Saturday, June 20, 2009

ഞാനിപ്പോള്‍ കടുത്ത മൌനത്തിലാണ്. ഏറെ നേരം കൂടിയിരുന്ന് വരണ്ട് ഒട്ടിപിടിച്ച ചുണ്ടുകളെ വിടര്‍ത്തിയെടുക്കല്‍ ശ്രമകരമാവുമെന്ന് തോന്നുന്നു. ഉത്ഭവമെവിടെയെന്നറിയാതെ പുരികത്തിനുമുകളിലൂടെ ഒരു വേദന ഒഴുകിയിറങ്ങുന്നു. തത്ക്കാലം അതിനെ ഞാന്‍ തലവേദനയെന്ന് വിളിക്കട്ടെ. എന്റെ ചുറ്റുമിപ്പോള്‍ കനത്ത നിശബ്ദത. അല്ലെങ്കില്‍ ഒരുപാട് നേര്‍ത്ത ഒച്ചകള്‍ ചേര്‍ന്ന് ശബ്ദമില്ലാത്ത അവസ്ഥ. അവയെ ഇഴപിരിച്ചെടുക്കട്ടെ. അതിലെവിടേയെങ്കിലും എന്റെ ശബ്ദം കാണുമോ!

അപ്പുറത്തെ മുറിയില്‍നിന്നും അറിയാത്ത ഭാഷയില്‍ ഒരു ഫോക് സോങുണ്ട്. ഏറെ നേരം ശ്രദ്ധിക്കുമ്പോള്‍ പകലുമുഴുവന്‍ അധ്വാനിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നൊരുവന്റെ പാട്ടായി തോന്നുന്നു. ആയിരിക്കുമോ! അവളോട് ചോദിച്ചറിയാം. മിക്കപ്പോഴും ഞങ്ങള്‍ തമ്മില്‍ കാണാറുള്ളത് കണ്ണാടിയിലൂടെയാണ്. ഉറക്കച്ചടവോടെ പകുതിയടഞ്ഞ കണ്ണുമായി ഒരേ കണ്ണാടിയില്‍ നോക്കി ബ്രഷ് ചെയ്യുമ്പോള്‍. അവളുടെ മുറിക്ക് പുറത്ത് വുഡ് ലാന്റിന്റെ ഷൂസ് കാണുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ കാണാറില്ല. ആ ദിവസങ്ങളില്‍ അതിരാവിലെ അവളുണരുമായിരിക്കും.

പിന്നെയും ശബ്ദത്തെതേടി പോകുന്നെങ്കില്‍ ഇരുട്ടിലേയ്ക്ക് തുറന്നിട്ട ജനലിനുമപ്പുറത്ത് നിന്ന് കൂടണഞ്ഞ കിളികള്‍ ചിലച്ചുകൊണ്ടിരിക്കുന്നു. അവരെന്താവും സംസാരിക്കുന്നത്? ഇന്ന് വെറുതെ ചാറിയ മഴയെ കുറിച്ചോ. ശബ്ദങ്ങളെ ശ്രദ്ധിക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ കറങ്ങികൊണ്ടിരിക്കുന്ന ഫാനിന്റെ ശബ്ദവും.
ഇതിലൊന്നും എന്റെ ശബ്ദമില്ല. ടൈലറിംഗ് മെഷീന്‍ വര്‍ക്ക് ചെയ്യുന്നപോലെയാണ് നിന്റെ സംസാരമെന്ന് പറഞ്ഞ സുഹൃത്ത് അറിഞ്ഞിരിക്കുമോ എന്റെ ശബ്ദം ഇല്ലാതായെന്ന്. കനത്ത ട്രാഫിക്കില്‍ അക്ഷമയോടേയിരി്‍ക്കുമ്പോള്‍ കാതിനരികിലൂടെ കടന്നുപോയത് ആ ശബ്ദമെന്ന് തിരിച്ചറിഞ്ഞിരിക്കുമോ!
ഇത്തിരിവെള്ളമൊഴിച്ച് തൊണ്ടയെ കുതിര്‍ത്ത് ഞാനൊന്ന് അമ്മയെ വിളിക്കട്ടെ. എന്റെ ശബ്ദം അവിടെ കാണും.

1 comment:

വരവൂരാൻ said...

നന്നായിട്ടുണ്ട്‌..ഈ സംസാരങ്ങൾ