ഇന്ന് അമ്മമ്മ മരിച്ചു.
പ്രതീക്ഷിച്ചിരുന്നതാണ്.
എങ്കിലും..
ഫോണ്‍ വന്നപ്പോള്‍ കരഞ്ഞതേയില്ല. ബ്രേക്ഫാസ്റ്റിന് മെസ്സില്‍ ചെന്നിരുന്ന് ഇഡലിയെ സ്പൂണ്‍ കൊണ്ട് പതിവിലും ചെറിയ കഷണങ്ങളാക്കി ഒരുപാട് സമയമെടുത്ത് കഴിച്ചു. അടുത്ത് വന്ന് എന്തോ ചോദിച്ചവരോട് പതിവുള്ളപോലെ മറുപടി പറഞ്ഞു. അപ്പോള്‍ അമ്മമ്മയുടെ ശരീരത്തില്‍ നിന്നും ചൂട് മുഴുവനായി ഇറങ്ങികാണും. മരണം നോക്കിയിരുന്നവര്‍ തിരിയിട്ട് കാത്തുവെച്ച വിളക്ക് കൊളുത്തി അമ്മമ്മയുടെ തലയ്ക്കല്‍ വെച്ചുകാണും. ആരെങ്കിലും ഉറക്കെ കരഞ്ഞുകാണുമോ. ഉണ്ടാവില്ല. അവിടെ പ്രതീക്ഷിച്ചിരുന്ന മരണം കഴിഞ്ഞ പ്രാവശ്യത്തെപോലെ വഴിതെറ്റിയില്ലല്ലോ എന്നുള്ള നെടുവീര്‍പ്പുകള്‍ കാണുമായിരിക്കും..
അമ്മമ്മയ്ക്ക് മരിക്കാന്‍ പേടിയായിരുന്നു. എന്നും. “ഞാന്‍ മരിച്ചാ നിങ്ങള്‍ ദഹിപ്പിക്കരുത്, കുഴിച്ചിട്ടാ മതി” വര്‍ഷങ്ങളായി പലരോടും പറഞ്ഞു വെച്ചിട്ടുണ്ട്. ജീവിക്കാന്‍ കാരണങ്ങള്‍ വേണോ? വേണമായിരിക്കും. അമ്മമ്മയുടെ അടുത്ത് പോയികിടക്കുമ്പോള്‍ പറയും., “എനിക്ക് അവന്റെ കുട്ടിയെ കണ്ടിട്ട് വേണം മരിക്കാന്‍.“ “അതെന്തെ, ഏട്ടന്റെ കുട്ടിയെ മാത്രം കണ്ടാല്‍ മതിയോ? എന്റെ കുട്ടിയെ കാണണ്ടെ?“ “കാണായിരുന്നു, അതിന് നീയ്യ് പഠിപ്പെന്ന് പറഞ്ഞ് നടക്കല്ലെ, അതുവരെയൊന്നും ഞാനുണ്ടാവുംന്ന് തോന്നുന്നില്ല”
ഇപ്രാവശ്യം ഓണത്തിന് നാട്ടില്‍ ചെന്നപ്പോള്‍ അമ്മമ്മ ആരേയും തിരിച്ചറിയുന്നുണ്ടായിരുന്നില്
ല. അടുത്തിരുന്ന് കുറേ നേരം സംസാരിച്ചതിന് ശേഷം എനിക്ക് തന്നെ ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചു. ഞാന്‍ അമ്മമ്മയുടെ മനസ്സിലുണ്ടെന്ന് അറിയാന്‍. ഇല്ലയെന്ന ഉത്തരം കേട്ടപ്പോള്‍ സത്യത്തില്‍ ദേഷ്യം വന്നു. എല്ലാത്തിനും മൂളികേട്ട് എന്നെ മനസ്സിലായില്ലെന്നോ. അമ്മമ്മേടെ മോന്റെ മോളാണ് ഞാന്‍. പൊടുന്നനെ ഒരു ചോദ്യം വന്നു. “നിന്റെ കല്യാണം കഴിഞ്ഞോ?” ചോദ്യം കേട്ടപ്പോള്‍ അകത്തുണ്ടായിരുന്ന അമ്മായി ഓടിവന്നു, സന്തോഷത്തോടെ. എനിക്കും മനസ്സ് നിറഞ്ഞിരുന്നു.
ഇപ്പോള്‍ എല്ലാം കഴിഞ്ഞുകാണും. ഇനിയവിടെ കാത്തിരിക്കുന്നത് മരണം സൃഷ്ടിക്കുന്ന ശൂന്യതയായിരിക്കും. ഉണ്ടെന്ന് തോന്നിപ്പിക്കുന്ന, എങ്കില്‍ തീരെയില്ലാതാവുന്ന അമ്മമ്മ.
അമ്മമ്മയെ കുറിച്ച് മുന്‍പും എഴുതിയിട്ടുണ്ട്. സംതിങ്ങിലെ സുഹൃത്തുക്കള്‍ തുടര്‍ന്ന് വായിക്കേണ്ടതില്ല.
അമ്മമ്മ ഒരിക്കലും രാജാറാണി കഥകള്‍ പറഞ്ഞുതന്നിട്ടില്ല. ജീവിതത്തില്‍ നടന്ന ഒരുപാട് കഥകള്‍ പറഞ്ഞുതരും. അമ്മമ്മേടെ അച്ഛന്‍ മരിച്ചപ്പോള്‍ കിലോമീറ്ററുകളോളം നടന്നു പോയ കഥകള്‍. അമ്മമ്മയെ വോട്ട് ചെയ്യാന്‍ കൊണ്ടുപോവാറ് കോണ്‍ഗ്രസ്സിന്റെ ഇലക്ഷനുവരെ നില്‍ക്കുന്ന വല്യച്ഛന്റെ മക്കള്‍. അവരുടെ കൂടെ സെറ്റുമുണ്ടൊക്കെ ഉടുപ്പിച്ച് ചന്ദനക്കുറിയൊക്കെ തൊടുവിച്ച് പറഞ്ഞുവിടും. ചന്ദനക്കുറിയൊക്കെ ഒരുങ്ങാന്‍ കൊച്ചുമകളുടെ contribution. തിരിച്ച് വരുമ്പോള്‍ ആര്‍ക്കാ അമ്മമ്മ വോട്ട് ചെയ്തെ ചോദിച്ചാല്‍ കണ്ണിറുക്കി പതിയെ പറയും “ചോപ്പിനന്നെ, അവര് കൊണ്ടോയിന്ന് വെച്ച് ചോപ്പിന് കുത്താണ്ടിരിക്കാന്‍ പറ്റോ?”
“നീയെന്താ വായിക്കുന്നെ? ഇംഗ്ലീഷ് പേപ്പറാ? അതൊക്കെ വായിച്ചിട്ട് നീയെന്റടുത്ത് ഇംഗ്ലീഷ് പറയാന്‍ വരരുത്ട്ടോ”
“അതെന്താ അമ്മമ്മ അങ്ങനെ പറയുന്നെ. നമുക്ക് പഠിക്കാലോ”
“ഇനീപ്പോ പഠിച്ചിട്ടെന്തിനാ! പോവാന്‍ ഒറ്റ സ്ഥലല്ലേയുള്ളു”
“കാലം പുരോഗമിച്ചില്ലേ, അവിടെ പോവുമ്പോ ദൈവവും ഇംഗ്ലീഷ് പറഞ്ഞാലോ? നമുക്ക് കുറച്ച് കമ്പ്യൂട്ടറും ഇംഗ്ലീഷും ഒക്കെ പഠിച്ചിട്ടു പോവാമെന്നെ..”
“അതിന് പഠിപ്പിക്കാന്‍ അവിടൊരാളുണ്ടല്ലോ! കൊല്ലം നാല്‍പ്പതായി പോയിട്ട്. ഒക്കെ പഠിച്ച് കാണും..” ഞാന്‍ തോറ്റു. അമ്മമ്മ പിന്നെയും ചിരിക്കും.
സ്ക്കൂളില്‍ നിന്ന് ഡിസംബര്‍ വെക്കേഷന് ചെല്ലുമ്പോള്‍ മാവൊക്കെ പൂക്കാന്‍ തുടങ്ങുന്നതെയുണ്ടാവുള്ളു. മൂവ്വാണ്ടന്‍ മാവിന്റെ താഴേയ്ക്ക് നില്‍ക്കുന്ന ചില്ല കാണിച്ചിട്ട് പറയും. “അമ്മമ്മെ അവിടെ ഉണ്ടാവുന്ന മാങ്ങ എനിക്ക് വെച്ചേക്കണെ”. നാലുമാസം കഴിഞ്ഞ് ചെല്ലുമ്പോള്‍ ആ ചില്ലയില്‍ മാങ്ങയുണ്ടാവും. അണ്ണാനും പിള്ളേരും തൊടാന്‍ സമ്മതിക്കാതെ അമ്മമ്മ കാത്തുവെച്ചിട്ടുണ്ടാവും. മോള് വരുമ്പോളേയ്ക്കും വാഴ കുലയ്ക്കോ? കുലച്ചൊന്നു മൂത്തു കിട്ടിയാല്‍ മതി. പിന്നെ പുകച്ച് പഴുപ്പിക്കാലോ. മോള് വന്നിട്ട് കശുവണ്ടിയിടിക്കാം. അങ്ങനെയങ്ങനെ. ‘വെക്കേഷനു വന്നിട്ട് രുദ്ര നന്നായല്ലോ.’ കമന്റ് പറഞ്ഞയാള്‍ പടിയിറങ്ങുമ്പോളേയ്ക്കും അമ്മമ്മ ഉഴിഞ്ഞിടാന്‍ വരും. ‘അസത്തിന്റെ നാവ് ശരിയല്ല, അതങ്ങ്ട് പറയാണ്ടെ പോയാ അവള്‍ക്ക് വല്ല കുഴപ്പവും ഉണ്ടോ!’
ഒരിക്കല്‍ എട്ടന്‍ പുറത്തെവിടെയോ പോയിരിക്കുന്ന സമയം. രാത്രിയായപ്പോള്‍ സിനിമയ്ക്ക് പോവാമെന്നും പക്ഷേ അതിന് ഞാന്‍ പോയി കുറച്ചപ്പുറത്തുള്ള ഓട്ടോ ചേട്ടന്റെ വീട്ടില്‍ പോയി ഓട്ടോ പിടിച്ചുവരണമെന്ന് അച്ഛന്റെ കണ്ടീഷന്‍. പറഞ്ഞ് പറഞ്ഞ് ബെറ്റ് വെച്ചു. ഇടവഴികളും തോടും യക്ഷിയുമൊക്കെയുള്ള നാടാണ്. പോയിവന്നു. പിറ്റേന്ന് രാവിലെയായപ്പോളേയ്ക്കും നാട്ടിലെ PTI പ്രതിനിധി തെളിവെടുപ്പിന് വന്നു, താടിക്ക് കയ്യും കൊടുത്ത് നിന്നു, പെണ്‍ക്കുട്ടിയായിട്ട് ഒമ്പത് മണിക്ക് ഇറങ്ങി നടക്കേ! “അതിന് നെനക്കെന്താ ജാന്വോ? അവള്‍ക്കതിനുള്ള ധൈര്യണ്ട്, പോരാത്തെന് അവള്‍ടച്ഛന്‍ അറിഞ്ഞോണ്ടല്ലെ. പടിക്കെന്നെ ഇറങ്ങി നിക്കണുണ്ടാരുന്നു” അങ്ങനെയങ്ങനെ എന്നെ വഷളാക്കിയ എന്റെ അമ്മമ്മ. അന്നൊക്കെ അമ്മയുമായി വഴക്കടിക്കുമ്പോള്‍ ഇടുന്ന അവസാന നമ്പര്‍ ആണ്, “ആരാ എന്നെ അവിടെ കൊണ്ടാക്കാന്‍ പറഞ്ഞെ? ഇവിടൊന്നും സ്ക്കൂളില്ലാതെയല്ലല്ലൊ അവിടെ കൊണ്ടിട്ടേ. ഓ. മോനും മോളും മതിയല്ലൊ” പിന്നെ ബാക്ഗ്രൌണ്ട് മ്യൂസികാണ്. പീ.. അമ്മമ്മ അടുത്ത് വന്ന് പറയും, “ഞാന്‍ അന്നേ പറഞ്ഞതാ. അങ്ങടൊന്നും പറഞ്ഞുവിടേണ്ടെന്ന്. പക്ഷേ ആരുകേള്‍ക്കാനാ!“ എന്നിട്ട് കരയാനെനിക്കൊരു കമ്പനി തരും.
“അമ്മെ, എനിക്ക് പനിക്കുന്ന പോലെ ഒന്നു നോക്ക്യെ.” അമ്മ കൈ വെച്ച് നോക്കും. “പനി! പൊക്കോ അവിടുന്ന്. ഇവിടെ പണി കിടക്കുമ്പോളാ പെണ്ണിന്റെ കൊഞ്ചല്‍” “ഇങ്ങട് വന്നെ, അമ്മമ്മ നോക്കാം.” കവിളില്‍ തൊടും. ഇവിടെ ചൂട് ഇല്ലാ.. നെറ്റിയില്‍ കുറച്ച്. ഇങ്ങട് കിടന്നോളു. പനിയില്ലെന്ന് അമ്മമ്മയ്ക്കും അറിയാം, നമുക്കും അറിയാം. എന്നാലും അമ്മമ്മേ മടിയുടെ ചൂടുപറ്റി കിടക്കുവാന്‍ ഞങ്ങള്‍ മൂന്നുപേരും മത്സരിക്കുമായിരുന്നു.
“ഇന്ന് വരുമെന്ന് പറഞ്ഞ കാരണം രാവിലെ തൊട്ട് നോക്കിയിരിക്കാന്‍ തുടങ്ങിയതാ” എന്ന് പറഞ്ഞ് അമ്മമ്മ ഓടി വന്ന് കൈപിടിക്കില്ല. “ഞാന്‍ വൈകുന്നേരത്തെ വണ്ടിക്കല്ല്ലെയെത്തു! സത്യം പറ, ആരെ നോക്കിയിരിക്കായിരുന്നു?” എന്ന് പറഞ്ഞ് എനിക്കാരേയും ശുണ്ഠി പിടിപ്പിക്കേണ്ടതില്ല. കുട്ടി ഉറങ്ങിക്കോട്ടെ, അതിന് നിങ്ങള്‍ക്കെന്താന്ന് പറഞ്ഞ് എന്റെ ഭാഗം വാദിക്കാന്‍ അമ്മമ്മ വരില്ല. രാവിലെ തന്നെ “കണ്ടില്ലേ ഉള്ളും പോയി ചെമ്പിച്ചിരിക്കുന്നെന്ന്” എത്ര വേണ്ടെന്ന് പറഞ്ഞാലും ഒരു കുപ്പി വെളിച്ചെണ്ണ കൊണ്ട്വന്ന് മുടിയില്‍ തേച്ചുപിടിപ്പിക്കാനും അമ്മമ്മ വരില്ല. അടുത്ത ജന്മത്തിലും എന്റെ അമ്മമ്മയാവണെ.
Saturday, October 10, 2009
Sunday, October 4, 2009
Walk to remember -1
പിന്നെയും കണ്ണുകള്‍ നനയുന്നു
നിനക്ക് ഭ്രാന്തുണ്ടോ?
എന്തെ? കാര്യം പറയു
ആദ്യം ഭ്രാന്തുണ്ടോയെന്ന് പറയു
അല്ല, ആദ്യം കാര്യം പറയു
നീ ബുദ്ധിയുള്ള ഭ്രാന്തന്‍, പോ
കാര്യം ഇപ്പോള്‍ രാത്രി 12 മണി, പുറത്ത് നല്ല മഴ, നടക്കാന്‍ പോകാം?
ഞാന്‍ റെഡി, ഇറങ്ങിക്കോ.
വേണ്ടെടാ, ഞാന്‍ വെറുതെ പറഞ്ഞത്
ഇറങ്ങിക്കോ ഞാനിറങ്ങുന്നു, കുടയെടുക്കരുത്.
ഇല്ല, പക്ഷെ മൊബൈല്‍ നനയും, നിന്റെ പോക്കറ്റിലിടണം
മഴ പെയ്യാന്‍ മടിച്ച് ചിണുങ്ങി നില്‍ക്കുന്നു
പിന്നെ നാണത്തോടെ പതിയെ പതിയെ
ഏറെ പരിചിതമായ വഴികളില്‍, വഴിവിളക്കുകള്‍ക്കടിയിലൂടെ
എന്തോ പറഞ്ഞ് എന്തിനോ ചിരിച്ച്
നടന്ന് നടന്ന്
അറ്റമെത്തിയപ്പോള്‍ തിരിച്ച് നടന്ന്
ഒരു ചൂടുകാപ്പി മൊത്തിക്കുടിച്ച്
തിരിച്ച് റൂമില്‍ കയറി നനഞ്ഞ മുടി വിടര്‍ത്തിയിട്ട്
തലയിണയില്‍ മുഖമമര്‍ത്തികിടന്ന് അതിനെ പിന്നെയും നനച്ച്
ഉറങ്ങാതെ ഉറങ്ങാതെ
ഒരു രാത്രി

Saturday, July 4, 2009
Friday, July 3, 2009
നിന്റെ മൊബൈലും എന്റെ മോനും
ഒരു മാസം മുന്‍പ് കല്യാണം കഴിഞ്ഞ കൂട്ടുക്കാരിയുടെ കോള്‍. കല്യാണം കഴിക്കാന്‍ പോയ എക്സൈറ്റ്മെന്റ് ഇല്ല, സന്തോഷവും ഇല്ല.
“എന്താടി നിനക്ക് പറ്റിയത്”
“ഹോ, ഞാന്‍ സാസ്-ബഹു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുവാ”
അവന്‍ കെട്ടി 2 ആഴ്ചയ്ക്കുള്ളില്‍ യു എസ്-നു വണ്ടി കേറി!
ഇപ്പോള്‍ അമ്മായിഅമ്മയുടെ (മമ്മീജി) കൂടെ ട്രെയിനിംഗില്‍..
കോള്‍ മണിക്കൂറുകളോളം നീണ്ടുപോയ്
ഒന്ന്,
ഒരുദിവസം മമ്മീജിയും മരുമകളും ബാങ്കില്‍ പോയി..
അവിടത്തെ തിരക്കുകള്‍ക്കിടയില്‍ മരുമകള്‍, എന്റെ പ്രിയസഖി, മൊബൈല്‍ സീറ്റില്‍ വെച്ച് മറന്നുപോയി
ഇതുകണ്ട മമ്മീജി അതെടുത്ത് അവരുടെ ബാഗിലിട്ടു.
വീട്ടിലെത്തിയ ഉടനെ ചോദ്യം.
“നിന്റെ മൊബൈലെവിടെ?”
അവള്‍ വേഗം ബാഗില്‍ നോക്കി കാണുന്നില്ല..
“മമ്മീജി, എന്റെ മൊബൈലിലേയ്ക്കൊരു മിസ്ഡ് കാള്‍ അടിക്കുവോ”
സൊല്യൂഷന്‍ വെരി സിമ്പിള്‍
എത്രപ്രാവശ്യം ചെയ്ത കാര്യം.
റൂമില്‍ പലവിധസാധനങ്ങളുടെ കൂടെയെവിടെയാണ് മൊബൈലെന്ന് കണ്ടുപിടിക്കാല്‍
ചാറ്റില്‍ ഇരിക്കുന്നവനോട് എടാ എന്റെ നമ്പരിലൊന്ന് വിളിച്ചെ,
അല്ലെങ്കില്‍ കോറിഡോറിലൂടെ പോകുന്നവരെ പിടിച്ചുനിര്‍ത്തി, പ്ലീസ്, ജസ്റ്റ് ഒരു കാള്‍ ചെയ്യുവോ
റിങ് മമ്മീജിയുടെ ബാഗില്‍ നിന്ന് തന്നെ കേട്ടപ്പോളാണ് അവള്‍ കഥയറിഞ്ഞത്
മമ്മീജി അലറി
“നിനക്ക് നിന്റെ മൊബൈല്‍ പോലും സൂക്ഷിക്കാന്‍ വയ്യെങ്കില്‍ എന്റെ മോനെ നീയെങ്ങനെ നോക്കും!!!!”
“ഹേ!” എന്റെ ഞെട്ടല്‍ വക വെക്കാതെ അവള്‍ “ഇത് വെറും സാമ്പിള്‍” എന്ന് പറഞ്ഞ് അടുത്തതിലേയ്ക്ക് കടന്നു...
എന്റെ ഞെട്ടല്‍ മാറിയില്ല
മൊബൈല്‍ മൂന്നാം നിലയില്‍ നിന്നും താഴെയിട്ട് മൂന്നു പീസാക്കിയ എന്നോട് എന്തുപറയും എന്റെ മമ്മീജി!!!!
ഭഗവാനെ കാത്തുകൊള്ളണെ എന്റെ അമ്മായിഅമ്മയെ, പിന്നെ എന്നീം :(

Saturday, June 20, 2009
ഞാനിപ്പോള്‍ കടുത്ത മൌനത്തിലാണ്. ഏറെ നേരം കൂടിയിരുന്ന് വരണ്ട് ഒട്ടിപിടിച്ച ചുണ്ടുകളെ വിടര്‍ത്തിയെടുക്കല്‍ ശ്രമകരമാവുമെന്ന് തോന്നുന്നു. ഉത്ഭവമെവിടെയെന്നറിയാതെ പുരികത്തിനുമുകളിലൂടെ ഒരു വേദന ഒഴുകിയിറങ്ങുന്നു. തത്ക്കാലം അതിനെ ഞാന്‍ തലവേദനയെന്ന് വിളിക്കട്ടെ. എന്റെ ചുറ്റുമിപ്പോള്‍ കനത്ത നിശബ്ദത. അല്ലെങ്കില്‍ ഒരുപാട് നേര്‍ത്ത ഒച്ചകള്‍ ചേര്‍ന്ന് ശബ്ദമില്ലാത്ത അവസ്ഥ. അവയെ ഇഴപിരിച്ചെടുക്കട്ടെ. അതിലെവിടേയെങ്കിലും എന്റെ ശബ്ദം കാണുമോ!
അപ്പുറത്തെ മുറിയില്‍നിന്നും അറിയാത്ത ഭാഷയില്‍ ഒരു ഫോക് സോങുണ്ട്. ഏറെ നേരം ശ്രദ്ധിക്കുമ്പോള്‍ പകലുമുഴുവന്‍ അധ്വാനിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നൊരുവന്റെ പാട്ടായി തോന്നുന്നു. ആയിരിക്കുമോ! അവളോട് ചോദിച്ചറിയാം. മിക്കപ്പോഴും ഞങ്ങള്‍ തമ്മില്‍ കാണാറുള്ളത് കണ്ണാടിയിലൂടെയാണ്. ഉറക്കച്ചടവോടെ പകുതിയടഞ്ഞ കണ്ണുമായി ഒരേ കണ്ണാടിയില്‍ നോക്കി ബ്രഷ് ചെയ്യുമ്പോള്‍. അവളുടെ മുറിക്ക് പുറത്ത് വുഡ് ലാന്റിന്റെ ഷൂസ് കാണുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ കാണാറില്ല. ആ ദിവസങ്ങളില്‍ അതിരാവിലെ അവളുണരുമായിരിക്കും.
പിന്നെയും ശബ്ദത്തെതേടി പോകുന്നെങ്കില്‍ ഇരുട്ടിലേയ്ക്ക് തുറന്നിട്ട ജനലിനുമപ്പുറത്ത് നിന്ന് കൂടണഞ്ഞ കിളികള്‍ ചിലച്ചുകൊണ്ടിരിക്കുന്നു. അവരെന്താവും സംസാരിക്കുന്നത്? ഇന്ന് വെറുതെ ചാറിയ മഴയെ കുറിച്ചോ. ശബ്ദങ്ങളെ ശ്രദ്ധിക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ കറങ്ങികൊണ്ടിരിക്കുന്ന ഫാനിന്റെ ശബ്ദവും.
ഇതിലൊന്നും എന്റെ ശബ്ദമില്ല. ടൈലറിംഗ് മെഷീന്‍ വര്‍ക്ക് ചെയ്യുന്നപോലെയാണ് നിന്റെ സംസാരമെന്ന് പറഞ്ഞ സുഹൃത്ത് അറിഞ്ഞിരിക്കുമോ എന്റെ ശബ്ദം ഇല്ലാതായെന്ന്. കനത്ത ട്രാഫിക്കില്‍ അക്ഷമയോടേയിരി്‍ക്കുമ്പോള്‍ കാതിനരികിലൂടെ കടന്നുപോയത് ആ ശബ്ദമെന്ന് തിരിച്ചറിഞ്ഞിരിക്കുമോ!
ഇത്തിരിവെള്ളമൊഴിച്ച് തൊണ്ടയെ കുതിര്‍ത്ത് ഞാനൊന്ന് അമ്മയെ വിളിക്കട്ടെ. എന്റെ ശബ്ദം അവിടെ കാണും.

Tuesday, April 28, 2009
ഇരുപത്തിമൂന്ന്
ഒരു കാത്തിരിപ്പ് അവസാനിക്കുന്നതെപ്പോഴാണ്?
കാത്തിരുപ്പിന് അന്ത്യം കുറിച്ച് അവന്‍/അയാള്‍/അവള്‍/അവര്‍ കടന്നുവരുമ്പോളോ?
അല്ലെന്ന് തോന്നുന്നു..
കാത്തിരിക്കുന്നവന്റെ കൈകള്‍, കാലുകള്‍ കുഴഞ്ഞ് കണ്ണടഞ്ഞുപോവുമ്പോള്‍..
ഒരു സമയത്ത് ഈച്ചരവാര്യരുടെ കാത്തിരിപ്പായിരുന്നു മനസ്സിനെയേറെ തൊട്ടത്..
അപ്പോള്‍ ഈ സമയത്ത്? ഒന്നും തൊടാതെ കടന്നുപോവുന്നു.
ഇപ്പോള്‍ ഞാനെന്തിനാണ് കാത്തിരിപ്പിനെ കുറിച്ച് പറയുന്നത്?
ടോക്കണ്‍ നമ്പര്‍ 23 എന്നു വിളിക്കുമ്പോള്‍ എന്റെയീ കാത്തിരിപ്പ് അവസാനിക്കും..
ഞാനിപ്പോള്‍ ഊഴം കാത്തിരിക്കുന്നു..
ഈ മാസത്തെ ടെസ്റ്റ് റിപ്പോര്‍ട്ട് ഫയലില്‍ നിന്ന് ഇടയ്ക്കിടെ എടുത്തുനോക്കി..
നിന്റെ റിപ്പോര്‍ട്ടുകളെല്ലാം വെച്ച് ഒരു ഗ്രാഫ് വരച്ചാ അത് ഓസിലേറ്റ് ചെയ്യും! ഒന്നുകില്‍ ലോ, അല്ലെങ്കില്‍ ഹൈ.. എന്നാണാവോ നീ ഒന്നു നോര്‍മലാവുന്നെ! അവന്‍ മുകളിലേയ്ക്ക് നോക്കി പ്രത്യേകഭാവത്തോടെ ദീര്‍ഘനിശ്വാസം വിട്ടു. പിന്നെയും കാത്തിരിപ്പിന്റെ നിമിഷങ്ങള്‍..
“ആ മിനിട്ട് സൂചി ഒന്ന് കറക്കി വിടാന്‍ തോന്നുന്നു” പെന്‍ഡുലം നിന്നുപോയെങ്കിലും വര്‍ക്ക് ചെയ്യുന്ന ആ വലിയക്ലോക്കില്‍ അവന്‍ മടുപ്പോടെ പറഞ്ഞു..
"എനിക്ക് സമയത്തെ പിടിച്ച് നിര്‍ത്താന്‍ തോന്നിയിരുന്നു. ആ സൂചിയില്‍ പിടിച്ച്" എപ്പോഴെന്നറിയുമോ?”
‘മ്ം എന്നോട് സംസാരിച്ചിരുന്നപ്പോള്‍’ അവന്‍ ചിരിയോടെ
“അല്ലടാ.. രാവിലെ അലാം അടിക്കുന്നേന് തൊട്ടുമുന്‍പേ..“
അരികത്തിരുന്ന പെണ്‍ക്കുട്ടി തല താഴ്ത്തി ചിരിക്കുന്നു. അവന് ഇറിറ്റേഷന്‍ ആയി. അവന്‍ പുറത്തേയ്ക്ക് പോയി..
അവന്‍ നടന്നുപോകുന്ന വഴി എനിക്കിപ്പോള്‍ കാണാന്‍ പറ്റും.
ഇടനാഴിയിലൂടെ നടന്ന് നാലാമത്തെ ഡോറിലൂടെ പുറത്തേയ്ക്ക്.. പുറം ചാരിനില്‍ക്കാന്‍ ആ മാവുതന്നെയായിരിക്കും..
പോക്കറ്റില്‍ നിന്ന് സിഗരറ്റ് എടുത്ത് തീ കൊളുത്തുന്നു. തല ശകലം പൊക്കിപിടിച്ച് മുകളിലോട്ട് പുകയൂതിവിടുന്നു..
ആ പുകചുരുളുകള്‍ മേഘങ്ങളായെന്നവണ്ണം സന്തോഷത്തോടെ അടുത്ത പുകയെടുക്കുന്നു...
എന്റെയരികിലെ ആ പെണ്‍ക്കുട്ടി ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്. എന്റെ നോട്ടം അവളിലേയ്ക്കെത്തുമ്പോളേയ്ക്കും അവള്‍ ദിശ മാറ്റുന്നു.. കള്ളി, നിന്നെ പിടിച്ചിട്ടേയുള്ളു കാര്യം.. അവളെ നോക്കിയരനിമിഷം ഇരുന്നു..
ചിന്തകള്‍ പക്ഷെ വഴിമാറിപോയി.. എന്തൊരു നിശബ്ദതയാണിവിടെ..
രണ്ടു സ്ത്രീകളും ഒരു നഴ്സും ആരേയോ പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ അതിനും ശബ്ദമുള്ളതായി തോന്നിയില്ല. മുന്‍പിലിരിക്കുന്ന പയ്യന്റെ മുഖത്ത് പാട്ട് കേള്‍ക്കുന്ന ഭാവം.. അവന്‍ തലയിളക്കുന്നുണ്ട്..
അപ്പുറത്തിരിക്കുന്ന അപ്പൂപ്പന്‍ പുസ്തകം വായിക്കുന്നു.
നേരം കളയാന്‍ വന്നിരിക്കുന്ന ഭാവം എല്ലാവര്‍ക്കും. ആര്‍ക്കും ധൃതിയില്ല. വേവലാതികളുമില്ല.
ഞാന്‍ ഇരിക്കുന്നതിന്റെ മുകള്‍നിലയിലെവിടേയോ മരണത്തോട് ഏറെയടുത്ത് ഒരാള്‍ കിടപ്പുണ്ട്. കോമയിലാണ്. മെഡിക്കല്‍ negligence. മൂന്നുകൊല്ലമെങ്കിലുമായിക്കാണും. എന്തോ അയാളെ പറ്റിയോര്‍ക്കാന്‍ തോന്നി. ഒന്ന് കാണാന്‍ പോകാമെന്ന് അവനോട് ചോദിച്ചിരുന്നു. “വേണ്ട. നീ പേടിക്കും“ ഇപ്പോള്‍ ഞാന്‍ പേടിക്കുമോ? അറിയില്ല.
അവന്‍ കടന്നു വന്നു. കയ്യില്‍ നിറയെ ചോക്ലേറ്റ്. ഇന്ന് എന്റെ ബര്‍ത്ഡേയാണ് എന്ന് പറഞ്ഞ് എല്ലാവര്‍ക്കും കൊടുക്കുന്നു. നുണയാ. ഗൌരവം വിട്ട് കണ്ണട ഊരിവെച്ച് പുസ്തകം വായിച്ചിരുന്ന അപ്പൂപ്പന്‍ വേഗം ഒരെണ്ണം എടുത്ത് അവനെ നോക്കി ചിരിച്ചു. അങ്കിള്‍ ഡയബെറ്റിക് ആണല്ലെ. അവന്‍ ചോദിക്കുന്നു. അദ്ദേഹം അത് ഒരു ചിരിയോടെ തിരികെകൊടുത്തു. ഒരു ചെറിയ പീസ് പൊട്ടിച്ചെടുത്ത് അവന്‍ പറയുന്നു, ആ.....
“23“ അതാ വെള്ളയുടുപ്പിട്ട മാലാഖയെന്നെ വിളിക്കുന്നു. ഞാന്‍ അകത്തേയ്ക്ക് പോകട്ടെ.

Wednesday, April 15, 2009
ഐ വാണ്ട് എ ചേഞ്ച്
“നമുക്ക് കല്യാണം കഴിക്കാം?”
“അത് ഇപ്പോള്‍ practical അല്ലാന്ന് കുട്ടിയ്ക്കറിഞ്ഞൂടെ?”
“ആം...”
“ഇപ്പോ എന്തെ പ്രത്യേകിച്ചൊരു സ്നേഹം തോന്നാന്‍?”
“അങ്ങനെ പ്രത്യേകിച്ച് സ്നേഹം ഒന്നുല്ല, മടുത്തു. ഐ വാണ്ട് എ ചേഞ്ച്.”
“ഓഹോ. ചേഞ്ചിനാണോ കല്യാണം കഴിക്കുന്നെ?”
“ആം”
“കല്യാണം കഴിഞ്ഞ് എന്നേം മടുക്കില്ലാന്ന് എന്താ ഉറപ്പ്?”
“ഒരു ഉറപ്പുമില്ല”
“അപ്പോ എന്റെ കുട്ടി പോയിട്ട് ഇപ്പൊ ചെയ്യണത് മുഴുവനാക്കുട്ടോ. അങ്ങനിപ്പോ മടുക്കണ്ട. എന്നിട്ട് കല്യാണത്തിനെ പറ്റിയാലോചിക്കാം”
“[പോടാ]“
“#@$#^%$^(&%*&%%“
“%#*%$^(&%^*%*&^“
continuing.........

Friday, February 20, 2009
നമ്മളറിയുന്നതെങ്ങനെ?
കഴിഞ്ഞ ജന്മത്തില്‍ നീയൊരു മുക്കുറ്റി, ഞാന്‍ കാക്കപ്പൊന്ന്
പൊരിവെയിലത്തേക്കെങ്കിലും നിന്നെയിറുത്തെടുത്താരോ പോയി.
ഞാന്‍ പിന്നെയും അവിടെയുണ്ടായിരുന്നു. [വിധി!]
ഈ ജന്മത്തില്‍ നീ, ഞാന്‍ രുദ്ര..
പക്ഷെ നിനക്കും എനിക്കും അനുവദിക്കപ്പെട്ട വൃത്തങ്ങള്‍ കൂട്ടിമുട്ടുന്നതേയില്ല
നമുക്കറിയാതെ പോവാം [ഹഹഹ, ഭാഗ്യം]
അടുത്ത ജന്മത്തില്‍ നീ wall-E* ഞാന്‍ Eve
നീയെന്നെ തേടി വരിക
അല്ലെങ്കില്‍ വേണ്ട, മറിച്ചാവട്ടെ.
ഞാന്‍ നിന്നെ തേടി വരാം. [അയ്യോ..]
99% impurity യുമായി..
* Robots-n-luv

Sunday, February 15, 2009
ആമ
എവിടെയാണ്? ജീവിച്ചിരുപ്പുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ വല്ലപ്പോഴും ഇന്‍ബോക്സില്‍ കാണുമ്പോളാണ് എനിക്ക് ഒരു ബ്ലോഗുണ്ടെന്നും ജീവിച്ചിരിക്കുന്നതിന്റെ തെളിവ് അവിടെയും അവശേഷിപ്പിക്കണമെന്ന തോന്നലുണ്ടാവുന്നത്. ഇപ്പോഴായി, എന്റെ ഉള്ളിലേയ്ക്ക് ഒതുങ്ങുമ്പോള്‍ മുമ്പെന്നുമില്ലാത്ത ഒരു സന്തോഷം. മനപ്പൂര്‍വമല്ലാതെ ദിവസങ്ങള്‍ക്ക് ഒരു ഓര്‍ഡര്‍, ആലോചിക്കുമ്പോള്‍ അത്ഭുതം. വലിച്ചുവാരിയിടാറുള്ള പുസ്തകങ്ങളും സി.ഡി-കളും അലമാരയില്‍ നിന്ന് തള്ളിനില്‍ക്കുന്ന വസ്ത്രങ്ങളും ദിവസങ്ങള്‍ക്ക് മുന്‍പ് പകുതി കടിച്ചുവെച്ച ആപ്പിളും ഒക്കെയായി ആഘോഷിച്ചുപോന്ന ദിവസങ്ങള്‍ കൈമോശം വന്ന പോലെ. ഇപ്പോള്‍ പുസ്തകങ്ങള്‍ക്കും മറ്റുസാധനങ്ങള്‍ക്കും എന്തിന് എനിക്കുവരെ ഈ മുറിയില്‍ സ്ഥാനം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. പുറത്തിപോയിവന്ന് മുഖം കഴുകുമ്പോളത്തെ ഗാര്‍ണിയറിന്റെ ഗന്ധത്തില്‍ മുഖമൂടിയഴിയുന്നതിന്റെ സുഖം. അഴിച്ചിട്ട മുടി തറയില്‍ ചിതറി ഏതോ പാട്ടുകേട്ട് കിടന്ന് സമയം കളയുമ്പോള്‍ വാക്കുകള്‍ കീബോഡിലൂടെ തള്ളിവിടുന്നതിന്റെ ആയാസമില്ല. ഇടയ്ക്ക് മുറിയില്‍ കയറിവരുന്ന സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവെക്കുമ്പോള്‍ നിങ്ങളോട് പറയാന്‍ കഥകളുമില്ല. സമയത്തിന്റെ താളത്തിനൊപ്പം ശ്വാസം വിടുമ്പോള്‍ ‘തേല്‍ കീ ധാരാ ജൈസെ’ എന്ന യോഗാധ്യാപികയുടെ വാക്കുകള്‍. ഒന്നൊഴിയാതെ എല്ലാ ആസനങ്ങള്‍ക്കും ശേഷം തളര്‍ന്നുകിടക്കുമ്പോളെന്റെ മനസ്സില്‍ നീയും നിങ്ങളും വരാറില്ല.
പഴയപുസ്തകങ്ങള്‍ പൊടിതുടച്ച് ഒതുക്കിവെക്കുന്നതിനിടയിലാണ് “ All that is fragile, is held by strength" എന്ന പരസ്യവാചകമുള്ള, ഏട്ടന്റെ ബിസിനസ് വേള്‍ഡില്‍ നിന്ന് വെട്ടിയെടുത്ത ഒരു ചിത്രം കണ്ണില്‍ പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റൂംമേറ്റിനോട് തല്ലുപിടിച്ച് ചുവരില്‍ ഒട്ടിച്ചുവച്ച ചിത്രം. ആ റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങിയപ്പോള്‍ ഇളക്കിയെടുത്ത ഒരേയൊരെണ്ണം. അതിനോട് അന്നുണ്ടായിരുന്ന അതേ സ്നേഹം ഇപ്പോളും. അതാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ ഞാനൊട്ടിച്ചുവെക്കുന്ന ആദ്യത്തെ ചിത്രം. വര്‍ഷങ്ങള്‍ എന്നെ മാറ്റിയെടുത്തെന്ന് അഹങ്കാരത്തോടെ, ചിലപ്പോള്‍ ദു:ഖത്തോടെ കരുതാറുണ്ട്. ആ ചിത്രത്തിലെ മുഖം വര്‍ഷങ്ങള്‍ നേരിയമാറ്റം പോലും എന്നില്‍ വരുത്തിയില്ലെന്ന് പുഞ്ചിരിയോടെ ഓര്‍മ്മിപ്പിക്കുന്നു.
സമയത്തിനൊപ്പം ചെയ്തുതീര്‍ക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍. എല്ലാം കഴിഞ്ഞുറങ്ങാനൊരുങ്ങുമ്പോള്‍ ‘One more fine day' എന്ന് ന്യൂ ഇയറിന് സുഹൃത്ത് സമ്മാനിച്ച ഡയറിയില്‍ കുറിച്ചിടുന്നു. ഒപ്പം മനസ്സില്‍ കുരുങ്ങിനിന്ന എന്തെങ്കിലും. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഡയറിയെഴുതുന്നത്. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഇന്‍സ്പെക്ഷനു വരുന്ന ടീച്ചേര്‍സ് കാണാതെ ഒളിപ്പിച്ചുവെച്ചിരുന്ന ഡയറിയില്‍ മറ്റാര്‍ക്കും കാണിക്കാന്‍ തോന്നാത്ത എന്തൊക്കെയോ ഉണ്ടായിരുന്നു. ഇന്ന് അതില്‍, ചോരയൊലിക്കുന്ന മുറിവുമായി പ്ലാറ്റ്ഫോമില്‍ ഭിക്ഷയ്ക്കിരിക്കുന്ന മനുഷ്യനും ഏതോ ഭിക്ഷാടനലോബിയിലെ അംഗമല്ലെ എന്ന സംശയം, ചുറ്റിലും നടക്കുന്ന ബഹളങ്ങളറിയാതെ പ്രാകൃതവേഷത്തില്‍ ഇരിക്കുന്ന ഒരമ്മയും അമ്മയുടെ തല നോക്കികൊടുക്കുന്ന മകനും, ആ സുഖത്തില്‍ കണ്ണടച്ചിരിക്കുന്ന അമ്മയുടെ സന്തോഷം, റോഡുവികസനത്തിന്റെ ഭാഗമായി വഴിയരുകിലെ അമ്പലം പൊളിക്കേണ്ടതുതന്നെയെന്ന വാദത്തിന് കാതോര്‍ക്കുമ്പോള്‍ ‘വൈസെ തറവാടികള്‍ പോകുന്ന അമ്പലമല്ലല്ലോ’ എന്ന ന്യായീകരണം കേള്‍ക്കുമ്പോളുള്ള അമ്പരപ്പ്.
ഡയറിയിലെ പേജുകള്‍ മറിയുന്നു.. ഓളങ്ങളില്ലാത്ത ഒരു അരുവി ഒഴുകാന്‍ മറക്കുന്നു..

Subscribe to:
Posts (Atom)