracles." അദ്ദേഹം പിന്നെയുമെന്തൊക്കെയോ പറഞ്ഞു. മായ സീറ്റില്‍ പോയിരുന്നു. മാപ്പുകളും ഗ്രാഫുകളും സ്ക്രീന്‍സേവറില്‍ മാറി മാറി വന്നു..
****

Sunday, May 18, 2008

മയില്‍പ്പീലി

അന്ന് ഒരു ഒഴിവുദിവസം, തിരക്ക് പിടിച്ച കുറേ ദിവസങ്ങള്‍ക്ക് ശേഷം. അമ്മു ധൃതിയില്‍ മുറിയില്‍ കയറിവന്നു. “സുലുവാന്റി വരുന്നുണ്ട്”.. “എവിടെ?“ സ്റ്റെയര്‍കേസ് കേറുന്നേയുള്ളൂ. ഇതൊക്കെയൊന്ന് ഒതുക്കി വെക്കാന്‍ നോക്കൂ. അമ്മു വെപ്രാളത്തോടെ പറഞ്ഞു. ആറുമാസം കൂടിയോ ചിലപ്പോള്‍ വര്‍ഷത്തിലൊരിക്കലൊക്കെയോ വീട്ടില്‍ പോയി ഞാനിവിടെ സുഖമായിരിക്കുന്നു, നിങ്ങള്‍ക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു എന്ന വെളിപ്പെടുത്തലല്ലാതെ ഞങ്ങള്‍ക്ക് സന്ദര്‍ശകര്‍ കുറവായിരുന്നു. സുലോചനയെന്ന സുലുവാന്റി മായയുടെ അച്ഛന്റെ അനിയത്തി. അമ്മു മുറിയില്‍ ആകമാനം ഒന്ന് നോക്കി. എല്ലാം വാരിവലിച്ചിട്ടിരിക്കുന്നു. ബെഡ്ഡിനുമുകളിലേക്ക് ഒരു ടവ്വല്‍ വലിച്ചിട്ടു. അപ്പോളേയ്ക്കും സുലുവാന്റി കയറിവന്നു. മിക്സ് ചെയ്തുകൊണ്ടിരുന്ന ഫേസ്പാക്ക് ഗായത്രി കട്ടിലിനടിയിലേക്ക് കാലുകൊണ്ട് തട്ടിനീക്കി. സുലുവാന്റി മുറിയിലേക്ക് കയറിയതും കണ്ണുകള്‍ കൊണ്ട് അവിടമാകെ പരതാന്‍ തുടങ്ങി. “ആന്റിയെ എത്ര നാളായി കണ്ടിട്ട്! ഞങ്ങളെ ഒന്ന് നോക്കുന്നതിന് പകരം ഈയാന്റിയെന്തിനാ അവിടേമിവിടേമൊക്കെ എക്സ് റേ എടുക്കുന്നെ?” “എന്റീശ്വരാ! പെണ്‍ക്കുട്ട്യോള് താമസിക്കണ മുറിയാണോ ഇത്? വലിച്ച് വാരിയിട്ടിരിക്കണ കണ്ടില്ലേ!” സുലുവാന്റി കട്ടിലില്‍ കിടന്ന ടവ്വല്‍ എടുത്തുമാറ്റി. കാര്‍ഡ്സ് കിടക്കുന്നുണ്ടായിരുന്നു അവിടെ. താമസക്കാരുടെ പോളിസി അനുസരിച്ച് കട്ടിലില്‍ സാധനങ്ങള്‍ നിറഞ്ഞാല്‍ ഷീറ്റെടുത്ത് താഴെ വിരിച്ച് കിടക്കുക. കാര്‍ഡ്സ് കണ്ടതും സുലുവാന്റിയ്ക്ക് കണ്ണുതള്ളി വന്നു.. “ശോ, ഇതും കണ്ടപ്പോളേയ്ക്കും ആന്റി ബോധം കെട്ട് വീഴാറായോ? അപ്പൊ ഇന്നലെ ഞങ്ങള് കുപ്പി കളഞ്ഞില്ലായിരുന്നെങ്കിലോ!” ഗായത്രി ചിരിച്ചുകൊണ്ട് പറഞ്ഞു. “അപ്പോ അതും ഉണ്ടോ?” “എന്റെ ആന്റീ. അവളു ചുമ്മാ ആന്റിയെ ചൂടാക്കുവാ” അമ്മു പറഞ്ഞു. ആന്റി ഇവിടെയിരുന്നോളൂ എന്ന് പറഞ്ഞുകൊണ്ട് അമ്മു കസേര ഒഴിവാക്കാന്‍ തുടങ്ങി. “അയ്യേ.. ഒരു നാണമില്ലാത്ത പിള്ളേര്! നിങ്ങള് പെണ്‍കുട്ട്യോളാണോന്ന് എനിക്ക് സംശയണ്ട്“ സുലുവാന്റി. “അതുമാത്രം പറയരുത്...” തലേന്ന് ബിഗ്ബസാറില്‍ നിന്ന് കൊണ്ടുവന്നിട്ട നാപ്കിന്‍ ഷെല്‍ഫിലോട്ട് എടുത്ത് വെക്കാന്‍ അമ്മുവിനെ സഹായിക്കുന്നതിനിടെ ഗായത്രി പറഞ്ഞു. “കൂട്ടത്തിലൊരു പെണ്ണു തന്നെയെയുള്ളു. അതെന്റെ മായമോള് തന്ന്യാ..” “എന്നാപിന്നെ മോന് കെട്ടിച്ചുകൊടുക്കാന്റി”, ഗായത്രി. ആ എനിക്കൊരുമോനുണ്ടായിരുന്നെ ഞാനാലോചിച്ചേനെ.
****

ആന്റി കൊണ്ടുവന്ന ചക്ക വറുത്തതൊക്കെ കഴിച്ചുകൊണ്ടിരിക്കെ വെറുതെയോര്‍ത്തു. റെസി.സ്ക്കൂളിലെ ആദ്യത്തെ വര്‍ഷം പേരന്റ്സ് ഡേ. സമയത്തിന്റെ അളവുകോല്‍ ഒരു പേരന്റ്സ് ഡേ തുടങ്ങി അടുത്ത പേരന്റ്സ് ഡേ വരെയുള്ള ദിവസങ്ങള്‍. 9 മണിക്കുള്ള ഫസ്റ്റ് ബസ്സില്‍ വരുന്ന അച്ഛനേയും അമ്മയേയും കാണാന്‍ അഞ്ചു മണിക്കെണീറ്റ് കുളിച്ചൊരുങ്ങി നില്‍ക്കുന്ന കുഞ്ഞുരുദ്ര. വഴിയിലേയ്ക്ക് നോക്കി നോക്കി 9 മണിയാവുമ്പോളേയ്ക്കും മിക്കവാറും ഒരു കാല്‍ ഗേറ്റിന് പുറത്തെത്തികാണും. നടന്നുവരുന്ന ആളുകളുടെയിടയില്‍ അവരെ കാണുമ്പോളുള്ള സന്തോഷം. പിന്നെ പിന്നെ 9 മണിയാവുമ്പോളേയ്ക്കും ഏതെങ്കിലും പഞ്ചാരബെഞ്ചില് പ്രതീക്ഷാസംഘങ്ങളുടെ കൂടെ കത്തിവെച്ചിരിക്കും. കുറച്ചു വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞപ്പോള്‍ കസിന്‍ ഹോസ്റ്റലിന് താഴെ നിന്ന് വിളിച്ചുകൂവും. “രുദ്രേച്ചി അമ്മ വന്നിരിക്കുന്നു..” “പൊന്നുമോളല്ലേ ഒരു പത്ത് മിനിറ്റൂടെ ദേ വന്നൂ” പത്ത് മിനിറ്റില്‍ അഞ്ച് മിനിറ്റ് ഒന്നൂടെയുറങ്ങാനും 5 മിനിറ്റ് റെഡിയാവാനും. പണ്ട് വീട്ടിലേയ്ക്ക് കത്തുകളെഴുതുമായിരുന്നു. ഇന്‍ലന്റില്‍ സ്ഥലം പോരായിരുന്നു. വര്‍ഷങ്ങളുടെ മാറ്റം കാര്‍ഡിലും സ്ഥലം ഏറെയാക്കി. മാസത്തിലൊന്ന്, പേരന്റ്സ് ഡേക്ക് കൊണ്ടുവരേണ്ട സാധനങ്ങള്‍..

ഇപ്പോള്‍ ഒരു കൊല്ലം കൂടുമ്പോള്‍ ഒരു കുഞ്ഞുബാഗുമായി വീട്ടില്‍ പോവുന്നു. പത്ത് ദിവസം വീട്ടില്‍ നിന്നാല്‍ ഒരു പത്ത് തവണയെങ്കിലും ഹോസ്റ്റലിലെ റൂമിനെ മിസ് ചെയ്യും. ഏട്ടന്റേയും ചേച്ചിയുടേയും വീടുകളില്‍ അമ്മ ഷട്ടില്‍ സര്‍വീസ് [ഈ വാക്ക് അമ്മയുടെ തന്നെ കണ്ടുപിടിത്തമാണ്] നടത്തുമ്പോള്‍ രുദ്രയ്ക്കിടയ്ക്കിടെ ഫോണ്‍കാള്‍. വാക്കുകളിലൂടെ അമ്മയെ ഞാനറിയുന്നു. അമ്മയ്ക്ക് സന്തോഷമാണ്.

ഈയിടെ ഒരു കൂട്ടിക്കാരിയുമൊത്ത് നീയെത്ര ധന്യ എന്ന മൂവി വീണ്ടും കണ്ടു. അമ്മ വളര്‍ത്താത്ത കുട്ടിയായത് കൊണ്ടാണ് ശ്യാമള പണിക്കര്‍ മെന്റലി സ്റ്റേബിള്‍ അല്ലാത്തതെന്നും ആത്മഹത്യ ചെയ്തതെന്നും കൂട്ടുക്കാരിയുടെ വാദം. മെന്റല്‍ സ്റ്റബിലിറ്റിയുടെ പ്രശ്നമല്ല, പ്രത്യേകതകളുള്ള സ്വഭാവമായത് കൊണ്ടെന്ന് പ്രതിവാദം. ശ്യാമള പണിക്കര്‍ ഒരുപക്ഷേ എനിക്ക് നേരെ തിരിച്ച് വെച്ചൊരു കണ്ണാടിയല്ലേ എന്നൊരു തോന്നല്‍. ‘ഞാനാത്മഹത്യ ചെയ്യുമോ!’ ഏയ് ഇല്ല. ജീവിതത്തിന് സന്തോഷമായാലും ദു:ഖമായാലും ഒറ്റയ്ക്കായാലും എല്ലാവര്‍ക്കുമൊപ്പമായാലും ഞാനേറെയിഷ്ടപ്പെടുന്ന ഒരു താളമുണ്ട്. ഒന്നും ചെയ്യാതെ വെറുതെ സീലിംഗ് നോക്കി കിടക്കുമ്പോള്‍. ഒരുപാട് തിരക്കുകള്‍ക്കിടയില്‍ നിന്ന് കുട്ടേട്ടന്‍ ഫോണ്‍ ചെയ്യുമ്പോള്‍. ടൈപ് ചെയ്യുന്ന കീ വേര്‍ഡുകള്‍ക്ക്. കൂട്ടുക്കാരോടൊപ്പം. ഫോണില്‍ നീസിന്റെ കൊഞ്ചല്‍ കേള്‍ക്കുമ്പോള്‍.

ഈ മകള്‍ അമ്മയില്‍ നിന്ന് ഒരുപാടകലെയാണെന്ന് അമ്മയറിയുന്നുണ്ടാവുമോ? ഒരു വെക്കേഷന് വീട്ടിലുള്ളപ്പോള്‍ എന്തോ സംസാരിക്കുന്നതിനിടയില്‍ അമ്മയെ “മേം”ന്ന് വിളിച്ചിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലായിരുന്നു. അന്നു മുഴുവന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ അമ്മ വഴക്കുപറഞ്ഞു. എനിക്കൊരു പ്രശ്നമുണ്ടായാല്‍ ആദ്യം പറയുക അമ്മയോടാവുമെന്ന് മേല്‍പറഞ്ഞ കൂട്ടുക്കാരി പറഞ്ഞു. ഇതുവരെ എന്റെ കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളൊന്നും അമ്മയുടെ അടുത്തെത്തിയിട്ടില്ല. രുദ്രയുടെ ഭാഷ, രുദ്രയുടെ ലോകം അമ്മയ്ക്ക് ഇനി മനസ്സിലാക്കാന്‍ കഴിയുമോ?

****
“രുദ്ര, ആയില്യം ഒരു പുഷ്പാഞ്ചലി” ഇതില്‍ അമ്മയുടെ വേവലാതികളും തീരുന്നുണ്ടാവണം. അമ്മ എടുത്തുവെച്ചിരിക്കുന്ന എന്റെ സാധനങ്ങളില്‍ കുട്ടിക്കാലത്തെന്നോ മാനം കാണാതെ കാത്തുവെച്ച മയില്‍പ്പീലിയുണ്ടെന്നറിഞ്ഞത് കഴിഞ്ഞ അവധിക്കാലത്ത്.
****

Tuesday, May 6, 2008

കണ്ണാടികള്‍

പതിവുപോലെ ഈഈ വെച്ച് ബ്രഷ് ചെയ്ത് പകുതിയായപ്പോളാണ് കണ്ണ് ശരിക്കും തുറന്ന് കണ്ണാടിയിലേയ്ക്ക് നോക്കിയത്. ഈശ്വരാ, മുഖം എന്റേതല്ലാത്തതുപോലെ. ഒന്നു കഴുകിനോക്കി. എന്നിട്ടും ഛായ തോന്നുന്നില്ല. അടുത്ത വാഷ്ബേസിനരികില്‍ നില്‍ക്കുന്നവളോട് ചോദിക്കാമെന്ന് കരുതി കണ്ണാടിയിലൂടെ തന്നെ ആരാണെന്ന് നോക്കി. യാനാ മരിയ. സ്പഗേറ്റിയും ഷോട്സും ദേശീയവേഷമായി പ്രഖ്യാപിച്ച് മുഖത്ത് സ്ക്രബ് വെച്ച് ഉരപ്പോട് ഉരപ്പാണ് കക്ഷി. അവളുടെ ചെയിനിലിട്ടിരിക്കുന്ന ലോക്കറ്റ് ഇളകുന്നുണ്ടായിരുന്നു. അത് പരുന്ത് തന്നെയല്ലേന്ന് നോക്കണംന്ന് തോന്നി. അവള്‍ കണ്ടാല്‍ എന്തു കരുതും!

ഇന്നലെ ഗായത്രിയ്ക്കൊപ്പം റൂമില്‍ വന്നു. മറിയാമ്മ കുറച്ച് പിശകാണെന്ന് ആരോ പറഞ്ഞപ്പോള്‍ ഛേ, പോടീ ചുമ്മാ ഗോസിപ്പ് പറയാതെയെന്നായിരുന്നു എന്റെ പ്രതികരണം. യാന മരിയ റൂമില്‍ വന്നപ്പോള്‍ പരിചയമില്ലാത്ത, എന്നാല്‍ അലിഞ്ഞുപോവാന്‍ തോന്നുന്ന ഒരു ഗന്ധം അവിടമെല്ലാം നിറഞ്ഞുനിന്നു. "ഞാന്‍ യാനാ, ഡിസൈനിംഗ് ആണ് ഫീല്‍ഡ്." മൂന്നുപേരും കൂടെ കുറേനേരം സംസാരിച്ചിരുന്നു. പോവാന്‍ നേരം പുറകിലൂടെ കെട്ടിപിടിച്ച് അവളെന്റെ കഴുത്തില്‍ ഉമ്മ വെച്ചു. അവള്‍ ഉമ്മ വെക്കുന്നത് വരെ ഒരു കഴുത്തെനിക്കുണ്ടെന്നതിനെ പറ്റി ഞാന്‍ ബോധവതിയല്ലായിരുന്നു. അവിടെ നിന്ന് ഉത്ഭവിക്കുന്ന ഒരു കൂട്ടം നെര്‍വ്വുകള്‍ക്ക് എന്നെ തളര്‍ത്താന്‍ കഴിയുമെന്നും എനിക്കറിയില്ലായിരുന്നു. ഒരു നിമിഷം പകച്ച് നിന്ന് തിരിഞ്ഞുനോക്കുമ്പോളേയ്ക്കും യാന പോയിക്കഴിഞ്ഞിരുന്നു. 5 മിനിറ്റ് നേരത്തെ വിറയലും ഒരു കുപ്പി വെള്ളവും അകത്താക്കികഴിഞ്ഞാണ് ഞാന്‍ നോര്‍മലായതെന്ന് ആത്മസഖിയുടെ ആരോപണം ഇപ്പോളും നിലവിലുണ്ട്. ഉമ്മകള്‍ എനിക്കപരിചിതമല്ല. ബര്‍ത്ഡേപാര്‍ട്ടികള്‍ക്കും ഏകദേശം ഒരാഴ്ചത്തെയെങ്കിലും വിരഹദു:ഖത്തിനുശേഷം കാണുമ്പോളും സ്നേഹം ഉമ്മയുടെ രൂപത്തില്‍ പ്രകടിപ്പിക്കുന്ന കൂട്ടുക്കാര്‍ എനിക്കുണ്ട്. എങ്കിലും ഒരുമ്മയ്ക്ക് ഇത്രയും വേലിയേറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന് മനസ്സിലായത് അന്നാണ്. യാനാ മരിയയുടെ കഥയും വെളുത്ത് നീളമേറെയുള്ള കാലുകളും ഒരുപാടുകാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുമെന്ന് തോന്നുന്നു. യാനാ, നീയെന്റെ മുഖത്തേയ്ക്കൊന്ന് സൂക്ഷിച്ചുനോക്കൂ, എന്ന് പറയാനാഞ്ഞെങ്കിലും വേണ്ടെന്ന് വെച്ചു. അവളുടെ തെന്നിതെന്നിയുള്ള നോട്ടങ്ങളില്‍ ഞാന്‍ ചൂളിപോവാറുണ്ടായിരുന്നു. എന്നിലെ ആത്മവിശ്വാസത്തിന്റെ പാളിച്ചകള്‍ വെളിവാവുന്ന അപൂര്‍വ്വം ചില നിമിഷങ്ങളായിരുന്നു അത്. യാനയുടെ കഥയും എനിക്ക് സ്വവര്‍ഗ്ഗരതിയെ പറ്റിയുണ്ടായ വെളിപാടുകളും ഇപ്പോള്‍ വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നില്ല.അതിലേറെ വലിയ പ്രതിസന്ധിയാണ് എന്റെ മുന്നില്‍..
കണ്ണാടിയില്‍ കാണുന്ന മുഖം എനിക്കപരിചിതമാണ്.

Wednesday, April 16, 2008

പ്രിയസഖീ....

സുദീപ് സിസ്റ്റം ഓഫ് ചെയ്ത് പുറത്തേയ്ക്കിറങ്ങി. “ഹേയ് സുദീപ്, താനെന്നെ കൂടെ ഒന്ന് ഡ്രോപ് ചെയ്യെടോ“ ബേഗില്‍ എന്തൊക്കെയോ വെച്ചുകൊണ്ട് പുറകിലൂടെ ഓടി വന്ന അലീന പറഞ്ഞു. “ഞാന്‍ വേറെ വഴിയ്ക്കാ അലീനാ“ “കുറച്ച് നാളായി ഓഫീസ് ടൈം കഴിഞ്ഞാലുടനെ താനങ്ങ് ഓടുകാണല്ലോ, എന്താ ഒരു പുതിയ പരിപാടി?” അലീന ചോദിച്ചു. “എന്റെ ഒരു ഫ്രണ്ട് ശാന്തി ഹോസ്പിറ്റലിലുണ്ട്”.. “എനിതിംഗ് സീരിയസ്?” അലീനയുടെ ചോദ്യത്തിന് അയാള്‍ ഉത്തരമൊന്നും പറയാതെ നടന്നു. കാറ് വര്‍ക്ക് ഷോപ്പിലാണ്. ഹോസ്പിറ്റലിലേക്ക് അധികം ദൂരമില്ല. എങ്കിലും വൈകിയപോലെ. സുദീപ് നടത്തത്തിന് വേഗത കൂട്ടി.

ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. സുദീപ് ഹോസ്പിറ്റലിന്റെ വരാന്തയിലേയ്ക്ക് ഓടിക്കയറി. ഇടനാഴിയിലേയ്ക്ക് കയറിയപ്പോള്‍ പല മുറികളുടേയും വാതില്‍ പകുതി ചാരിയതേ ഉണ്ടായിരുന്നുള്ളു. തുറന്നുകിടക്കുന്ന വാതിലെന്ന് കരുതി, നോക്കാന്‍ അയാള്‍ക്ക് തോന്നിയില്ല. കോറിഡോറിലൂടെ അറ്റന്‍ഡേര്‍സ് ഒരു സ്ട്രെച്ചര്‍ കൊണ്ടുവരുന്നുണ്ടായിരുന്നു. സുദീപ് വഴികൊടുത്ത് കൊണ്ട് ഒതുങ്ങി നിന്നു. മുഖം മൂടിയ ശരീരം. തേങ്ങികൊണ്ട് ഒരു സ്ത്രീയും അവരുടെ പുറകെ വന്നിരുന്നു. സുദീപ് മുഖം തിരിച്ചുകളഞ്ഞു. നടന്ന് 214നു അരികിലെത്തിയപ്പോള്‍ സുദീപ് നിന്നു. വാതില്‍ ചാരികിടക്കുന്നു. സങ്കടം സുദീപിന്റെ മുഖത്ത് തിങ്ങിനിന്നു.. അവിടമാകെ മരണം പതിയിരിക്കുന്ന പോലെ സുദീപിന് തോന്നി.

****
“ചിത്രഗുപ്താ.. ധര്‍മ്മരാജന്‍ പതിയെ വിളിച്ചു. തിരിച്ച് പോവുകയല്ലേ? ഇനിയാരെങ്കിലും?” “ഉണ്ട് പ്രഭോ. ഒരാളുകൂടെ. ഇവിടെനിന്നു തന്നെ. പക്ഷേ ഏഴുമണിയാവണം, അതുവരെ നമുക്ക് ഇവിടെ നില്‍ക്കാം.” ധര്‍മ്മരാജന്‍ പതിയെ നിശ്വസിച്ചു. “തനിക്കെന്തോ നമ്മോട് പറയാനില്ലേ? മടിക്കെണ്ടെടോ“ “പ്രഭോ, അമരത്വം നമുക്ക് കിട്ടിയ ശാപമല്ലേ? യുഗങ്ങളോളം മനുഷ്യന്റെ കണക്ക് കുറിച്ചെടുക്കുന്ന ചിത്രഗുപ്തന്‍ അതില്‍നിന്ന് ഒരു മോചനമുണ്ടോ? പ്രിയപ്പെട്ടവരുടെ മടിയില്‍ നിന്ന് പാശമെറിഞ്ഞ് ജീവനെടുക്കുന്ന അങ്ങേയ്ക്ക് ഇതില്‍നിന്നൊരു മോചനമുണ്ടോ?" ധര്‍മ്മരാജന്‍ പുഞ്ചിരിച്ചു. “ഇത് നമ്മുടെ നിയോഗമല്ലേ.. ജനനത്തോടൊപ്പം മരണവും സംഭവിക്കേണ്ടതല്ലേ” ചിത്രഗുപ്തന്‍ തിരിഞ്ഞ് മഴ നോക്കിനിന്നു..
****

സുദീപ് വാതില്‍ തുറന്ന് അകത്ത് കയറി. നന്ദ തലയിണ ചാരിവെച്ച് എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. ഒരു ശില പോലെ നന്ദയുടെ അമ്മ കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. “എന്തേ വൈകിയേ?” നന്ദ സുദീപിനോട് ചോദിച്ചു. “വൈകിയതുകാരണം ഇന്ന് കുറച്ച് കഴിഞ്ഞേ പോകുന്നുള്ളു. ഹാപ്പി?” സുദീപ് ചിരിച്ച് കൊണ്ട് നന്ദയുടെ അടുത്തിരുന്നു. ക്ഷീണിച്ച മുഖം. “ഇന്ന് എങ്ങനെയുണ്ട്?” സുദി ചോദിച്ചു. “സുദിയോട് ഞാനൊരു കാര്യം ചോദിക്കട്ടെ?” “എന്തേ രാജകുമാരിക്ക് പതിവില്ലാതെ ഒരു മുഖവുര? “എന്നെ കുടജാദ്രിയില്‍ കൊണ്ടുപോവുമോ? “ സുദീപ് പെട്ടെന്ന് വല്ലാതായി.

ഒരിക്കല്‍ നന്ദ ഈ ചോദ്യം ചോദിച്ചിരുന്നതാണ്. അന്ന് ചോദ്യം ഇതുതന്നെയെന്ന് ഉറപ്പുവരുത്തി ഇല്ലയെന്ന് പറഞ്ഞു. “നിങ്ങളൊക്കെ ഒന്ന് വിശാലമായി ചിന്തിക്കാത്തതെന്താ? ഞാനിപ്പം സുദീടെ കൂടെ അവിടെവരെ പോയെന്ന് വെച്ച് എന്താ ഒരു കുഴപ്പം?“ “അതിന് നമ്മള്‍ ജീവിക്കുന്നതൊരു സൊസൈറ്റിയിലല്ലേ? കാമുകനല്ല, “ഒരിക്കലുമല്ല” നന്ദ. “ബന്ധുവല്ല,“ സുദീപ്. “അതിപ്പോ നമ്മളുടെ കുറ്റമാണോ?“ വെറുമൊരു സുഹൃത്ത് “വെറുമല്ല, എന്റെ പുന്നാര ഫ്രണ്ട്, എന്നാലും വെറുതെ ഒരു സ്റ്റൈലിന് പറഞ്ഞൂടെ? കൊണ്ടുപോകാമെന്ന്” നന്ദ പറഞ്ഞു. “യോ ഞാനില്ലേ. എങ്ങാനും ഞാന്‍ അങ്ങനെ പറഞ്ഞുപോയാ അപ്പോ നീ അടുത്ത ട്രെയിന്‍ പിടിച്ച് ഇങ്ങെത്തും. എന്നെകൊണ്ടു പോവുകയും ചെയ്യും, നിനക്കോ ബോധമില്ല. എനിക്കങ്ങനെയാവാന്‍ പറ്റോ” സുദീപ് പറഞ്ഞു നിര്‍ത്തി. നന്ദ കിലുക്കാം പെട്ടി പോലെ ചിരിച്ചു.
സുദീപിന് ആ ചിരി ഒന്നുകൂടെ കേള്‍ക്കാന്‍ തോന്നി. പറഞ്ഞാല്‍ നന്ദ ചിരിക്കും. പക്ഷേ ആ ക്ഷീണിച്ച മുഖം കണ്ട് അത് പറയാന്‍ അയാള്‍ക്ക് തോന്നിയില്ല.

“മോന് അവളെയൊന്ന് കൊണ്ടുപോകാന്‍ പറ്റുമോ?” അതുവരെ മിണ്ടാതിരുന്ന നന്ദയുടെ അമ്മ ചോദിച്ചു. “കൊണ്ടുപോകാം, ഞാന്‍ ഡോക്ടറോട് ചോദിച്ചുനോക്കട്ടെ” . രക്ഷപ്പെടാനുള്ള ചാന്‍സ് തീരെയില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാലും ചോദിച്ചുനോക്കണം. സുദീപ് തീരുമാനിച്ചുറപ്പിച്ചു. “സുദീ, ഞാന്‍ വെറുതെ പറഞ്ഞതാ. എനിക്കാ കുന്നുകള്‍ ഓടികയറണമായിരുന്നു. അവിടെയിരുന്ന് സുദിയുടെ പാട്ടുകള്‍ കേള്‍ക്കണമായിരുന്നു. ഗിരിയ്ക്കും എനിക്കും ഒരു പന്ത്രണ്ട് മക്കളുണ്ടാവാന്‍ പ്രാര്‍ത്ഥിക്കണമായിരുന്നു” നന്ദ വീണ്ടും കുറച്ച് നേരത്തേയ്ക്ക് പഴയ വായാടിയായി, ചിരിക്കാന്‍ തുടങ്ങി. സുദീപ് എന്നത്തേയും പോലെ വാചകങ്ങള്‍ക്ക് വേണ്ടി പരതിനിന്നു..

അപ്പോഴാണ് ഡസ്റ്റ്ബിന്നിനരികില്‍ ചുരുട്ടികൂട്ടിയിട്ടിരിക്കുന്ന സ്വര്‍ണ്ണനിറമുള്ള ഒരു കടലാസ് സുദീപിന്റെ ശ്രദ്ധയില്‍ പെട്ടത്. അയാളതെടുത്തു നിവര്‍ത്തി നോക്കി. “നോക്കണ്ട, ഗിരിയുടെ വെഡ്ഡിംഗ് ഇന്‍വിറ്റേഷനാണ്. തലയിണക്കടിയില്‍ അതുവെച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള വിശാലമനസ്സൊന്നും എനിക്കു തോന്നിയില്ല.” നന്ദ ചെറുതായി കിതച്ചുതുടങ്ങിയിരുന്നു. “അധികം സംസാരിക്കണ്ട, പിന്നെ നമ്മുടെ അലീനയില്ലെ അവളെന്നെ ഫോളോ അപ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.“ സുദീപ് വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞുതുടങ്ങി. “ആഹാ. അലീന. പക്ഷേ ഒരു കുഴപ്പമുണ്ട്. സുദിയ്ക് എഞ്ചിനീയറിംഗ് ഫാമിലി ആയി പോവും, എന്നെ പോലെ ഒരു കിറുക്കുപെണ്ണിനെ കണ്ടുപിടിക്കു.” നന്ദ പറഞ്ഞു. “അയ്യോ വേണ്ടായേ.. എന്നിട്ടു വേണം ഉള്ള പ്രാന്തിന്റെ ഇടയ്ക്ക് അപസ്മാരം കൂടി വരാന്‍ “ നന്ദ പൊട്ടിചിരിച്ചു. അമ്മയും സുദീപും കൂടെ ചിരിച്ചു. നന്ദയ്ക്ക് ചുമ വരുന്നുണ്ടായിരുന്നു..

****
“നന്ദ, 26 വയസ്സ് 4 മാസം 3 ദിവസം, സമയം തീരുന്നു പ്രഭോ“ ചിത്രഗുപ്തന്‍ പറഞ്ഞു. ധര്‍മ്മരാജനും ചിത്രഗുപ്തനും അകത്തേയ്ക്ക് നടന്നു. നന്ദയ്ക്ക് അവരെ കാണാമായിരുന്നു. “എന്തേ എന്നോടിങ്ങനെ?” “മുന്‍ ജന്മ പാപം വേണ്ടുവോളം ഉണ്ട് കുട്ടി” ചിത്രഗുപ്തന്‍ പറഞ്ഞു. സുദീപ് പെട്ടെന്ന് ഡോക്ടറുടെ റൂമിലേയ്ക്ക് ഫോണ്‍ ചെയ്തു. “ഈ ജന്മം കൊണ്ട് അതൊക്കെ തീര്‍ന്നോ?” നന്ദ വീണ്ടും. “തീര്‍ന്നിരിക്കുന്നു” ചിത്രഗുപ്തന്‍ പിന്നെയും. “എനിക്കൊരു ജന്മം കൂടി തരുമോ?” “ഞങ്ങളുടെ നിയോഗം ജീവനെടുക്കലാണ് കുഞ്ഞേ” ധര്‍മ്മരാജന്‍ പറഞ്ഞു. “എടുത്തോളു. ഈ ശരീരത്തില്‍ നിന്ന് പ്രാണനെടുക്കാന്‍ അങ്ങേയ്ക്കൊരു പാശം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല” നന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു.
തനിക്കും സുദീപിനും ഇടയില്‍ മൂടല്‍മഞ്ഞുപോലെ എന്തോ നിറയുന്നത് നന്ദയറിഞ്ഞു. അമ്മയുടെ വിളി കേട്ടു. സുദീപിന്റെ കൈകള്‍ തലയില്‍ ഒഴുകുന്നതറിഞ്ഞു. മുറിയില്‍ വെള്ളയുടുപ്പിട്ട ആളുകള്‍ നിറയുന്നതറിഞ്ഞു. നന്ദ യാത്രയായി..
നന്ദയുടെ സ്വപ്നങ്ങള്‍ക്ക് സുദീപ് കൂട്ടിരുന്നു.

****
“പ്രഭോ നമുക്ക് കുടജാദ്രിയില്‍ പോകാം?” ചിത്രഗുപ്തന്‍ ചോദിച്ചു.,
****

Monday, April 14, 2008

കണിവിശേഷം

കുട്ടിക്കാലത്ത് (വയസ്സ്: സിംഗിള്‍ ഡിജിറ്റ്) വിഷൂന് മാതാശ്രീ കണിയൊരുക്കാനൊന്നും മെനക്കെടില്ലായിരുന്നു. അമ്മയല്ല, അവിടത്തെ സ്ത്രീജനങ്ങളൊന്നും തന്നെ കണിയൊരുക്കില്ലായിരുന്നു. കാരണം പോക്കറ്റ്മണി ആവശ്യമുള്ള ചെറുപ്പക്കാര്‍+പയ്യന്‍സ് ഉരുളിയൊക്കെ ചുമന്ന് വന്ന് ഉമ്മറത്ത് കണിയൊരുക്കി മറഞ്ഞിരുന്ന് ഓടക്കുഴല്‍ വിളിക്കാന്‍ തുടങ്ങും. ഓടക്കുഴല്‍ വിളിയില്‍ ഉണരാത്തവരെ കോളിംഗ് ബെല്ലടിച്ചും പിന്നെയും ഉണരാത്തവരെ മുറ്റത്ത് പടക്കം പൊട്ടിച്ചും ഉണര്‍ത്തും. പണ്ട് ചാവക്കാട് കടപ്പുറത്ത് പോയി കപ്പലണ്ടി കൊറിച്ച് മലര്‍ന്നുകിടക്കാനുള്ള കാശൊപ്പിച്ചിരുന്നെങ്കില്‍ ഇന്ന് boozing വരെ ആയെന്ന് തോന്നുന്നു. എക്സലന്റ് കണിയായിരുന്നു അത്(കണി നന്നായില്ലെങ്കില്‍ ആള്‍ക്കാരുടെന്ന് തല്ലുകൊള്ളും)
പിന്നെ കൈനീട്ടം, പുതിയ ഉടുപ്പ്, പിന്നെ സദ്യ..

വയസ്സ് ടൂ ഡിജിറ്റ്സില്‍ എത്തുമ്പോളേക്കും അങ്ങു ഹോസ്റ്റലില്‍ ആയി (ഹോസ്റ്റല്‍ നമ്പര്‍ 1). പ്രിന്‍സിപ്പാള്‍ ഒരു പട്ടര്. മെസ്സിലോ മള്‍ട്ടിപര്‍പസ് ഹാളിലോ കണിയൊരുക്കി ആദ്യം ടീച്ചേര്‍സ്, പിന്നെ സീനിയോറിറ്റി പ്രകാരം പിള്ളേര്‍സിനെ വിളിച്ചുണര്‍ത്തി കണ്ണൊക്കെ പൊത്തി കൊണ്ടുപോയി കണി കാണിക്കും. കണികണ്ടാല്‍ അടുത്ത ബാച്ചിനെ കണി കാണിക്കേണ്ട ഡ്യൂട്ടിയും കിട്ടും. പിന്നെ അടുത്തുള്ള അമ്പലത്തിലേയ്ക്ക്. ക്യൂ ആയിട്ട്, ഇന്‍ ത്രീസ്. കന്നുകാലികളെ തെളിച്ചുകൊണ്ടുപോകുന്ന പോലെ ടീച്ചേര്‍സും കാണും. ഇടയ്ക്കിടെ വണ്‍, ടൂ, ത്രീ-ന്നൊക്കെ വിളിച്ചുപറയണം. ഇടയ്ക്ക് വല്ല ബോളും കോമ്പൌണ്ടിന് അപ്പുറമിട്ട് എടുക്കാന്‍ പോവുന്നതല്ലാതെ പുറത്തിറങ്ങാന്‍ പെണ്‍ക്കുട്ടികള്‍ക്ക് കിട്ടുന്ന റെയര്‍ ചാന്‍സായ കാരണം എല്ലാവരും (ജാതിമതഭേദമന്യേ) ഇറങ്ങിപുറപ്പെടും..

പിന്നേയും വീട്ടില്‍. ഉറക്കപ്പിച്ചില്‍ എണീറ്റുവരുന്നത് നാട്ടിലെ ‘ അറിയപ്പെടുന്ന’ ചേട്ടന്‍സ് & പയ്യന്‍സിന്റെ മുന്നിലേക്കാണല്ലോന്നുള്ള ‘ബോധം‘ കണി വരുമ്പൊ എന്നെ വിളിക്കണ്ടന്നുള്ള കമാന്റില്‍ ചെന്നുനിന്നു. ‘നിന്റെയിഷ്ടം’ പോളിസി ആയകാരണം അതും നടപ്പിലായി.

ഹോസ്റ്റല്‍ 3-യിലെ 219 ലേയ്ക്ക് പിന്നേയും. അവിടേം കണി പ്രധാനം. കൂടെയുള്ളവരെ മീശ പിരിച്ചുകയറ്റി മുണ്ട് മടക്കികുത്തി വിളിച്ചുപോയേക്കരുതെന്ന് ഭീഷണിപ്പെടുത്തി സുഖമായുറങ്ങി. പുലര്‍ച്ചെ കണ്ണില്‍ വളരെ ശക്തമായ കൈകള്‍ അമരുന്നു. കൂടെയുള്ളവര്‍ ഒറ്റികൊടുത്ത് ലൈഫ്സയന്‍സിലെ ഗുണ്ടാസ് കണികാണാന്‍ കൊണ്ടുപോവാണ്. എണീറ്റ് നടന്നില്ലേ ഫിസിയോലെ പട്ടാളക്കാരന്റെ മോള് തൂക്കിയെടുത്തോണ്ട് പോയാല്‍ നാണക്കേടാവുമല്ലോന്ന് ഓര്‍ത്ത് രണ്ട് വര്‍ഷവും മാന്യമായി കണി കണ്ടു. ഉറ്റസുഹൃത്തുക്കളാ.. പറഞ്ഞിട്ടെന്താ കാര്യം :(

പിന്നെയിവിടെ. ഹോസ്റ്റല്‍ 5. കഴിഞ്ഞകൊല്ലം വരെ കണികാണിച്ചിരുന്ന സുഹൃത്ത് പോയകാരണം ആദ്യമായി തനിയെ കണി കണ്ടു. ഒരു ചേഞ്ചായിക്കോട്ടേന്ന് കരുതി കൃത്യമായി കൃഷ്ണന്റെ കുഞ്ഞുഫോട്ടോയും വെച്ച് കണികണ്ടു. കണ്ണു തുറക്കുന്നതിന് മുന്‍പ് തന്നെ ഇന്ന് വിഷുവാണ് കണ്ണുതുറക്കല്ലെന്ന് ഓര്‍ത്ത്. ലൈറ്റര്‍ തപ്പിയെടുത്ത് വിളക്ക് കത്തിച്ച്..

Tuesday, February 5, 2008

സ്വയംവരം

“ഈയാഴ്ച്ച എനിക്ക് വീട്ടില്‍ വരാന്‍ പറ്റില്ലാന്ന് പറഞ്ഞാ ഇല്ല..” ഗായത്രി ഫോണില്‍ സംസാരിക്കുന്നത് കേട്ടാണ് മായ റൂമില്‍ കയറിചെല്ലുന്നത്.. വൈകുന്നേരത്തെ സഭ കൂടികഴിഞ്ഞു.. മായ യോഗാക്ലാസ്സും കഴിഞ്ഞ് എത്താന്‍, ഇത്തിരി വൈകി.. “കഴിഞ്ഞതവണ തന്നെ ഞാന്‍ അച്ഛനോട് പറഞ്ഞതാണ്, ഇതൊന്നും എന്നെകൊണ്ട് പറ്റില്ലെന്ന്..” മറുവശത്ത് നിന്ന് എന്തോ.. “അവളെത്തിയിട്ടുണ്ട്.. കൊടുക്കാം” ഗായത്രിയുടെ മറുപടി.. ഫോണ്‍ മായയ്ക്കുനേരെ നീണ്ടു.. പ്രശ്നം തന്റെ അടുത്തെത്തിയെന്ന് മായയ്ക്ക് മനസ്സിലായി.. ഫോണുമായി മായ ബാല്‍ക്കണിയിലേക്കു നടന്നു.. ഗായത്രിയെ കൊണ്ട് എന്തെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കണമെങ്കില്‍ മായ തന്നെ വേണ്ടിവരുമെന്ന് ഗായത്രിയുടെ അച്ഛനറിയാം.. ഞായറാഴ്ച്ച രണ്ടുകൂട്ടര്‍ ഗായത്രിയെ പെണ്ണുകാണാന്‍ വരുന്നു.. അവളൊന്ന് വീട്ടില്‍ ചെല്ലണം.. അതാണ് പ്രശ്നം.. അവളോട് ഞാന്‍ പറയാംന്ന് പറഞ്ഞ് മായ റൂമിലേക്ക് ചെന്നു..

അമ്മുവും വിനുവും ഉണ്ട് റൂമില്‍.. “നിന്റെ അച്ഛന്‍ ഇപ്രാവശ്യം രണ്ട് സ്ലോട്ട് വെച്ചിട്ടുണ്ടല്ലോ! രാവിലെ ഒന്ന്, വൈകുന്നേരം ഒന്ന്, ഏതായാലും യാത്രാപ്പടി ലാഭിക്കണമല്ലോ..” വിനു പറയുന്നു.. “എടീ നിനക്കൊന്നും അതിന്റെ ഒരു ബുദ്ധിമുട്ട് അറിയില്ല.. കുറേപേര് നമ്മളെ തന്നെ തുറിച്ചുനോക്കിയിരിക്കുക, ഏതുഭാഗത്തുന്നാ അളവെടുക്കുന്നെന്ന് കൂടെ പറയാന്‍ പറ്റില്ല.. പിന്നെ കുറെ റെഡിമെയ്ഡ് ചോദ്യങ്ങള്‍..” ഗായത്രി.. “നീ അതൊന്ന് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കെന്റെ ഗായു.. പെട്ടെന്ന് കാര്യങ്ങളൊക്കെ ശരിയാവാന്‍ മില്യണ്‍ ഡോളര്‍ ടിപ് പറഞ്ഞുതരാം.. കവിളില്‍ കുറെ ബ്ലഷൊക്കെയിട്ട് കഥാനായകനെ ഇടംകണ്ണിട്ട് നോക്കി ‘കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം’ന്നൊരു വരി.. ചെറുക്കന്‍ ഫ്ലാറ്റ്” അമ്മു പിന്നെയും പാട്ട് തുടരാന്‍ തന്നെയാണ് ഭാവം.. “കാവ്യേടെ ലുക്കൊക്കെയുണ്ടെങ്കിലും ബ്ലഷ് ഹോള്‍സെയിലില്‍ വാങ്ങിയടിക്കേണ്ടിവരും.. ലാസ്യം ഒന്ന് വന്ന് കിട്ടാന്‍..” മായ പറഞ്ഞു.. “അത് കറക്ട്” അമ്മു ചിരിച്ചോണ്ട് പറഞ്ഞു..

ഹോ! ആ പാട്ടെനിക്ക് കേട്ടൂട.. ആ രംഗം ആലോചിച്ചാ.. എന്റീശ്വരാ.. ആര്‍ക്കേലും ഇത്രേം ഭാവത്തില്‍ അതും പെണ്ണുകാണാന്‍ വന്ന ചെക്കന്റേയും ഫാമിലിയുടേയും മുന്നില്‍ പാടാന്‍ പറ്റുമോ? ഗായത്രി നിലത്തുവിരിച്ചിരുന്ന പായയിലേക്കിരുന്നു.. “എടീ.. അതാണ് സ്ത്രൈണത, സ്ത്രീത്വം എന്നൊക്കെ സ്റ്റാമ്പ് അടിച്ചുവിടുന്ന സാധനം, നിനക്കൊന്നും പറഞ്ഞിട്ടില്ലാത്തത്” വിനു പറഞ്ഞു.. “എന്നാലും കല്യാണം കഴിക്കാന്‍ വേണ്ടി മാത്രം ജനിച്ചു ജീവിക്കുന്നവരെ കൊണ്ടെ അത് പറ്റുള്ളൂ മോളേ” ഗായത്രി പറഞ്ഞു. പയ്യനെ കുറിച്ചുള്ള നിന്റെ ഒരു കണ്‍സെപ്റ്റ്? ചുരുട്ടിയ മാസിക ഗായത്രിയുടെ നേര്‍ക്ക് പിടിച്ചുകൊണ്ട് അമ്മു ചോദിച്ചു.. “എന്നെ ഒരുപാട് സ്നേഹിക്കുന്ന, കൊച്ചുകൊച്ചു ശാഠ്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്ന..” വിനു പറയാന്‍ തുടങ്ങി‍.. “യോ ഇതു പൈങ്കിളി” ഗായത്രി ഇടയില്‍ കയറി.. “എന്നെ ഞാനായി കണ്ട് എന്റെ വ്യക്തിത്വത്തെ അംഗീകരിച്ച്..” “നടന്നത് തന്നെ” വിനു ചിരിക്കാന്‍ തുടങ്ങി.. ഗായത്രി മുഖം വീര്‍പ്പിച്ചു..

“സിറ്റുവേഷന്‍ നമുക്കൊന്ന് മാറ്റാം.. അങ്കിളിനോട് പറയാം.. നിന്റെ പരസ്യം കണ്ട് ഇഷ്ടപ്പെട്ട് ആപ്ലിക്കേഷന്‍ തന്നവരേയെല്ലാം ഒരു ദിവസം തന്നെ വീട്ടിലേയ്ക്ക് വിളിക്കാന്‍.. എന്നിട്ട് ഈ സ്വയംവരം മോഡല്‍ എല്ലാവരേയും നിരത്തിയിരുത്തുക.. അതിനിടയ്ക്ക് നീ മന്ദം മന്ദം ഇറങ്ങിചെല്ലുന്നു..” മായ പറഞ്ഞ് നിര്‍ത്തുമ്പോളേയ്ക്കും എല്ലാവരും കൈയടിച്ചു.. “വാഹ്! ഇത് ബെസ്റ്റ്” അമ്മു പറഞ്ഞു.. ഗായത്രിയ്ക്ക് ആവേശമായി.. അവളെണീറ്റ് അഭിനയം തുടങ്ങി.. “ഇരുപുറവും ഇരിക്കുന്ന ആപ്ലിക്കന്‍സിനിടയിലേക്ക് ഞാനതാ ഇറങ്ങിചെല്ലുന്നു..” “നിക്ക് നിക്ക്.. ഒരോരുത്തരുടെ അടുത്ത് എത്തുമ്പോ നീ കണ്ണിലേയ്ക്ക് നോക്കണം.. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് വരുന്നുണ്ടോന്ന് നോക്കാന്‍” വിനുവിന്റെ ഉപദേശം.. “അതിപ്പോ ഞാനെങ്ങനേയാ അറിയുന്നെ?” “എടീ കാമദേവന്‍ ഒരു ആരോ വിടും.. അത് നിന്റെ നെഞ്ചില്‍ തറയ്ക്കുമ്പോളാണ് ആ ഫീലിംഗ് വരുന്നെ” അമ്മുവിന്റെ ജി.കെ. “അതോ.. ജോണ്‍ എബ്രഹാം.. അവനെ കണ്ടാല്‍ എപ്പളും എനിക്ക് ആരോ തറയ്ക്കാറുണ്ട്..” “തീര്‍ന്നിട്ടില്ല, സ്വയംവരം പ്രൊസീജര്‍ പ്രകാരം നീ അവനെ നോക്കുമ്പോള്‍ റണ്ണിംഗ് കമന്ററി ഉണ്ടാവും ഇവന്‍! അംഗരാജ്യത്തിന്റെ അധിപന്‍, ആയിരം നാട്ടുരാജ്യങ്ങള്‍ക്കധികാരി.. വീരശൂരപരാക്രമി..ഇതിന് പകരം അങ്കിളിനോട് അവന്റെ പ്രൊഫൈല്‍ വായിക്കാന്‍ പറയാം.. സോഫ്റ്റ്വെയര്‍,ഹാര്‍ഡ് വെയര്‍, എം. ബി. എ.. 20ലാക്സ് പാക്കേജ്..” വിനു പറഞ്ഞു.. “യോ അപ്പോയീ എഴുത്തുക്കാര്, പീ എച്ച്ഡി ഇതിനൊന്നും സ്കോപ്പില്ലേ?” അമ്മുവിന്റെ സിമ്പിള്‍ സംശയം.. “അങ്കിളിന് ബുദ്ധിയുണ്ട്.. ഇവളെയൊക്കെ പോറ്റണേല്‍ എന്ത് ചിലവുവരുംന്ന് അങ്കിളിനറിയാം..” മായ പറഞ്ഞു.. “ഞാന്‍ അത്ര ലാവിഷൊന്നുമല്ല..” ഗായത്രിക്കു പരിഭവമായി.. “അങ്ങനെ മൊത്തത്തില്‍ നിനക്ക് പിടിച്ചൊരാളെ നീയങ്ങ് സ്വയം വരിക്കുന്നു” വിനു പറഞ്ഞു.. “നിരാശരായി മടങ്ങുന്നവരെ! ആഹ്ലാദിക്കുവിന്‍.. എന്തെന്നാല്‍ എത്ര വലിയ അപകടത്തില്‍ നിന്നാണ് നിങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നതെന്ന് നിങ്ങളറിയുന്നില്ല..” ഭാവാഭിനയവുമായി അമ്മു രംഗം പൂര്‍ത്തിയാക്കി..

“അപ്പോള്‍ ഇനി കാര്യത്തിലേയ്ക്ക്.. അങ്കിള്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.. നീ ഈ ആഴ്ച വീട്ടില്‍ പോവുന്നു.. അവരോട് പറഞ്ഞ വാക്കൊന്നും ഇപ്പോ അങ്കിളിനെ കൊണ്ട് മാറ്റി പറയിക്കാന്‍ പോണില്ല” മായ ഗൌരവത്തിലാണ്.. “ഇപ്രാവശ്യം പോയാല്‍ ഇനിയൊന്ന് ശരിയാവുന്നവരെ എനിക്കു പോവേണ്ടിവരും.. കാഴ്ചവസ്തുവായി നിക്കാന്‍ കഴിയാഞ്ഞിട്ടാ മായാ..” ഗായത്രിയുടെ കണ്ണു നിറഞ്ഞു.. “നിന്നെ എനിക്കറിയില്ലേ.. ഇപ്രാവശ്യം ഇങ്ങനെ പോട്ടെ.. ശരിയായില്ലെങ്കില്‍ ഇനിമുതല്‍ പയ്യന്‍സ് തനിയെ ഇവിടെ വന്ന് നിന്നെ കാണും.. അങ്കിള്‍ പ്രോമിസ് ചെയ്തിട്ടുണ്ട്..” മായ പറഞ്ഞു... “ഒരു ലെസ്ബിയന്‍ ആയിരുന്നെങ്കില്‍ എന്നേക്കാള്‍ എന്നെ അറിയുന്ന നിന്നെ സ്വയം വരിച്ചേനെ ഞാന്‍” ഗായത്രി.. എന്തിനോ എല്ലാവരും നിശബ്ദരായി..

Sunday, January 27, 2008

നീലമേഘങ്ങള്‍ക്കിടയിലൂടെ

ശിവരാമന്‍ പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോളായിരുന്നു ഫോണ്‍ ബെല്ലടിച്ചത്.. ആ വീട്ടില്‍ അയാള്‍ക്ക് അങ്ങനെ ഫോണൊന്നും വരാറില്ലാത്തതുകൊണ്ട് ശ്രദ്ധിക്കാന്‍ പോയില്ല.. ഇടയ്ക്ക് അയാള്‍ ഓര്‍ക്കാറുണ്ട്, സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒക്കെ തനിക്കുമുണ്ടായിരുന്നല്ലോന്ന്.. ഭാര്യ സുമിത്രയും പിന്നെ അനന്തരവന്‍ ആദിതുമാണ് ആ വീട്ടിലെ മറ്റംഗങ്ങള്‍.. പാല് പിരിഞ്ഞത് തുടങ്ങി ഇന്നലത്തെ വാര്‍ത്ത വായിച്ച സ്ത്രീയുടുത്ത സാരിയുടെ ഡിസൈനും കോളനിയില്‍ ശിവരാമന് പ്രത്യക്ഷത്തില്‍ താത്പര്യമില്ലാത്ത ഒരുവിധം എല്ലാ വാര്‍ത്തകളും സുമിത്രയുടെ ഫോണ്‍സംഭാഷണങ്ങളിലൂടെ കേള്‍ക്കാം.. ആദിതിന്റേയും ഒരുവിധം എല്ലാ വര്‍ത്തമാനങ്ങളും അറിയുന്നത് ഫോണിലൂടെ തന്നെ.. പതുക്കെ സംസാരിക്കുന്ന ശീലം അവിടെ ആര്‍ക്കും ഇല്ലായിരുന്നു..

ആരോ ഫോണെടുക്കുന്നുണ്ടായിരുന്നു. ശിവരാമന്‍ പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങി.. പുതിയൊരിനം ചെടികള്‍ ഇന്ന് വരുംന്ന് ഗണപതി പറഞ്ഞിരുന്നു.. പൂന്തോട്ടത്തില്‍ നീലപൂക്കളുടെ കുറവുണ്ടെന്ന് അയാള്‍ക്ക് തോന്നിതുടങ്ങിയിരുന്നു. ഒരു മണിക്കൂറാണ് സുമിത്ര അനുവദിച്ച സമയം. കഴിഞ്ഞ പ്രാവശ്യം ചെക്കപ്പിന് പോയി വന്നതിന് ശേഷം സുമിത്രയുടെ നിയന്ത്രണങ്ങള്‍ ഒന്നുകൂടെ മുറുകി. കടുത്ത വേദനയ്ക്കിടയിലും അതിനുശേഷമുള്ള മയക്കത്തിലും ശിവരാമന്‍ കണ്ടിരുന്നത് നീലമേഘങ്ങളായിരുന്നു.. എങ്ങുനിന്നോ പാളികളായി വന്ന് അവയ്ക്ക് കനം വെച്ചിരുന്നു. ശിവരാമനേയും ലോകത്തേയും ആ നിമിഷം വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത് ആ നീലമേഘങ്ങളായിരുന്നു. ഒരിക്കല്‍ ഡോക്ടറോട് അത് പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടാതെ തോളില്‍ തട്ടി.. വാത്സല്യത്തോടെ.. പിന്നീട് പലപ്പോഴും കണ്ണടച്ച് പിടിച്ച് അവയെ കാണാന്‍ ശിവരാമന്‍ ശ്രമിച്ചിട്ടുണ്ട്..

ചെരുപ്പിടാന്‍ തുടങ്ങിയപ്പോള്‍ സുമിത്ര ഉമ്മറത്തേയ്ക്ക് വന്നു.. “എവി വിളിച്ചിരുന്നു. അവര്‍ അടുത്തയാഴ്ച്ച എത്തും.“ എവി മകന്റെ ഭാര്യയാണ്. ഇവിടെ നിന്ന് കുറച്ചകലെ അവര്‍ക്ക് ഒരു വീടുണ്ട്, ചൈത്രം. വെക്കേഷന് വരുമ്പോള്‍ അവിടെയാണ് താമസം. “വീട് ഒന്ന് വൃത്തിയാക്കിയിടാന്‍ അശോകന്‍ രണ്ടാളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ശിവേട്ടനും അശോകനും വരുന്ന വഴി ഒന്ന് കേറിനോക്കണം, ഇനി നമ്മളാരും പോയിനോക്കിയില്ലെന്ന പരാതി വേണ്ട..” ശിവരാമന് ഉള്ളില്‍ ചിരി വന്നു. സുമിത്രയ്ക്ക് ഇനിയും മകന്റെ ഭാര്യയെ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എതിര്‍ത്തൊന്നും പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ട് നിസ്സഹകരണം ആണ് എല്ലാത്തിനും. അതുകൊണ്ടാണ് അശോകനൊപ്പം തനിക്ക് ഡ്യൂട്ടി കിട്ടിയിരിക്കുന്നത്.

കാറില്‍ കയറിയപ്പോള്‍ അശോകന്‍ പതിവുള്ളത് പോലെതന്നെ ചിരിച്ചു. എങ്കിലും അതിലല്‍പ്പം സഹതാപം ഇല്ലെയെന്ന് ശിവരാമന് വെറുതെതോന്നി.. ഈയിടെയായി എല്ലാവര്‍ക്കും സഹതാപമാണെന്ന് തോന്നാറുണ്ട്. ചെടികള്‍ വൈകുന്നേരത്തിനേ എത്തുകയുള്ളൂന്ന് ഗണപതി പറഞ്ഞു. ചൈത്രത്തില്‍ കയറിച്ചെന്നപ്പോള്‍ ഉച്ചയാവാറായി.. ഒരാള്‍ തോട്ടത്തില്‍ പണിയെടുക്കുന്നുണ്ടായിരുന്നു.. “താന്‍ മാത്രമേയുള്ളൂ? അകത്തേക്കാരുമില്ലേ?” അശോകന്‍ വിളിച്ചു ചോദിച്ചു.. “ഒരു പെണ്ണുകൂടെയുണ്ട് സാറെ.. അകത്തുണ്ട്.“ “ ശിവേട്ടന്‍ ഇവിടെയിരുന്നോളൂ..“ അശോകന്‍ ഉമ്മറത്തേയ്ക്കൊരു കസേര വലിച്ചിട്ടു.. ശിവരാമന്‍ ചാരി കിടന്നു.. അശോകന്‍ മുറ്റത്തേയ്ക്കിറങ്ങി തോട്ടം വൃത്തിയാക്കുന്ന ആളോട് സംസാരിച്ചുതുടങ്ങി. ‘ഈ പറമ്പില്‍ ഒരുവിധം എല്ലാ മരങ്ങളുമുണ്ട്.. മാവ്, പിന്നെ പ്ലാവുണ്ടാരുന്നത് വീട്ടിലേയ്ക്ക് ചാഞ്ഞെന്ന് പറഞ്ഞ് മുറിപ്പിച്ചു..” തോട്ടക്കാരന്‍ അശോകനെ നോക്കി ചിരിച്ചു..

ശിവരാമന്‍ കണ്ണടച്ച് കിടന്നു.. കാല്‍ത്തളകളുടെ കിലുക്കം.. “സാബ്ജീ.. നിങ്ങളുടെ മദ്രാസ്സില്‍ നാരിയല്‍ മരമുണ്ടല്ലേ?”ന്ന് ചോദിച്ചുകൊണ്ട് സീമ കൈവഴക്കത്തോടെ പകുതിവെന്ത റൊട്ടി കനലിലേക്കിട്ടു. “ഉണ്ടല്ലോ കൊപ്രതീനി” ശിവരാമന്‍ മറുപടി പറഞ്ഞു. ആദ്യത്തെ പോസ്റ്റിംഗ് രാജസ്ഥാനിലെ ടോംഗില്‍. വീട്ടില്‍ സഹായത്തിന് വന്നിരുന്നതാണ് സീമ. ഒരിക്കല്‍ അവള്‍ ചോദിച്ചു, സാബിന്റെ ബീവിയോട് ഒരു പെണ്ണിനെ കൂടെ കല്യാണം കഴിച്ചോട്ടെന്ന് ചോദിക്കുവോന്ന്.. ഒട്ടൊരത്ഭുതത്തോടേ അവളെ നോക്കിയപ്പോള്‍ ഒരു തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് പൊട്ടിചിരിച്ചുകൊണ്ട് അവളോടി പോയി.. അവളുടെ കാല്‍ത്തളകള്‍ നന്നായി കിലുങ്ങുമായിരുന്നു. ആ കിലുക്കം എന്നും ശിവരാമന്റെ മനസ്സിലുമുണ്ടായിരുന്നു. ഒരവധിക്കാലത്തിനായ് നാട്ടില്‍ വരാനൊരുങ്ങുമ്പോള്‍ എല്ലാം ഒരുക്കിവെക്കാന്‍ പതിവിനു വിപരീതമായി ഏറെ നിശബ്ദയായി അവളുമുണ്ടായിരുന്നു.. കൈത്തണ്ട ദുപ്പട്ട വെച്ച് മറച്ചുപിടിക്കുന്നുണ്ടായിരുന്നു.. പിടിച്ച് നോക്കിയപ്പോള്‍ ശിവരാമന്റെ കണ്ണുകള്‍ നിറഞ്ഞു. “ സാബ്ജീ, ഇത് ശിവ്, റാം എന്നാണ്.. സാക്ഷാല്‍ ഭഗവാന്‍” അവള്‍ പിന്നെയും ചിരിച്ചു. പെട്ടെന്ന് തിരിച്ചുചെല്ലാമെന്ന് സീമയോട് പറഞ്ഞ വാക്ക് പാലിച്ച് പിന്നെയും അവിടെ ചെന്നപ്പോള്‍ അവളില്ലായിരുന്നു. അവളുടെ വീട്ടില്‍ ചെന്നന്വേഷിച്ചു. നിര്‍വികാരത മാത്രമുള്ള കണ്ണുകളുമായി ഒരു സ്ത്രീ വന്ന് അവളുടെ കല്യാണം കഴിഞ്ഞെന്നും ഭര്‍ത്താവിനൊപ്പം പട്ടണത്തിലാണെന്നും പറഞ്ഞു. അയാള്‍ അവിടെനിന്ന് ഇറങ്ങി നടന്നു. മഞ്ഞപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന വയലുകള്‍ക്കിടയിലൂടെ..

ശിവരാമന്‍ പിന്നേയും നീലമേഘങ്ങള്‍ കാണാന്‍ തുടങ്ങി.. നെറ്റിയില്‍ നിന്ന് വിയര്‍പ്പുതുള്ളികള്‍ ഉരുണ്ടുവീണു. അയ്യോ ശിവേട്ടാ.. ആരേലും കുറച്ച് വെള്ളം കൊണ്ടുവരൂന്നോക്കെ അശോകന്‍ പറയുന്നത് ശിവരാമന് കേള്‍ക്കാമായിരുന്നു.. ശിവരാമന്‍ അപ്പോള്‍ നീലമേഘങ്ങള്‍ക്കിടയിലായിരുന്നു. എങ്ങുനിന്നൊക്കെയോ പാളികളായി അവ ശിവരാമന്റെ അടുത്തേക്ക് ഒഴുകിവന്നു. എന്നും കൊതിച്ച കാല്‍ത്തളകളുടെ കിലുക്കം അടുത്ത് വരുന്നത് ശിവരാമന്‍ അറിഞ്ഞു. മേഘപാളികള്‍ക്ക് കനം വെക്കുകയായിരുന്നു. നീലമേഘങ്ങള്‍ക്കിടയിലൂടെ ശിവ് റാം എന്ന് പച്ച കുത്തിയ കൈകളില്‍ നിന്ന് വെള്ളം വരുന്നത് ശിവരാമന്‍ കണ്ടു. നീലമേഘങ്ങള്‍ ശിവരാമന്റെ കാഴ്ച്ചയെ മറച്ചു.. സാബ്ജീ എന്നൊരു നനുത്ത ശബ്ദം അപ്പോളും അയാള്‍ക്ക് കേള്‍ക്കാമായിരുന്നു.

Tuesday, January 22, 2008

കളഞ്ഞു പോയത്..

“ഐ വാണ്ട് ടു ലൂസ് മൈ വെര്‍ജിനിറ്റി” ഗായത്രി കിടക്കയില്‍ നിന്ന് എണീക്കാതെ പറഞ്ഞു.. സമയം, കാലത്ത് പത്ത് മണിയായിരുന്നു.. ഞായര്‍.. മായ ന്യൂസ്പേപ്പറില്‍ നിന്ന് തലപൊക്കി നോക്കി. " ജനലു തുറന്ന് കിടപ്പുണ്ട്.. എടുത്ത് പുറത്തിട്ടോ” “ഞാന്‍ സീരിയസായിട്ട് പറഞ്ഞതാ..” ഗായത്രി വീണ്ടും.. “നിനക്ക് ഇതിനപ്പുറവും തോന്നും, ഇന്നലത്തെ ആഘോഷം കണ്ടപ്പോളേ ഓര്‍ത്തതാ..” ഗായത്രി എഴുന്നേറ്റിരുന്ന് തലയിണയിലേക്ക് ചാരി.. “എന്റ് 25 വയസ്സ് ആഘോഷിക്കാന്‍ കുറച്ച് വൈന്‍.. എടീ പോത്തേ, അത് ഡിവൈന്‍ ഡ്രിങ്കാ.. അതിനെ നീയല്ലാതെ ആരേലും കള്ളെന്ന് പറയുവോ? “ “പിന്നെയിപ്പോ എന്താണാവോ ഒരു പുതിയ ബോധോദയം?” മായ ഗൌരവത്തോടെ നോക്കി..

“നമ്മുടെ കയ്യില്‍ ഉണ്ടെന്ന് ഉറപ്പുള്ള സാധനം അല്ലേ കളയാ? ഫോര്‍ എക്സാമ്പിള്‍.. എന്റെ മാല.. അതാരേലും പൊട്ടിച്ചുകൊണ്ടുപോയാ മാ‍ല പോയേന്ന് പറയാം.. ഇതിപ്പോ എല്ലാരും പറയുന്നു, അതുകൊണ്ട് അങ്ങനൊന്ന് ഉണ്ടെന്ന് നമുക്കും തോന്നുന്നു.. കളഞ്ഞ് നോക്കിയാലല്ലേ ഉണ്ടായിരുന്നെന്ന് അറിയുള്ളു..” ബൈ ഡെഫനിഷന്‍... അതുവരെ മിണ്ടാതിരുന്ന വിനു എന്ന് വിളിപ്പേരുള്ള വിനോദിനി പറയാന്‍ തുടങ്ങി.. “അങ്ങനെ പൊട്ടിപോവുന്നതാണേ അവള് മരംകേറി നടന്നപ്പോ പോയി കാണും” മായ ഇടയില്‍ കയറി..

“നിങ്ങളെന്തെങ്കിലും പറഞ്ഞോ.. ഞാന്‍ സീരിയസായി ആലോചിക്കാന്‍ പോവാ.. ഹൌ ടു ഗായത്രി മുടിയിലൂടെ വിരലോടിച്ച് ആലോചിക്കാന്‍ തുടങ്ങി.. “ആ അങ്കിത് ജെയിന്‍, അവന്‍ പോര.. ജി.സെക് മൂര്‍ത്തി, അവനും അയ്യേ.. ആലോചിച്ചിട്ട് ഒരു യുഎസ് ഡേറ്റിംഗിന് പറ്റിയ ഒരാളെ പോലും കിട്ടണില്ലല്ലോ..” നിനക്ക് പറ്റിയത് ആ പെരേരയാ.. ഒരു സ്വാമി ലുക്കെന്നല്ലേ നീ എപ്പളും പറയാറ്..” വിനു കണ്ണിറുക്കി പറഞ്ഞു.. “എടേ സ്വാമിക്കാരേലും വെര്‍ജിനിറ്റി കൊടുക്കോ.. അയാളെ കണ്ടാല്‍ ഞാനൊന്ന് നമസ്ക്കരിക്കാം..” ഗായത്രി പറഞ്ഞു.. “വേണ്ടെടി. അങ്കിളു ഫോണ്‍ ചെയ്യുമ്പോ ഞാന്‍ പറഞ്ഞോളാം.. പുന്നാരമോള്‍ക്ക് ഇങ്ങനൊരു ആഗ്രഹം തുടങ്ങീന്ന്..” മായ ദേഷ്യത്തോടെ.. “പൊന്നേ ചതിക്കല്ലേ.. ഈ ഒഴിവുദിവസത്തില്‍ നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഞാനൊരു ഡിഫറന്റ് ടോപ്പിക് തന്നതല്ലേ.. തമാശ്.. നീയിങ്ങനെ ചൂടായാലെങ്ങനാ?” ഗായത്രി ഓടിവന്ന് മായയുടെ മടിയില്‍ കിടന്ന് ചിണുങ്ങി..

“നമ്മുടെ അമ്മുക്കുട്ടിയമ്മ എന്താ ഒന്നും മിണ്ടാത്തെ?” വിനു ജനലിലൂടെ പുറത്തേയ്ക്ക് നോക്കിനിന്ന അമ്മുവിന്റെ തോളില്‍ കൈ വെച്ചു.. ഞരങ്ങുന്ന ഓര്‍മ്മകള്‍.. ‘അച്ഛാ എന്തിനാ അവിടെ തൊടുന്നെ?’ അമ്മൂന് സുഖം തോന്നാന്‍, സുഖം തോന്നണില്ലേ? ഹ് മ്മ് വേദനിക്കുന്നു.. സാരല്യ.. ഇപ്പോ മാറുംട്ടോ.. അമ്മൂന് അച്ഛന്‍ പോയിട്ട് വരുമ്പോ ഇനീ കുപ്പായം കൊണ്ടോരും മുട്ടായി കൊണ്ടോരും.. അമ്മയോട് പറയല്ലേട്ടോ.. പറയുവോ? ഇല്യാ.. കൊഴിഞ്ഞുവീണ പൂക്കള്‍.. വര്‍ഷങ്ങളും.. അച്ഛന്‍ ട്രെയില്‍ മുട്ടി മരിച്ചുപോണേന്ന് അമ്മു ഒരിക്കല്‍ പ്രാര്‍ത്ഥിച്ചത് ഉറക്കെയായി പോയി.. അമ്മുവിന്റെ കണ്ണില്‍ നോക്കാതെ അന്ന് രാത്രി മുഴുവന്‍ അമ്മ കരഞ്ഞു.. രാവിലെ അമ്മുവിന്റെ കയ്യും പിടിച്ച് പടിയിറങ്ങി.. താളം തെറ്റിയ മനസ്സുമായി അമ്മ അമ്മുവിനെ എല്ലാവരില്‍ നിന്നും മറച്ചുപിടിച്ചു.. “സുഭദ്രേ നിന്റെ ഉടപ്പിറന്നോനാ പറയണെ.. അവള് ഞങ്ങള്‍ടേം കൂടെ മോളല്ലേ.. ശങ്കരന്റെ തോന്ന്യാസത്തിന് നീ എല്ലാരേം എന്തിനാ വെറുതെ..“ ഒരു ദിവസം സുഭദ്ര ആറ്റില്‍ ചാടി.. അമ്മുവിനേയും കൊണ്ട്.. അമ്മുവിന്റെ കണ്ണില്‍ മണല്‍തരികള്‍.. കണ്ണുതുറന്നപ്പോള്‍ അമ്മ ഇല്ലായിരുന്നു..

അമ്മു ആര്‍ത്തലച്ചുകരഞ്ഞുകൊണ്ട് വിനുവിനെ തോളിലേയ്ക്ക് വീണു.. “ഓര്‍ത്തില്ല.. ഞാന്‍ അവളെ ഓര്‍ത്തില്ല” ഗായത്രി മായയുടെ മടിയില്‍ മുഖമമര്‍ത്തി തേങ്ങി...